ഭോപ്പാല്‍: സമ്പൂര്‍ണ ശുചിത്വമുള്ള രാജ്യം. അതാണ് പ്രധാനമന്ത്രി നരേന്ദ്രമോദി സ്വച്ഛ് ഭാരത് പദ്ധതി കൊണ്ട് ഉദ്ദേശിച്ചത്. എന്നാല്‍ മോദിയുടെ ബിജെപി സര്‍ക്കാര്‍ ഭരിക്കുന്ന മധ്യപ്രദേശില്‍ സ്വച്ഛ് ഭാരതിനു മറ്റൊരു നിര്‍വചനം കൂടിയുണ്ടെന്ന് തെളിയിച്ചിരിക്കുകയാണ് ജനങ്ങള്‍. സെപ്ടിക് ടാങ്ക് ഇല്ലാതെ നിര്‍മിച്ച ശൗചാലയം അടുക്കളയും പലവ്യഞ്ജന കടയുമാക്കിയിരിക്കുകയാണ് ഛത്തര്‍പൂര്‍ ജില്ലയിലെ ആളുകള്‍. കോഡാന്‍ ഗ്രാമത്തിലെ ദിനേശ് യാദവാണ് സെപ്റ്റിക് ടാങ്ക് ഇല്ലാത്തതിനെത്തുടര്‍ന്ന് ശൗചാലയം അടുക്കളയാക്കിയത്. പ്രാഥമിക കൃത്യങ്ങള്‍ ചെയ്യുന്നതിന് തങ്ങള്‍ ഇപ്പോഴും പുറത്താണ് പോകുന്നതെന്ന് ദിനേശ് യാദവിന്റെ ഭാര്യ സുശീല പറഞ്ഞു. ശൗചാലം നിര്‍മിക്കുന്നതിന് പണം ബാങ്ക് അക്കൗണ്ടില്‍ കൃത്യമായി വന്നിരുന്നു. അത് അക്കൗണ്ടില്‍ നിന്ന് പിന്‍വലിച്ച് ഗ്രാമമുഖ്യന് നല്‍കി. എന്നാല്‍ ശൗചാലയ നിര്‍മാണം ഇതുവരെ പൂര്‍ത്തിയായിട്ടില്ലെന്ന് സുശീല പറഞ്ഞു.
ദേരി റോഡ് സ്വദേശി ലക്ഷ്മണ്‍ കുഷ്‌വാഹ് ആകട്ടെ ശൗചാലയം സ്വന്തം വരുമാനമാര്‍ഗമാക്കിയിരിക്കുകയാണ്. ശൗചാലയത്തില്‍ പലവ്യഞ്ജന കട തുടങ്ങിയാണ് ലക്ഷ്മണ്‍ തന്റെ കച്ചവട പ്രാവീണ്യം തെളിയിച്ചത്. കരാറുകാരന്‍ സെപ്റ്റിക് ടാങ്ക് നിര്‍മിച്ചു നല്‍കാതെ മുങ്ങിയതോടെ ശൗചാലയം പലചരക്ക് കടയാക്കി മാറ്റുകയായിരുന്നുവെന്ന് ലക്ഷ്മണ്‍ കുഷ്‌വാഹ പറഞ്ഞു. സംഭവം വാര്‍ത്തയായതോടെ അധികൃതര്‍ അഡീഷണല്‍ ജില്ലാ മജിസ്‌ട്രേറ്റ് ഡി.കെ മൗര്യയോട് വിശദീകരണം തേടിയിട്ടുണ്ട്. ഗ്രാമീണര്‍ ശൗചാലയം രൂപമാറ്റം വരുത്തിയതിന്റെ കാരണം അന്വേഷിക്കുമെന്ന് ഡി.കെ മൗര്യ പറഞ്ഞു. ഒക്ടോബറോടെ ജില്ലയെ തുറസ്സായ വിസര്‍ജ്ജന വിമുക്ത ഇടമായി പ്രഖ്യാപിക്കാനിരിക്കെയാണ് പുതിയ വാര്‍ത്തകള്‍ പുറത്തുവന്നത്. ഗ്രാമീണ മേഖലയില്‍ നിര്‍മിക്കാന്‍ ലക്ഷ്യമിട്ട 1.96 ലക്ഷം ശൗചാലയങ്ങളില്‍ 55000 എണ്ണം ഇതിനകം നിര്‍മിച്ചിതായി മൗര്യ പറഞ്ഞു.
മഹാത്മാ ഗാന്ധിയുടെ 150-ാം ജന്മവാര്‍ഷികമായ 2019 ഒക്ടോബര്‍ രണ്ടിന് രാജ്യത്തെ സമ്പൂര്‍ണ തുറസ്സായ മലമൂത്ര വിസര്‍ജ്ജ വിമുക്ത ഇടമായി പ്രഖ്യാപിക്കുകയെന്ന ലക്ഷ്യത്തോടെയാണ് മോദി സര്‍ക്കാര്‍ സ്വച്ഛ്ഭാരത് അഭിയാന്‍ പദ്ധതി പ്രഖ്യാപിച്ചത്. എന്നാല്‍ പദ്ധതി പൂര്‍ണമായും ജനങ്ങളിലേക്ക് എത്തിയിട്ടില്ലെന്നാണ് പരക്കെയുള്ള ആക്ഷേപം.