X

രണ്ടാമൂഴം തുടങ്ങി; മോദിക്കൊപ്പം അമിത്ഷാ, സുഷമാ സ്വരാജില്ല

സ്വന്തം ലേഖകന്‍
ന്യൂഡല്‍ഹി പ്രധാനമന്ത്രി പദത്തില്‍ നരേന്ദ്രമോദിക്ക് രണ്ടാമൂഴം. രാഷ്ട്രപതി ഭവന്‍ അങ്കണത്തില്‍ നടന്ന പ്രൗഢമായ ചടങ്ങില്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദ് മുമ്പാകെ സത്യവാചകം ചൊല്ലി നരേന്ദ്രമോദി ഒരിക്കല്‍കൂടി ഇന്ത്യയുടെ പ്രധാനമന്ത്രിയായി അധികാരമേറ്റു. മോദിക്കൊപ്പം ബി.ജെ.പി ദേശീയ പ്രസിഡണ്ട് അമിത് ഷാ ഉള്‍പ്പെടെ 57 പേരാണ് മന്ത്രിസഭാംഗങ്ങളായി ചുമതലയേറ്റത്.
ആറായിരത്തിലധികം ക്ഷണിക്കപ്പെട്ട അതിഥികള്‍ക്ക് മുമ്പിലായിരുന്നു സത്യപ്രതിജ്ഞാ ചടങ്ങ്. ബിംസ്റ്റെക് രാഷ്ട്ര തലവന്മാരും എല്‍.കെ അദ്വാനി ഉള്‍പ്പെടെയുള്ള മുതിര്‍ന്ന ബി.ജെ.പി നേതാക്കളും വിവിധ സംസ്ഥാന മുഖ്യമന്ത്രിമാരും കക്ഷി നേതാക്കളും ചടങ്ങിനെത്തി. മുന്‍ പ്രധാനമന്ത്രി ഡോ.മന്‍മോഹന്‍ സിങ്, യു.പി. എ അധ്യക്ഷ സോണിയാഗാന്ധി, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, സമാജ് വാദി പാര്‍ട്ടി നേതാവ് മുലായംസിങ് യാദവ് തുടങ്ങി നേതാക്കളുടെ വലിയ നിര ചടങ്ങിന് സാക്ഷിയാകാന്‍ എത്തിയിരുന്നു. അതേസമയം പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, കേരള മുഖ്യമന്ത്രി പിണറായി വിജയന്‍, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി, തെലുങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവു തുടങ്ങിയവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍നിന്ന് വിട്ടുനിന്നു.
രാഷ്ട്രീയ കൊലപാതകങ്ങള്‍ സംബന്ധിച്ച ബി.ജെ.പിയുടെ നുണപ്രചാരണത്തില്‍ പ്രതിഷേധിച്ച് ചടങ്ങില്‍ പങ്കെടുക്കില്ലെന്ന് മമതാ ബാനര്‍ജി കഴിഞ്ഞ ദിവസം തന്നെ വ്യക്തമാക്കിയിരുന്നു. സത്യപ്രതിജ്ഞാ ചടങ്ങിനെത്തുമെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി വ്യക്തമാക്കിയിരുന്നു. എന്നാല്‍ വൈകീട്ട് 3.30ന് ശേഷം ഡല്‍ഹി വിമാനത്താവളത്തില്‍ തന്റെ പ്രത്യേക വിമാനത്തിന് ലാന്റിങ് അനുമതി നിഷേധിച്ചതിനാല്‍ അവസാന നിമിഷം ഡല്‍ഹി യാത്ര റദ്ദാക്കുകയായിരുന്നു. ആന്ധ്രാ മുഖ്യമന്ത്രിയായി ജഗന്‍മോഹന്‍ റെഡ്ഡി ഇന്നലെ കാലത്താണ് സത്യപ്രതിജ്ഞ ചെയ്തത്.
മന്ത്രിസഭാ പ്രാതിനിധ്യം സംബന്ധിച്ച തര്‍ക്കത്തെതുടര്‍ന്ന് എന്‍.ഡി.എയിലെ രണ്ടാമത്തെ വലിയ ഘടകകക്ഷിയായ ജെ. ഡി.യു മന്ത്രിസഭയില്‍ ചേരാന്‍ വിസമ്മതിച്ചത് അവസാന നിമിഷം ചടങ്ങിന് കല്ലുകടിയായി. സത്യപ്രതിജ്ഞാ ചടങ്ങിന് ഒരു മണിക്കൂര്‍ മുമ്പാണ് ജെ.ഡി.യു പിന്മാറ്റം പ്രഖ്യാപിച്ചത്. ഒന്നാം നരേന്ദ്രമോദി സര്‍ക്കാറില്‍ ഏറ്റവും മികച്ച പ്രകടനം കാഴ്ചവെച്ച വിദേശകാര്യമന്ത്രി സുഷമാ സ്വരാജിന് രണ്ടാമൂഴത്തില്‍ ഇടം ലഭിക്കാതിരുന്നതും ശ്രദ്ധേയമായി. ധനമന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി ആരോഗ്യ പ്രശ്‌നങ്ങളെതുടര്‍ന്ന് നേരത്തെതന്നെ മന്ത്രിസഭയിലേക്കില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇരുവര്‍ക്കും പുറമെ വ്യോമയാനാ മന്ത്രിയായിരുന്ന സുരേഷ് പ്രഭു, വനിതാ ശിശുക്ഷേമ വകുപ്പ് മന്ത്രിയായിരുന്ന മനേകാ ഗാന്ധി എന്നിവരേയും രണ്ടാമൂഴത്തില്‍ ഉള്‍പ്പെടുത്തിയില്ല. ഇതില്‍ മനേകാ ഗാന്ധിയെ പ്രോടേം സ്പീക്കറാക്കിയേക്കുമെന്ന് സൂചനയുണ്ട്.


വൈകീട്ട് ഏഴു മണിക്കാണ് നരേന്ദ്രമമോദി സത്യവാചകം ചൊല്ലി അധികാരമേറ്റത്. രാജ്‌നാഥ് സിങ് ആണ് തൊട്ടു പിന്നാലെ സത്യപ്രതിജ്ഞ ചെയ്തത്. മൂന്നാമതായിരുന്നു ബി.ജെ.പി അധ്യക്ഷന്‍ അമിത് ഷായുടെ സത്യപ്രതിജ്ഞ. നിതിന്‍ ഗഡ്കരി, നിര്‍മ്മലാ സീതാരാമന്‍ എന്നിവരും തുടര്‍ന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ഘടകകക്ഷികളില്‍നിന്ന് എല്‍.ജെ.പി നേതാവ് രാംവിലാസ് പസ്വാന്‍ ആണ് ആദ്യം സത്യപ്രതിജ്ഞ ചെയ്തത്. എസ്.എ.ഡി അംഗവും ഘടകകക്ഷികളുടെ ഏക വനിതാ മന്ത്രിയുമായ ഹര്‍സിമ്രത് കൗര്‍ ബാദലിനായിരുന്നു അടുത്ത ഊഴം. കേരളത്തില്‍നിന്ന് ബി.ജെ.പി മുന്‍ സംസ്ഥാന അധ്യക്ഷന്‍ വി മുരളീധരനും കേന്ദ്രമന്ത്രിഭയില്‍ ഇടംപിടിച്ചു. ഒന്നര മണിക്കൂറോളം നീണ്ടുനിന്ന ചടങ്ങുകള്‍ക്ക് ദേശീയ ഗാനത്തോടെയാണ് കൊടിയിറങ്ങിയത്.
25 പേര്‍ക്കാണ് രണ്ടാം മോദി മന്ത്രിസഭയില്‍ ക്യാബിനറ്റ് പദവിയുള്ളത്. ഒമ്പതുപേര്‍ സ്വതന്ത്ര ചുമതയലുള്ള സഹമന്ത്രിമാരും മറ്റുള്ളവര്‍ സഹമന്ത്രിമാരുമായിരിക്കും. പുതിയ മന്ത്രിമാരുടെ വകുപ്പുകള്‍ ഏതെല്ലാമെന്ന് പിന്നീടേ വ്യക്തമാകൂ. രാഷ്ട്രപതി ഭവന്റെ ചരിത്രത്തിലെ ഏറ്റവും ജനപങ്കാളിത്തമുള്ള ചടങ്ങിന് വന്‍ സുരക്ഷാ ക്രമീകരണങ്ങളാണ് ഒരുക്കിയിരുന്നത്. സത്യപ്രതിജ്ഞാ ചടങ്ങിനു മുന്നോടിയായി നരേന്ദ്രമോദിയുടേയും അമിത് ഷായുടേയും നേതൃത്വത്തില്‍ നേതാക്കളും എം.പിമാരും മഹാത്മാഗാന്ധിയുടെ സ്മൃതികൂടീരമായ രാജ്ഘട്ടിലും മുന്‍ പ്രധാനമന്ത്രി എ.ബി വാജ്‌പേയിയുടെ സ്മൃതികൂടീരത്തിലും പുതുതായി പണികഴിപ്പിച്ച ഡല്‍ഹിയിലെ യുദ്ധ സ്മാരകത്തിലും പുഷ്പാര്‍ച്ചന നടത്തി.

chandrika: