സംസ്ഥാനത്തെ എൺപതോളം കള്ളുഷാപ്പുകൾ ബെനാമികളെവച്ച് നടത്തിയ ഷാപ്പ് ഉടമയുടെ പണമിടപാടുകൾ അന്വേഷിക്കാതെ ആഭ്യന്തരവകുപ്പ് ഒളിച്ചുകളിക്കുന്നതായി ആരോപണം.ചാലക്കുടി സ്വദേശിയായ ഷാപ്പ് കോൺട്രാക്ടർ പഞ്ചാബിലെ മധ്യ നിർമാണ കമ്പനിയുമായി നടത്തിയ 35 ലക്ഷം രൂപയുടെ ഇടപാടാണ് അന്വേഷണമില്ലാതെ കിടക്കുന്നത്.ഇത് അന്വേഷിക്കണമെന്നാവശ്യപ്പെട്ട് എക്സൈസ് കമ്മിഷണർ ആഭ്യന്തര വകുപ്പിനു കത്തു നൽകിയിരുന്നു.എന്നാൽ ഒരു മാസമായിട്ടും അന്വേഷണത്തിനായി ആരെയും ചുമതലപ്പെടുത്തിയിട്ടില്ല. ഇയാളുടെ മദ്യ വിതരണ കമ്പനികളുമായി ബന്ധപ്പെട്ട പണമിടപാടുകളെ കുറിച്ചും എക്സൈസ് വകുപ്പിന് വിവരം ലഭിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട എക്സൈസ് കമ്മിഷണറുടെ കത്താണ് ആഭ്യന്തര വകുപ്പ് അവഗണിച്ചിരിക്കുന്നത്.
മാവേലിക്കര, നൂറനാട്, കായംകുളം, ശാസ്താംകോട്ട, വാടാനപ്പള്ളി, നെയ്യാറ്റിൻകര റേഞ്ചുകളിലായി 12 ഗ്രൂപ്പുകളിലെ എൺപതോളം ഷാപ്പുകളുടെ ലൈസൻസാണു ബെനാമി ഇടപാട് കണ്ടെത്തി എക്സൈസ് റദ്ദാക്കിയത്.തൊഴിലാളികൾക്കു നടത്താൻ അനുവദിച്ച ചെങ്ങന്നൂർ റേഞ്ചിലെ ഷാപ്പുകൾ മറിച്ചുകൊടുക്കാൻ ഇടപെട്ടതും തൊഴിലാളി നേതാക്കൾ തന്നെയാണ്. തൊഴിലാളികളെ ഏൽപിച്ച ഷാപ്പുകൾ മറിച്ചുകൊടുക്കുന്നതു നിയമവിരുദ്ധമായിരിക്കെയാണ് ഇതിനു രേഖയുമുണ്ടാക്കിയിരിക്കുന്നത്.