ഇന്നത്തെ ചോദ്യപേപ്പറും ചോര്‍ന്നതായി സംശയം; മുപ്പത്തിരണ്ട് മാര്‍ക്കിന്റെ ചോദ്യങ്ങള്‍ എം.എസ് സൊല്യൂഷന്‍സിന്റെ ക്ലാസില്‍

ഇന്ന് നടന്ന പത്താംക്ലാസ് കെമസ്ട്രി പരീക്ഷയുടെ ചോദ്യപേപ്പറും ചോര്‍ന്നതായി സംശയം. 32 മാര്‍ക്കിന്റെ ചോദ്യങ്ങളും എം.എസ് സൊല്യൂഷന്‍സിന്റെ ഇന്നലത്തെ ക്ലാസിലേതെന്ന് സ്‌കൂള്‍ അധ്യാപകര്‍ അറിയിച്ചു.

ഇന്നലെ എസ്എസ്എല്‍സി കെമിസ്ട്രി പരീക്ഷയ്ക്കുള്ള സാധ്യത ചോദ്യങ്ങള്‍ സംബന്ധിച്ച് ക്ലാസ് നടന്നിരുന്നു. എട്ടു മണിയോടെ സിഇഒ ഷുഹൈബാണ് ലൈവ് വീഡിയോയുമായി ചാനലില്‍ എത്തിയത്. 1500 രൂപ നല്‍കിയവരെ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാക്കിയിരുന്നു. ഈ വാട്‌സ്ആപ്പ് ഗ്രൂപ്പിലാണ് ചോദ്യപേപ്പര്‍ കൂടുതലായി ചര്‍ച്ച ചെയ്യുന്നത്. ഇതില്‍ 32 മാര്‍ക്കിനുള്ള ചോദ്യങ്ങള്‍ പരീക്ഷയില്‍ ഉണ്ടായിരുന്നു.

വിഷയത്തില്‍ കെഎസ്യു കോഴിക്കോട് ജില്ലാ പ്രസിഡന്റ് സൂരജ് വിദ്യാഭ്യാസ മന്ത്രിക്ക് പരാതി നല്‍കുമെന്ന് വ്യക്തമാക്കി. ക്രിസ്മസ് പരീക്ഷാ ചോദ്യപേപ്പര്‍ ചോര്‍ച്ചയില്‍ വിശദമായ അന്വേഷണത്തിന് ഒരുങ്ങുകയാണ് ക്രൈംബ്രാഞ്ച്.

ആരോപണ വിധേയനായ സിഇഒ ഷുഹൈബിന്റെ മൊഴി ഉടന്‍ രേഖപ്പെടുത്തും. ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളില്‍ വന്ന സാധ്യതാ ചോദ്യങ്ങള്‍ നോക്കിയാണ് വീഡിയോ തയ്യാറാക്കിയതെന്നാണ് ഇദ്ദേഹം പറയുന്നത്.

വിഷയത്തില്‍ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങി. എസ്.എസ്.എല്‍.സി. ഇംഗ്ലീഷ്, പ്ലസ് വണ്‍ ഗണിതം പരീക്ഷകളുടെ ചോദ്യങ്ങളാണ് ക്രിസ്മസ് പരീക്ഷയ്ക്ക് മുമ്പ് യൂട്യൂബ് ചാനലിലൂടെ പുറത്ത് വന്നത്.

 

webdesk17:
whatsapp
line