കൊച്ചി: സംസ്ഥാനത്ത് തുടര്‍ച്ചയായ മൂന്നാം ദിവസും സ്വര്‍ണവില ഇടിഞ്ഞു. ഇന്ന് 480 രൂപ കുറഞ്ഞതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 36,720 ആയി താഴ്ന്നു. മൂന്ന് ദിവസം കൊണ്ട് 1500 ഓളം രൂപയാണ് കുറഞ്ഞത്. ഡോളര്‍ ശക്തിയാര്‍ജ്ജിക്കുന്നത് ഉള്‍പ്പെടെയുളള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
ചൊവ്വാഴ്ച രണ്ടു തവണകളായി 760 രൂപയാണ് കുറഞ്ഞത്. ഇന്നലെ 200 രൂപ താഴ്ന്നു. ഇന്നത്തെ ഇടിവോടെ മൂന്ന് ദിവസത്തിനിടെ 1440 രൂപയുടെ കുറവാണ് സ്വര്‍ണവിലയില്‍ ഉണ്ടായത്. ഗ്രാമിന്റെ വിലയിലും കുറവുണ്ട്. 60 രൂപയുടെ കുറവോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 4590 രൂപയായി.
ഈ മാസത്തിന്റെ തുടക്കത്തില്‍ 37800 രൂപയായിരുന്നു ഒരു പവന്‍ സ്വര്‍ണത്തിന്റെ വില. ഒരു ഘട്ടത്തില്‍ 38,160 എന്ന ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിലവാരത്തില്‍ സ്വര്‍ണവില എത്തിയിരുന്നു. തുടര്‍ന്നായിരുന്നു തുടര്‍ച്ചയായുളള ഇടിവ്. ആഗോള തലത്തില്‍ സാമ്പത്തിക രംഗത്ത് ഉണ്ടാകുന്ന മാറ്റമാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.