X

ഇന്നത്തെ വിവാദ സില്‍വര്‍ സംവാദം-പി. ഇസ്മായില്‍ വയനാട്‌

സില്‍വര്‍ ലൈന്‍ പദ്ധതിക്കെതിരായി ഉയര്‍ന്നിട്ടുളള എതിര്‍ ശബ്ദം കേള്‍ക്കാന്‍ തയ്യാറാണെന്ന തോന്നല്‍ സൃഷ്ടിച്ച് സര്‍ക്കാര്‍ പ്രഖ്യാപിച്ച കെ റെയില്‍ സംവാദം ഏകപക്ഷീയ നിലപാടു മൂലം വിവാദമായിരിക്കുകയാണ്. ജനരോഷം തണുപ്പിക്കാന്‍ വഴി തേടുന്നതിന്റെ ഭാഗമായിട്ടാണ് പരസ്യ സംവാദം എന്ന ആശയം സര്‍ക്കാര്‍ മുന്നോട്ട് വെച്ചത്. കെ റെയിലിനെ അനുകൂലിക്കുന്നവരും പ്രതികൂലിക്കുന്നവരുമായ മൂന്ന് പേരടങ്ങുന്ന രണ്ട് പാനലുകള്‍ പ്രഖ്യാപിച്ച് ഏപ്രില്‍ 28 ന് തിരുവനന്തപുരം താജ് വിവാന്തയില്‍ സംവാദം നടത്താനായിരുന്നു തീരുമാനിച്ചത്.

എതിര്‍ പാനലില്‍ തീരുമാനിച്ച വരെ വെട്ടി നിരത്തിയും ക്ഷണക്കത്തില്‍ പദ്ധതിയെ പുകഴ്ത്തിയും സര്‍ക്കാരാണ് സെല്‍ഫ് ഗോളടിച്ചത്. റെയില്‍വേ ബോര്‍ഡ് ടെക്‌നിക്കല്‍ അംഗവും മധ്യറെയില്‍വേ മാനേജറുമായ സുബോധ് കാന്ത് ജെയിന്‍, ട്രാവന്‍ഡ്രം ചേംബര്‍ ഓഫ് കൊമേഴ്‌സ് പ്രസിഡണ്ട് എസ്.എന്‍ രഘുചന്ദ്രന്‍ നായര്‍. സാങ്കേതിക സര്‍വകലാശാല മുന്‍ വി.സി ഡോ.കുറിഞ്ചിയ പി.ഐസക്ക് എന്നിവരാണ് കെ റെയില്‍ അനുകൂല പാനലില്‍ അന്തിമ ലിസ്റ്റിലുള്ളത്. സിസ്ട്ര മുന്‍ ഡപ്യൂട്ടി ഡയറക്ടറും ഇന്ത്യന്‍ റെയില്‍വേ റിട്ടേഡ് ചീഫ്
എഞ്ചിനീയറുമായ അലോക് വര്‍മ, ശാസ്ത്ര സാഹിത്യ പരിഷത്തിന്റെ മുന്‍ നിര നേതാവ് ആര്‍.വി.ജി മേനോന്‍, സാമൂഹിക നീരിക്ഷകനും ഐ.ടി വിദഗ്ധനുമായ ജോസഫ് സി മാത്യു എന്നിവരാണ് എതിര്‍ പാനലില്‍ നേരത്തെ നിശ്ചയിച്ചിരുന്നത്.

അലോക് വര്‍മയുടെ നേതൃത്വത്തിലായിരുന്നു അര്‍ധ അതിവേഗ റെയില്‍വേക്കായി ആദ്യ പഠനം നടത്തിയത്. ഇന്ത്യന്‍ റെയില്‍വേയുടെ ബ്രോഡ്‌ഗേജ് രീതിക്ക് പകരം സ്റ്റാന്‍ഡേര്‍ഡ് ഗേജ് പദ്ധതി ഗുണകരമാവില്ലന്ന് അലോക് വര്‍മ റിപ്പോര്‍ട്ട് നല്‍കിയിരുന്നു. ജിയോളജിക്കല്‍ സര്‍വേ നടന്നിട്ടില്ലന്നും തട്ടി കൂട്ട് ഡി പി .ആറാണെന്നും അദ്ധേഹം കുറ്റപ്പെടുത്തിയിരുന്നു. തന്റെ വാദങ്ങള്‍ പറയാന്‍ മുഖ്യമന്ത്രിയുമായി കൂടികാഴ്ച്ചക്ക് അലോക് വര്‍മ പല കുറി അവസരം തേടിയിരുന്നു. മുഖ്യമന്ത്രി ചുമതലപെടുത്തുന്ന ഉദ്യോഗസ്ഥനുമായി സംസാരിക്കാനും തയ്യാറാണെന്ന് അറിയിച്ചിട്ടും അനുമതി നല്‍കിയിരുന്നില്ല. സര്‍ക്കാര്‍ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉയര്‍ന്നതോടെയാണ് അലോക് വര്‍മയെ സംവാദത്തിന് ക്ഷണിച്ചത്. കെ റെയില്‍ അധികൃതരാണ് അദ്ധേഹത്തിന് കത്തയച്ചത്. സര്‍ക്കാരാണ് സംവാദം നടത്തേണ്ടതെന്നും ചീഫ് സെക്രട്ടറിയോ സര്‍ക്കാര്‍ പ്രതിനിധിയോ സംവാദത്തിലേക്ക് ക്ഷണിച്ചാല്‍ മാത്രമേ പങ്കെടുക്കാനാവുകയുള്ളൂവെന്നും കത്തിലെ കെ റെയില്‍ മഹാത്മ്യത്തില്‍ നീരസം അറിയിച്ചും ചീഫ് സെക്രട്ടറിക്ക് അലോക് വര്‍മ കത്തയച്ചിട്ടും എതിര്‍ ശബ്ദം കേള്‍ക്കാന്‍ കൊതിക്കുന്നവര്‍ എന്തേ സാമാന്യ രീതിയില്‍ മറുപടി നല്‍കാന്‍ തയ്യാറാവാത്തെന്ന കാര്യം ജനങ്ങളോട് തുറന്നു പറയേണ്ടതുണ്ട്.

സില്‍വര്‍ ലൈന്‍ സംവാദത്തില്‍ എതിര്‍ത്തു സംസാരിക്കാനായി ക്ഷണിച്ച ജോസഫ് സി മാത്യൂവിനെ വ്യക്തമായ ഒരു കാരണവും പറയാതെയാണ് അവസാന നിമിഷം പാനലില്‍ നിന്ന് നീക്കിയത്. പ്രളയ സാധ്യത, പരിസ്ഥിതി ചൂഷണം തുടങ്ങിയ കാര്യങ്ങളെ കുറിച്ചാണ് താന്‍ സംസാരിക്കാന്‍ ഉദ്ദേശിച്ചതെന്ന് അദ്ധേഹം മാധ്യമ പ്രവര്‍ത്തകരോട് വ്യക്തമാക്കിയത്. അധിക ട്രയിനുകളും ഓരോ സ്‌റ്റോപ്പിലും 8 മിനുട്ടാണ് ചിലവഴിക്കുന്നതെന്നും സ്‌റ്റോപ്പുകളുടെ എണ്ണം കുറച്ചാല്‍ സില്‍വര്‍ ലൈന്റെ വേഗതയോട് അടുത്തെത്താന്‍ സാധിക്കുമെന്നിരിക്കെ കോടികള്‍ ചില വഴിക്കേണ്ട ആവശ്യമില്ലന്ന വാദമാണ് ജോയി ജോസഫ് ഉയര്‍ത്തുന്നത്. വേഗം വര്‍ധിപ്പികാനായി ഗേജ് കുറക്കുന്നത് അശാസ്ത്രീയമാണെന്നും സില്‍വര്‍ ലൈനില്‍ ചരക്കു നീക്കം സാധ്യമല്ലന്നുമുളള ജോയി ജോസഫിന്റെ വാദത്തിന് മുന്നില്‍ ഉത്തരം മുട്ടുമെന്നതിനാലാണ് സര്‍ക്കാര്‍ മലക്കം മറിഞത്. ഇരകള്‍ക്ക് വേണ്ടി സംസാരിക്കുന്നവരെ പരിഹസിക്കുന്ന പിണറായി കുടിയിറക്കുന്ന വര്‍ക്കായി എ.കെ.ജി നടത്തിയ സമരങ്ങളെ കൂടിയാണ് തള്ളി പറയുന്നത്. രണ്ട് പേര്‍ പിന്‍മാറിയിട്ടും പകരക്കാരെ വെക്കാതെയുളള സംവാദത്തെ പൗര പ്രമുഖ നാടകത്തിന്റെ രണ്ടാം എപ്പിസോഡായിട്ടാണ് പൊതു സമൂഹം കാണുന്നത്. വാദിക്കാനും ജയിക്കാനുമല്ല അറിയാനും അറിയിക്കാനും വേണ്ടി എന്ന ശ്രീ നാരായണ ഗുരുവിന്റെ ആപ്തവാക്യമാണ് ഇന്നെത്തെ സംവാദത്തിന്റെ ശീര്‍ഷകം. എതിര്‍ ശബ്ദങ്ങള്‍ സുരക്ഷാ വാല്‍വുകളായി കേള്‍ക്കാന്‍ കഴിയാത്തവര്‍ക്കും സംവാദങ്ങളെപ്പോലും ഏക പക്ഷീയമാക്കി മാറ്റുന്നവര്‍ക്കും ഗുരുവിന്റെ ആപ്തവാക്യം ഉരുവിടാന്‍ ധാര്‍മികമായി അവകാശമില്ല.

Chandrika Web: