ഫെബ്രുവരി 29 ഡല്‍ഹി ചലോ മാര്‍ച്ച് ഉണ്ടാകില്ലെന്ന് കര്‍ഷക സംഘനകള്‍. അതുവരെ സമാധാനപരമായി സമരം ചെയ്യാനാണ് തീരുമാനമെന്ന് കര്‍ഷക സംഘടനകള്‍ അറിയിച്ചു. ഇതിന്റെ ഭാഗമായി ഇന്ന് ഡല്‍ഹി അതിര്‍ത്തിയില്‍ മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കാന്‍ കര്‍ഷക സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.
ഫെബ്രുവരി 29 വരെ ശംഭു, ഖനൗരി അതിര്‍ത്തികളില്‍ തന്നെ തുടരുമെന്ന് പ്രതിഷേധങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കിസാന്‍ മോര്‍ച്ചയും, കിസാന്‍ മസ്ദൂര്‍ മോര്‍ച്ചയും അറിയിച്ചു. 29 വരെ നടക്കുന്ന പരിപാടികളെ കുറിച്ചും നേതാക്കള്‍ അറിയിച്ചിട്ടുണ്ട്. അതിര്‍ത്തികളില്‍ ഇന്ന് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുമെന്നും ഫെബ്രുവരി 26ന് ലോക വ്യാപാര സംഘടനകളുടെയും മന്ത്രിമാരുടെയും കോലം കത്തിക്കുമെന്നും നേതാക്കള്‍ അറിയിച്ചു. കര്‍ഷക സംഘടനകളുടെ നേതൃത്വത്തില്‍ വിവിധ സെമിനാറുകളും ഈ ദിവസങ്ങളില്‍ നടക്കുമെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതിഷേധം വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി വെള്ളിയാഴ്ച കര്‍ഷകര്‍ ചേര്‍ന്ന് പ്രധാനമന്ത്രിയുടെയും മറ്റ് 4 മന്ത്രിമാരുടെയും കോലം കത്തിച്ചിരുന്നു. പഞ്ചാബ് അതിര്‍ത്തികളിള്‍ ട്രാക്ടറുകകളില്‍ സംഘടിച്ച കര്‍ഷകര്‍ കരിങ്കൊടി പ്രതിഷേധവും നടത്തി.
ഖനൗരിയില്‍ നടന്ന കര്‍ഷക പ്രതിഷേധത്തില്‍ ഒരു യുവ കര്‍ഷകന്‍ മരണപ്പെട്ടതിന് പിന്നാലെയാണ് മാര്‍ച്ച് 2 ദിവസത്തേക്ക് നിര്‍ത്തി വെക്കാന്‍ തീരുമാനിച്ചത്. ശുഭ്കരന്‍ സിങ് എന്ന 21കാരനാണ് കൊല്ലപ്പെട്ടത്. ശുഭ്കരന്‍ സിങിന്റെ മരണത്തില്‍ ഹരിയാന പൊലീസിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കര്‍ഷകര്‍ ആവശ്യപ്പെട്ടു.
അദ്ദേഹത്തിന് നീതി നല്‍കുന്നതിനോടൊപ്പം ശുഭ്കരനെ കര്‍ഷക സമരത്തിന്റെ രക്തസാക്ഷിയായി പ്രഖ്യാപിക്കണമെന്നും നേതാക്കള്‍ സര്‍ക്കാരിനോട് പറഞ്ഞു. അതിനിടെ, കര്‍ഷകരുമായി ചര്‍ച്ച നടത്തുന്നതിന് കേന്ദ്ര മന്ത്രിമാരുടെ മൂന്നംഗ സമിതി രൂപീകരിക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ പറഞ്ഞു.
സമരം ചെയ്യുന്നതിനുള്ള കര്‍ഷകരുടെ ജനാധിപത്യാവകാശം കേന്ദ്ര സര്‍ക്കാര്‍ ലംഘിക്കുകയാണെന്ന് ആരോപിച്ച് സിഖ് ചേംബര്‍ ഓഫ് കൊമേഴ്സ് മാനേജിങ് ഡയറക്ടര്‍ അഗ്‌നോസ്റ്റോസ് തിയോസ് കഴിഞ്ഞ ദിവസം സുപ്രീം കോടതിയില്‍ ഹരജി സമര്‍പ്പിച്ചിരുന്നു.