X

ഇന്നറിയാം ഐപിഎല്‍ ഫൈനലിലെ രണ്ടാം ടീമിനെ

ഷാര്‍ജ:ഇന്നറിയാം ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റ് ഫൈനലിലെ രണ്ടാം ടീമിനെ. ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ വെള്ളിയാഴ്ച്ച നടക്കുന്ന അങ്കത്തില്‍ ആര് കളിക്കുമെന്നറിയാനുള്ള അങ്കത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സും കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സുമാണ് ഇന്ന് നേര്‍ക്കുനേര്‍. ആദ്യ ക്വാളിഫയറില്‍ മഹേന്ദ്രസിംഗ് ധോണി മാജിക്കില്‍ ചെന്നൈയോട് അവസാന ഓവറില്‍ തല താഴ്ത്തിയവരാണ് ഡല്‍ഹി. കൊല്‍ക്കത്തയാവട്ടെ അവസാന ഓവര്‍ ആവേശത്തില്‍ വിരാത് കോലി നയിച്ച ബാംഗ്ലൂര്‍ റോയല്‍ ചാലഞ്ചേഴ്‌സിനെ വീഴ്ത്തിയവര്‍.

ഷാര്‍ജയിലെ ട്രാക്ക് തന്നെയാണ് രണ്ട് ടീമുകള്‍ക്കും പേടി. മുമ്പെല്ലാം വലിയ സ്‌ക്കോര്‍ മല്‍സരങ്ങള്‍ നടന്ന വേദിയാണ് ഷാര്‍ജ. പക്ഷേ ഇപ്പോള്‍ സ്പിന്നര്‍മാര്‍ക്ക് അനുകൂലമായി പിച്ച് ടേണ്‍ ചെയ്യുന്നതോടെ ടോസ് തന്നെ വലിയ പ്രശ്‌നം. കൊല്‍ക്കത്തക്കെതിരായ പോരാട്ടത്തില്‍ കോലിക്കായിരുന്നു ടോസ്. അദ്ദേഹം ബാറ്റിംഗിന് തീരുമാനിച്ചു. നല്ല തുടക്കത്തിന് ശേഷം പക്ഷേ ടീം തകര്‍ന്നു. എബി ഡി വില്ലിയേഴ്‌സും ഗ്ലെന്‍ മാക്‌സ്‌വെലുമെല്ലാം കളിച്ച സംഘം ആകെ നേടിയത് 137 റണ്‍സായിരുന്നു. കൊല്‍ക്കത്തക്കും ഈ ചെറിയ സ്‌ക്കോര്‍ എളുപ്പമായിരുന്നില്ല. അവസാന ഓവറിലാണ് അവരും കര കയറിയത്. അതിനാല്‍ ഷാര്‍ജയില്‍ ആദ്യം ബാറ്റ് ചെയ്യുന്നവര്‍ക്ക് 150 പ്ലസ് നേടാനായാല്‍ കര കയറാനാവുമെന്ന വിശ്വാസമാണ്.

ബാറ്റിംഗാണ് ഡല്‍ഹിയുടെ കരുത്ത്. പ്രിഥ്‌വി ഷായും ശിഖര്‍ ധവാനും തുടക്കമിടുന്ന ഇന്നിംഗ്‌സിന് വീര്യം പകരാന്‍ ശ്രേയാംസ് അയ്യര്‍, നായകന്‍ റിഷാഭ് പന്ത്, ഷിറിമോണ്‍ ഹെത്തിമര്‍ എന്നിവരെല്ലാമുണ്ട്. പക്ഷേ ചെന്നൈക്കെതിരെ പ്രിഥ്‌വി ഷാ നല്ല തുടക്കം നല്‍കിയിട്ടും അത് ഉപയോഗപ്പെടുത്തി വലിയ സ്‌ക്കോര്‍ സമ്പാദിക്കാന്‍ ടീമിനായിരുന്നില്ല. ബൗളിംഗില്‍ കാഗിസോ റബാദയെ പോലുള്ളവരുണ്ട്. പക്ഷേ അവസാന മല്‍സരത്തില്‍ നിര്‍ണായകമായ അവസാന ഓവര്‍ റിഷാഭ് പന്ത് റബാദക്ക് നല്‍കാതിരുന്നത് വിവാദമായിരുന്നു. പകരം ഇംഗ്ലീഷ് സീമര്‍ ടോം കറനാണ് അദ്ദേഹം പന്ത് നല്‍കിയത്. ധോണിയാവട്ടെ ഒരു സിക്‌സറും ബൗണ്ടറിയുമുള്‍പ്പെടെ ആഘോഷമാക്കി മല്‍സരം ജയിക്കുകയും ചെയ്തിരുന്നു. ഇതുമായി ബന്ധപ്പെട്ട് കോച്ച് റിക്കി പോണ്ടിംഗിനോട് മാധ്യമ പ്രവര്‍ത്തകര്‍ സംശയം ഉന്നയിച്ചപ്പോള്‍ റബാദക്ക് പകരം കറന് അവസാന ഓവര്‍ നല്‍കിനുള്ള തീരുമാനം റിഷാഭിന്റത് മാത്രമായിരുന്നുവെന്നായിരുന്നു മാനേജര്‍ പറഞ്ഞത്. കൊല്‍ക്കത്തക്കാര്‍ യു.എ.ഇ എപ്പിസോഡില്‍ കരുത്തരാണ്. നായകന്‍ ഇയാന്‍ മോര്‍ഗന്‍ പതറുമ്പോഴും ടീം നന്നായി കളിക്കുന്നു. ബാംഗ്ലൂരിന്റെ നാല് വിക്കറ്റുകള്‍ എളുപ്പത്തില്‍ സ്വന്തമാക്കിയ സുനില്‍ നരേനുള്‍പ്പെടെയുളളവരാണ് ഷാര്‍ജയില്‍ ടീമിന്റെ ആയുധങ്ങള്‍. ബാറ്റിംഗിലും ടീം ശക്തരാണ്. മല്‍സരം രാത്രി 7-30 മുതല്‍. ഫൈനല്‍ വെള്ളിയാഴ്ച്ച.

 

Test User: