പാരീസ്: ഇത് വരെ മുത്തമിടാന്‍ കഴിയാത്ത ചാമ്പ്യന്‍സ് ലീഗ് കിരീടം ലക്ഷ്യമാക്കി ലിയോ മെസിയുടെ പി.എസ്.ജിക്കാര്‍ ഇന്ന് സ്വന്തം വേദിയായ പാര്‍ക്ക് പ്രിന്‍സില്‍. പ്രതിയോഗികള്‍ സാദിയോ മാനേയുടെ ബയേണ്‍ മ്യുണിച്ച്. ആദ്യ പാദയങ്കം പുലര്‍ച്ചെ 1-30 മുതല്‍ തല്‍സമയം. ചാമ്പ്യന്‍സ് ലീഗ് ചരിത്രത്തില്‍ ഇത് വരെ ഒന്നാം സ്ഥാനത്ത് വന്നിട്ടില്ല പി.എസ്.ജി. ഇത്തവണ മിന്നും ഫോമില്‍ നില്‍ക്കുന്ന മെസിക്കും കിലിയന്‍ എംബാക്കുമൊപ്പം കൂടുതല്‍ സൂപ്പര്‍ താരങ്ങളുണ്ട്.
പക്ഷേ സമീപകാല ഫുട്‌ബോളില്‍ അസ്ഥിരതയാണ് ടീമിന്റെ മുഖമുദ്ര. ഫ്രഞ്ച് ലീഗില്‍ ഒന്നാം സ്ഥാനമുണ്ടെങ്കിലും ഫ്രഞ്ച് കപ്പില്‍ പുറത്തായി. എംബാപ്പേ പരുക്കില്‍ നിന്നും മുക്തനായി ഇന്ന് കളിക്കുമ്പോള്‍ നെയ്മറിന്റെ കാര്യത്തില്‍ ഉറപ്പില്ല. മെസി ഫ്രഞ്ച് കപ്പ് പോരാട്ടത്തിനിടെ പേശീവലിവില്‍ പിന്മാറിയിരുന്നു. അദ്ദേഹം ഇന്നലെ പക്ഷേ പരിശീലനത്തിനുണ്ടായിരുന്നു എന്നതാണ് കോച്ച് കൃസ്റ്റഫര്‍ ഗാല്‍ടിയര്‍ക്ക്് പ്രതീക്ഷ നല്‍കുന്നത്. ഫ്രഞ്ച് കപ്പില്‍ മാര്‍സലിക്ക് മുന്നിലായിരുന്നു തോല്‍വി. ഈ തോല്‍വി കോച്ചിന്റെ കസേരക്ക് പോലും ഭീഷണിയായിരിക്കുന്നു. വലിയ താരങ്ങളുണ്ടായിട്ടും ചെറിയ മല്‍സരങ്ങളില്‍ പോലും പതറുമ്പോള്‍ അത് കോച്ചിന്റെ വീഴ്ച്ചയായാണ് ചിത്രീകരിക്കപ്പെടുന്നത്. ചാമ്പ്യന്‍സ് ലീഗ് പോരാട്ടത്തില്‍ തോറ്റാല്‍ അത് ടീമിന് വലിയ ആഘാതമാവും. സാദിയോ മാനേ ഉള്‍പ്പെടുന്ന ബയേണ്‍ സംഘമാവട്ടെ ബുണ്ടസ് ലീഗില്‍ കരുത്തരായി മുന്നേറിയാണ് പാരിസിലെത്തിയിരിക്കുന്നത്. ഇന്ന് നടക്കുന്ന രണ്ടാം മല്‍സരത്തില്‍ ഏ.സി മിലാന്‍ ടോട്ടനത്തെ നേരിടും.