പാരീസ്: ഇന്ന് ചാമ്പ്യന്‍സ് ലീഗില്‍ ലിയോ മെസിയും പെപ് ഗുര്‍ഡിയോളയും നേര്‍ക്കുനേര്‍. പെപ് പരിശീലിപ്പിക്കുന്ന ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും മുഖാമുഖം വരുന്നത് രാത്രി 12-30ന്. പരുക്കില്‍ അവസാന രണ്ട് മല്‍സരങ്ങള്‍ പുറത്തിരുന്ന മെസി ഇന്ന് കളിക്കുമെന്നാണ് കരുതപ്പെടുന്നത്. ഇന്നലെ പരിശീലനത്തില്‍ അദ്ദേഹം സജീവമായിരുന്നു. ഇന്ന് സൂപ്പര്‍ പോരാട്ടങ്ങള്‍ വേറെയുമുണ്ട്. ഏ.സി മിലാന്‍ സ്പാനിഷ് ചാമ്പര്യന്മാരായ അത്‌ലറ്റികോ മാഡ്രിഡുമായി കളിക്കുമ്പോള്‍ റയല്‍ മാഡ്രിഡ് മോള്‍ദോവയില്‍ നിന്നുള്ള ഷെറഫ് ക്ലബുമായി എതിരിടുന്നു. ലിവര്‍പൂളും പോര്‍ട്ടോയും തമ്മിലുള്ള അങ്കത്തിലും തീപ്പാറും.
ബാര്‍സിലോണയില്‍ മെസിയുടെ ആദ്യകാല പരിശീലകരില്‍ ഒരാളായിരുന്നു പെപ്. രണ്ട് പേരും തമ്മില്‍ നല്ല സൗഹൃദമാണ്. ബാര്‍സ വിടാനുള്ള മെസിയുടെ തീരുമാനം പോയ വര്‍ഷം വന്നപ്പോള്‍ അദ്ദേഹത്തെ സ്വന്തമാക്കാന്‍ പെപ് കിണഞ്ഞ് പരിശ്രമിച്ചിരുന്നു. എന്നാല്‍ ബാര്‍സ മാനേജ്‌മെന്റ് കരാര്‍ പ്രശ്‌നത്തില്‍ നിയമ മുന്നറിയിപ്പ് നല്‍കിയപ്പോള്‍ മെസി കറ്റലോനിയന്‍ ക്ലബില്‍ തുടരുകയായിരുന്നു. പിന്നീട് അദ്ദേഹത്തെ സ്വീകരിക്കാന്‍ കഴിയാത്ത സാമ്പത്തിക നിലയിലേക്ക് ബാര്‍സ വന്നപ്പോള്‍ അര്‍ജന്റീനക്കാരനെ പി.എസ്.ജി സ്വന്തമാക്കുകയായിരുന്നു.