X
    Categories: keralaNews

ഇന്ന് ലോക പുകയില രഹിത ദിനം; കൗമാരക്കാരില്‍ വലി കൂടുന്നു

തിരുവനന്തപുരം: ‘പുകയില: പരിസ്ഥിതിക്കും ഭീഷണി’ എന്നതാണ് ഈ വര്‍ഷത്തെ ലോക പുകയില രഹിത ദിന സന്ദേശം. പുകയിലയുടെ ഉപയോഗം രോഗങ്ങള്‍ സൃഷ്ടിക്കുന്നതിനൊപ്പം പുകയിലയുടെ കൃഷി, ഉല്‍പാദനം, വിതരണം, മാലിന്യം എന്നിവ മൂലമുണ്ടാകുന്ന പാരിസ്ഥിതിക ആഘാതത്തെക്കുറിച്ച് പൊതുജനങ്ങളില്‍ അവബോധം വളര്‍ത്തുക എന്നതാണ് ഇതുകൊണ്ട് ലക്ഷ്യമിടുന്നത്.

രണ്ടാം ഗ്ലോബല്‍ അഡള്‍ട്ട് ടുബാക്കോ സര്‍വേ പ്രകാരം കേരളത്തിലെ മൊത്തം പുകവലിയുടെ ഉപയോഗം 12.7 ശതമാനമാണ്. ഒന്നാം സര്‍വേയില്‍ 21.4 ശതമാനം ഉണ്ടായിരുന്ന പുകയിലയുടെ ഉപയോഗം ഗണ്യമായി കുറഞ്ഞുവെങ്കിലും 15 മുതല്‍ 17 വയസുള്ളവരില്‍ ഇതിന്റെ ഉപയോഗം നേരിയ തോതില്‍ വര്‍ധിച്ചത് ആശങ്കയോടെയാണ് ആരോഗ്യവകുപ്പ് കാണുന്നത്. മാത്രവുമല്ല പൊതുസ്ഥലങ്ങളിലും ഗാര്‍ഹികവുമായുള്ള പുകയിലയുടെ ഉപയോഗം 13.7 ശതമാനത്തോളം നിഷ്‌ക്രിയ പുകവലിക്ക് കാരണമാക്കുന്നു എന്നത് പുകവലിക്കാത്തവരെയും ഇത് ആരോഗ്യപരമായി ബാധിക്കുന്നു എന്നതിന്റെ തെളിവാണ്.

പുരുഷന്മാരില്‍ കാണുന്ന അര്‍ബുദത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് പുകയിലജന്യമായ ശ്വാസകോശാര്‍ബുദവും രണ്ടാമത് പുകയിലജന്യമായ വദനാര്‍ബുദവുമാണ്. ഒരു ലക്ഷത്തില്‍ അയ്യായിരം പേര്‍ക്ക് ബാധിക്കുന്ന ക്രോണിക് ഒബ്സ്ട്രക്ടീവ് പള്‍മണറി ഡിസീസ് (സി.ഒ. പി.ഡി) എന്ന ഗുരുതര ശ്വാസകോശത്തിന്റെ ഹേതുക്കളില്‍ പ്രധാനകാരണം പുകയിലയാണ്. ഇതിന് പുറമേ പക്ഷാഘാതം, ശ്വാസകോശ രോഗങ്ങള്‍, ആസ്ത്മ, ക്ഷയരോഗം എന്നിവ വര്‍ധിക്കുന്നതിലും പുകയിലയുടെ പങ്ക് വളരെ വലുതാണ്.

Chandrika Web: