X

ഇന്ന് ലോക ക്യാന്‍സര്‍ ദിനം; കേരളത്തില്‍ പ്രതിവര്‍ഷം 60,000ത്തോളം പുതിയ ക്യാന്‍സര്‍ രോഗികള്‍

തിരുവനന്തപുരം: കേരളത്തില്‍ പ്രതിവര്‍ഷം പുതുതായി രജിസ്റ്റര്‍ ചെയ്യുന്നത് 60,000ത്തോളം ക്യാന്‍സര്‍ രോഗികള്‍. ഓരോ വര്‍ഷവും പുതിയ ക്യാന്‍സര്‍ രോഗികളുടെ എണ്ണത്തില്‍ അനിയന്ത്രിതമായ വര്‍ധനവ് ഉണ്ടാകുന്നുവെന്നാണ് ആരോഗ്യവകുപ്പിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. അനാരോഗ്യകരമായ ജീവിതശൈലിയാണ് രോഗ സാധ്യതകള്‍ക്ക് പ്രധാനകാരണം. ജീവിത ശൈലിയില്‍ നല്ല മാറ്റങ്ങള്‍ക്ക് കൊണ്ടുവരേണ്ടത് അനിവാര്യമാണെന്ന് കണക്കുകള്‍ തെളിയിക്കുന്നു.
വര്‍ധിച്ചു വരുന്ന രോഗബാഹുല്യത്തെ തടയുന്നതിനായി ആരോഗ്യ വകുപ്പ് ക്യാന്‍സര്‍ സ്ട്രാറ്റജി ആക്ഷന്‍ പ്ലാന്‍ നടപ്പാക്കി വരികയാണ്. ക്യാന്‍സര്‍ രോഗ നിയന്ത്രണ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ക്യാന്‍സര്‍ ബോര്‍ഡ് രൂപീകരിക്കുകയും ഈ രംഗത്തെ വിദഗ്ദ്ധരുടെ സേവനം ഉറപ്പാക്കുകയും ചെയ്തിട്ടുണ്ടെന്ന് മന്ത്രി പറഞ്ഞു.
‘ക്യാന്‍സര്‍ പരിചരണ അപര്യാപ്തകള്‍ നികത്താം’എന്നതാണ് ഈ വര്‍ഷത്തെ ലോക ക്യാന്‍സര്‍ ദിന സന്ദേശം. ക്യാന്‍സര്‍ ചികിത്സാ രംഗത്ത് നിലനില്‍ക്കുന്ന അപര്യാപ്തകള്‍ പരിഹരിക്കുക, ചികിത്സാരംഗത്തെ വിടവുകള്‍ നികത്തുക എന്നതാണ് ഈ സന്ദേശം കൊണ്ട് ഉദ്ദേശിക്കുന്നത്. സാമ്പത്തികം, സാങ്കേതികം, വിദ്യാഭ്യാസം, പ്രാദേശികം, ആരോഗ്യ ബോധവല്‍ക്കരണം, ആരോഗ്യ ഇന്‍ഷുറന്‍സ് തുടങ്ങിയ വിവിധ മേഖലകളില്‍ കാന്‍സര്‍ ചികിത്സാ രംഗത്തെ അസമത്വങ്ങള്‍ നിലനില്‍ക്കുന്നു. ഈ അസമത്വങ്ങള്‍ തിരിച്ചറിയുന്നതിനും ഇവയ്ക്ക് പരിഹാരം കണ്ടെത്തി എല്ലാ ജനങ്ങള്‍ക്കും ഒരേ തരത്തിലുള്ള ക്യാന്‍സര്‍ ചികിത്സ ഉറപ്പാക്കുന്നതിനും മുന്‍തൂക്കം നല്‍കുക എന്നതാണ് ഇതുമായി ബന്ധപ്പെട്ട കര്‍മ്മപദ്ധതി. ഈ സന്ദേശം വരുന്ന മൂന്നു വര്‍ഷങ്ങളില്‍ കൂടി നിലനില്‍ക്കും.

Test User: