2010-2011 സന്തോഷ് ട്രോഫി ഫൈനലില്‍ പരാജയപ്പെടുത്തിയ ബംഗാളിനോട് കണക്ക് ചോദിക്കാനുണ്ട് മണിപ്പൂരിന്. അന്ന് അവസാന അങ്കത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെട്ട് തലകുനിച്ച് മടങ്ങിയതിന്റെ വേദന തീര്‍ത്ത് ഫൈനല്‍ പോരാട്ടത്തിലേക്ക് തലയുയര്‍ത്തി മാര്‍ച്ച് ചെയ്യാനാവും മണിപ്പൂരുകാര്‍ ഇന്ന് പയ്യനാട് സ്റ്റേഡിയത്തില്‍ ഇറങ്ങുന്നത്.
സന്തോഷ് ട്രോഫിയിലും ഇന്ത്യയുടെ ഫുട്‌ബോള്‍ ചരിത്രത്തിലും സവിശേഷ പ്രാധാന്യമുള്ള വംഗനാട്ടുകാര്‍ക്കെതിരെ ഇന്ന് രണ്ടാം സെമിയില്‍ സപ്തസുന്ദരിമാരിലൊരാളായ മണിപ്പൂര്‍ ഇറങ്ങുമ്പോള്‍ ആവേശം ജ്വലിക്കുന്ന സൗന്ദര്യ ഫുട്‌ബോള്‍ തന്നെയാവും കാല്‍പന്ത് പ്രേമികള്‍ കാത്തിരിക്കുന്നത്. ടൂര്‍ണമെന്റിലുടനീളം മനോഹരമായി പന്തുതട്ടിയ രണ്ട് ടീമുകള്‍ തമ്മില്‍ കൊമ്പു കോര്‍ക്കുന്ന മത്സരത്തില്‍ ചരിത്രം പക്ഷെ ബംഗാളിനൊപ്പമാണ്.
ടൂര്‍ണമെന്റില്‍ ഇതുവരെ 32 തവണയാണ് അവര്‍ കപ്പുയര്‍ത്തിയത്. 13 തവണ രണ്ടാം സ്ഥാനക്കാരായി. മണിപ്പൂരിന് പക്ഷെ പറയാനുള്ളത് ഒരേയൊരു സന്തോഷ് ട്രോഫി നേടിയതിന്റെ കഥ മാത്രമാണ്. 2002-2003 സന്തോഷ് ട്രോഫിയില്‍ കേരളത്തിലെ തോല്‍പ്പിച്ച് നേടിയ വിജയം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒമ്പത് പോയിന്റുകള്‍ വീതം നേടിയാണ് ഇരു ടീമുകളും സെമിയിലെത്തുന്നത്. മണിപ്പൂര്‍ ഗ്രൂപ്പ് ബിയിലെ ചാമ്പ്യന്‍മാരായപ്പോള്‍ കേരളത്തിന് പുറകില്‍ രണ്ടാമതായാണ് ബംഗാള്‍ ഫിനിഷ് ചെയ്തത്. ടൂര്‍ണമെന്റിലെ തന്നെ ആദ്യമത്സരത്തില്‍ പഞ്ചാബിനെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പ്പിച്ചായിരുന്നു ബംഗാളിന്റെ തുടക്കം. രണ്ടാം മത്സരത്തില്‍ കേരളവുമായി 2-0 തോല്‍വി. പിന്നീട് വന്ന മേഘാലയയുമായുള്ള ത്രില്ലര്‍ പോരാട്ടത്തില്‍ 4-3 ന്റെ വിജയം.
അവസാന മത്സരത്തില്‍ രാജസ്ഥാനെ മൂന്ന് ഗോളുകള്‍ക്ക് തകര്‍ത്ത് സെമി ഫൈനലിക്ക് ടിക്കറ്റ് എടുത്തു. ബംഗാളിന്റെ ചരിത്രം തന്നെയാകും മണിപ്പൂരിനെ ഭയപ്പെടുത്തുന്നത്. ബംഗാളുമായുള്ള ഭൂതകാലവും കളിക്കാരെ സമ്മര്‍ദ്ധത്തിലാക്കിയേക്കും. കൂടാതെ മത്സരത്തിലെ തുടക്കത്തില്‍ തന്നെ ഗോള്‍ വഴങ്ങിയാല്‍ അത് ടീമിനെ ബാധിക്കും. ഒഡീഷ്യയുമായി ഒരു ഗോള്‍ വഴങ്ങിയ മത്സരത്തില്‍ പിന്നീട് അവര്‍ക്ക് കളം പിടിക്കാനായിരുന്നില്ല.
റെഡിയെന്ന് ബംഗാള്‍
മലപ്പുറം കോട്ടപ്പടിയിലെയും പയ്യനാട് സ്റ്റേഡിയത്തിലെയും കാണികള്‍ക്ക്് ബിഗ് സല്യൂട്ടെന്ന് ബംഗാള്‍ കോച്ച് രഞ്ചന്‍ ഭട്ടാചര്‍ജി. മണിപ്പൂരിനെതിരെയുള്ള ഇന്നത്തെ മത്സരം കടുത്തതാണ്. കേരളവുമായി ഫൈനല്‍ കളിക്കണമെന്നതാണ് മോഹം. കേരളവുമായി കഴിഞ്ഞ കളിയില്‍ തോറ്റതിനോടുള്ള പ്രതികാരത്തിന് അവസരം കിട്ടുമല്ലോ. 45 തവണ സന്തോഷ് ട്രോഫി ഫൈനലിലെത്തി. അതില്‍ 32 തവണയും കരീടം ചൂടി. 13 തവണ ഫൈനലില്‍ തോറ്റു. ഫുട്‌ബോളിന്റെ മക്ക എന്നറിയപെപട്ടിരുന്ന ബംഗാളിന്റെ ഫുട്‌ബോളിന് തിളക്കം കുറഞ്ഞിട്ടില്ലെന്നാണ് ക്യാപ്റ്റന്‍ മോണോട്ടോഷ് ചക്ലാദറും പറയുന്നത്. മലപ്പുറം ജില്ലയില്‍ മൂന്ന് അന്താരാഷ്ട്ര ഗുണനിലവാരത്തിലുള്ള മൈതാനം അത്ഭുതപ്പെടുത്തുന്നുവെന്ന് മണിപ്പൂര്‍ കോച്ച് ഗിഫ്റ്റ് റെയ്ഖാന്‍. അതുകൊണ്ട് തന്നെ കഴിഞ്ഞ ദിവസങ്ങളില്‍ നല്ല പരിശീലനത്തിന് അവസരം ലഭിച്ചു. മികച്ച കാണികളെയാണ് മലപ്പുറത്തുകണ്ടെതെന്ന് അദ്ധേഹം പറഞ്ഞു. എതിര്‍ ടീമിനെ പരമാവധി സമ്മര്‍ദ്ധത്തിലാക്കുന്ന ഗെയിമാണ് മണിപ്പൂര്‍ എപ്പോഴും പുറത്തെടുക്കുക. എങ്കിലും ആദ്യം ഗോള്‍ വഴങ്ങിയാല്‍ തിരിച്ചടിക്കാന്‍ വലിയ വിയര്‍പ്പൊഴിക്കേണ്ട വരുന്ന അവസ്ഥ ടീമിന്റെ ബലഹീനതയാണെന്ന് കോച്ചിന്റെ തുറന്നുപറച്ചില്‍.