X
    Categories: indiaNews

യുക്രെയ്‌നില്‍ നിന്ന് ഒഴിപ്പിക്കലിനായുള്ള അവസാന വിമാനം ഇന്ന്

ന്യൂഡല്‍ഹി: രണ്ടാഴ്ചയോളം നീണ്ടു നിന്ന അനിശ്ചിതത്വത്തിനൊടുവില്‍ യുക്രെയ്‌നിലെ യുദ്ധഭൂമിയില്‍ നിന്നും 20,000ത്തിലധികം ഇന്ത്യക്കാരെ സുരക്ഷിതമായി ഒഴിപ്പിച്ച് ഇന്ത്യയിലെത്തിക്കാന്‍ സാധിച്ചതായി കേന്ദ്രം. സുമിയില്‍ കുടുങ്ങിയിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളേയും എത്രയും വേഗത്തില്‍ നാട്ടിലെത്തിക്കാനുള്ള തയ്യാറെടുപ്പുകള്‍ ഒരുക്കിയിട്ടുണ്ടെന്ന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി മുരളീധരന്‍ പറഞ്ഞു. സുമിയില്‍ നിന്നുള്ളവര്‍ കൂടി ഇന്ന് നാട്ടിലെത്തുന്നതോടെ ഓപ്പറേഷന്‍ ഗംഗ അവസാനിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.

സുമിയില്‍ നിന്നുള്ള 694 വിദ്യാര്‍ത്ഥികള്‍ പോള്‍ട്ടോവയിലേക്കും അവിടെ നിന്നും ലിവിവിലേക്കും ബസിലും അവിടെ നിന്നും യുക്രെയ്‌ന്റെ പടിഞ്ഞാറന്‍ അതിര്‍ത്തിയിലേക്ക് തീവണ്ടിയിലുമായാണ് പുറപ്പെട്ടതെന്ന് വിദേശകാര്യ മന്ത്രാലയം അറിയിച്ചു. യുദ്ധഭൂമിയില്‍ കുടുങ്ങിയ വിദ്യാര്‍ഥികള്‍ കഷ്ടപ്പെട്ടുവെന്നത് വസ്തുതയാണ്. എന്നാല്‍ അവരുടെയെല്ലാം സുരക്ഷയ്ക്കാണ് കേന്ദ്രസര്‍ക്കാര്‍ ഏറ്റവും പ്രാധാന്യം നല്‍കിയത്.

സുരക്ഷ ഉറപ്പുവരുത്താന്‍ ഇന്ത്യയുടെ നയതന്ത്ര ശേഷിക്ക് സാധ്യമായി. യുദ്ധം ശക്തമായതോടെ യുക്രെയ്‌നില്‍ നിന്ന് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്തവരുടെ എണ്ണം 20000ത്തില്‍ താഴെയായിരുന്നുവെങ്കിലും 20000ത്തിലധികം പേരെ യുക്രെയ്‌നില്‍ നിന്ന് ഒഴിപ്പിച്ച് നാട്ടിലെത്തിക്കാന്‍ സാധിച്ചുവെന്നും മന്ത്രി വ്യക്തമാക്കി. ഇന്ത്യയിലേക്ക് തിരിച്ചുവരാനായി രജിസ്റ്റര്‍ ചെയ്ത ആരും ഇനി യുക്രെയ്‌നില്‍ കുടുങ്ങിക്കിടക്കുന്നില്ലെന്നാണ് വിവരം.

വ്യവസായിക താത്പര്യങ്ങളും മറ്റുമുള്ള ഇന്ത്യക്കാര്‍ ഇനിയും യുക്രെയ്‌നിലുണ്ടാകാം. അവര്‍ തിരിച്ചുവരാന്‍ ആഗ്രഹം പ്രകടിപ്പിക്കാത്തതിനാല്‍ ഓപറേഷന്‍ ഗംഗയുടെ ഭാഗമാകില്ല. ഇന്ന് അവസാന വിമാനം പുറപ്പെടുന്നതോടെ ഓപ്പറേഷന്‍ ഗംഗയുടെ ഇപ്പോഴത്തെ ഘട്ടം അവസാനിക്കുമെന്നും തിരിച്ചെത്തിയ വിദ്യാര്‍ഥികളുടെ തുടര്‍ വിദ്യാഭ്യാസം അടക്കമുള്ള വിഷയങ്ങള്‍ അടുത്ത ഘട്ടത്തില്‍ ആലോചിച്ച് തീരുമാനിക്കുമെന്നും മന്ത്രി പറഞ്ഞു. ഇന്ന് വൈകുന്നേരം അവസാനത്തെ വിമാനം റൊമാനിയയില്‍ നിന്നും പുറപ്പെടുമെന്ന് വ്യോമയാന മന്ത്രി ജ്യോതിരാദിത്യ സിന്ധ്യ ട്വീറ്റ് ചെയ്തു. 155 പേരായിരിക്കും ബുക്കാറസ്റ്റില്‍ നിന്നും പുറപ്പെടുന്ന അവസാന വിമാനത്തിലുണ്ടാവുകയെന്നും അദ്ദേഹം അറിയിച്ചു.

Test User: