X

മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ഏ.ടി.കെ മോഹന്‍ ബഗാന് ഇന്നവസരം

കൊല്‍ക്കത്ത: ഇന്ത്യന്‍ സൂപ്പര്‍ ലീഗ് ഫുട്‌ബോളില്‍ മൂന്നാം സ്ഥാനത്തേക്ക് തിരികെയെത്താന്‍ ഏ.ടി.കെ മോഹന്‍ ബഗാന് ഇന്നവസരം. സാള്‍ട്ട്‌ലെക്കില്‍ ഇന്നവര്‍ നേരിടുന്നത് ബെംഗളൂരു എഫ്.സിയെ. കഴിഞ്ഞ ദിവസം കേരളാ ബ്ലാസ്‌റ്റേഴ്‌സ് ഈസ്റ്റ് ബംഗാളിന് മുന്നില്‍ തല കുനിച്ചതോടെ ബഗാന് മുന്നിലെത്താന്‍ വളരെയെളുപ്പമാണ്.

സുനില്‍ ഛേത്രിയുടെ സംഘത്തിനെതിരെ മെച്ചപ്പെട്ട റെക്കോര്‍ഡാണ് ബഗാന്. ആ റെക്കോര്‍ഡ് നിലനിര്‍ത്തപ്പെട്ടാല്‍ സമ്മര്‍ദ്ദം ബ്ലാസ്‌റ്റേഴ്‌സിലേക്ക് വരും. അഞ്ച് മല്‍സരങ്ങള്‍ കൂടിയാണ് കൊല്‍ക്കത്താ സംഘത്തിന് സീസണില്‍ കളിക്കാനുള്ളത്. ഇതില്‍ കാര്യമായ തോല്‍വികള്‍ ഒഴിവാക്കിയാല്‍ പ്ലേ ഓഫ് ബെര്‍ത്ത് ഉറപ്പിക്കാം. അവസാന ആറ് മല്‍സരങ്ങളില്‍ അവര്‍ രണ്ടില്‍ ജയിച്ചപ്പോള്‍ രണ്ടില്‍ സമനിലയും രണ്ടില്‍ തോല്‍വിയുമായിരുന്നു. ഒഡീഷ എഫ്.സിക്കെതിരായ അവസാന മല്‍സരത്തില്‍ രണ്ട് ഗോളിന് ജയിച്ചതിന്റെ ആത്മവിശ്വാസം ഇന്ന് മൈതാനത്ത് പ്രകടമായാല്‍ ബെംഗളൂരു വിയര്‍ക്കും. ഡിമിത്രി പെത്രദോസാണ് ഒഡീഷക്കെതിരായ മല്‍സരത്തിലെ രണ്ട് ഗോളുകളും സ്‌ക്കോര്‍ ചെയ്തത്. ചാമ്പ്യന്‍ഷിപ്പില്‍ ഇതിനകം ഏഴ് ഗോളുകള്‍ സ്വന്തം പേരില്‍ കുറിച്ച താരത്തെയായിരിക്കും ബെംഗളൂരു പ്രതിരോധം പേടിക്കുന്നത്.

ബഗാന്‍ സംഘത്തിലെ മലയാളി മധ്യനിരക്കാരന്‍ ആഷിഖ് കുരുണിയന്‍ ഇന്ന് കളിക്കില്ല. ഒഡീഷക്കെതിരായ മല്‍സരത്തിന്റെ രണ്ടാം പകുതിയില്‍ ചുവപ്പ് കാര്‍ഡ് കണ്ട് അദ്ദേഹം പുറത്തായിരുന്നു. ലിസ്റ്റണ്‍ കോളോസോ, മന്‍വീര്‍ സിംഗ് എന്നിവരായിരിക്കും ബഗാന്‍ മുന്‍നിരയില്‍. ബെംഗളുരു സംഘം അവസാന മല്‍സരങ്ങളില്‍ തകര്‍പ്പന്‍ പ്രകടനമാണ് നടത്തുന്നത്. 21 കാരനായ ശിവ നാരായണനാണ് ടീമിന്റെ വലിയ പ്രതീക്ഷ.

webdesk11: