X

ഇന്നാണ് ആ കളി; സന്തോഷ് ട്രോഫിയില്‍ ഇന്ന് കേരളവും ബംഗാളും

ഗ്രൂപ്പ് എ.യിലെ കരുത്തരുടെ പോരാട്ടം ഇന്ന് രാത്രി എട്ടിന് പയ്യനാട്ട്. ആതിഥേയരായ കേരളവും മുന്‍ ചാമ്പ്യന്മാരായ ബംഗാളും കൊമ്പുകോര്‍ക്കുമ്പോള്‍ ഗ്രൂപ്പ്ഘട്ടത്തിലെ ഏറ്റവും മികച്ച പോരാട്ടമായിരിക്കും ഇതെന്ന് ഉറപ്പ്. ആദ്യ മത്സരത്തില്‍ നേടിയ വിജയം ആവര്‍ത്തിക്കാമെന്ന പ്രതീക്ഷയിലാണ് ഇരു ടീമുകളും ഇറങ്ങുന്നത്.

ബംഗാള്‍ ആദ്യ മത്സരത്തില്‍ പഞ്ചാബിനേയും കേരളം രാജസ്ഥാനെയുമാണ് പരാജയപ്പെടുത്തിയത്. ബംഗാളിന് ഒരു ഗോള്‍ വിജയമായിരുന്നെങ്കില്‍ കേരളം ഏകപക്ഷീയമായ അഞ്ചുഗോളുകള്‍ക്കാണ് രാജസ്ഥാനെ തോല്‍പ്പിച്ചത്. മുന്‍ ചാമ്പ്യന്മാരായ ബംഗാള്‍ കേരളത്തിന് മികച്ച എതിരാളികള്‍ തന്നെയാകും. കരുത്തരുടെ ഗ്രൂപ്പില്‍ നിന്നും തുടര്‍ച്ചയായ രണ്ടാം വിജയവും നേടി സെമിസാധ്യത വര്‍ദ്ധിപ്പിക്കുക എന്ന ഉദ്ദേശത്തോടെ തന്നെയാകും കേരളം ഇറങ്ങുക. തോല്‍ക്കാതിരിക്കാനാകും ബംഗാളിന്റെ ശ്രമം.

ഓരോ ഗ്രൂപ്പില്‍ നിന്നും മികച്ച രണ്ടു ടീമുകളാണ് സെമിയിലേക്ക് പ്രവേശിക്കുക എന്നതിനാല്‍ ഗ്രൂപ്പ് എ.യില്‍ ഓരോ കളികളും നിര്‍ണ്ണായകമാണ്. നല്ലൊരു മത്സരം തന്നെയാകും ഇന്ന് കാണികളെ കാത്തിരിക്കുന്നത്. ആദ്യ ദിവസം കണ്ടതിനേക്കാള്‍ ഗ്യാലറി ആവേശത്തിലാവാനാണ് സാധ്യത. ഇന്നത്തെ ആദ്യ മത്സരത്തില്‍ കോട്ടപ്പടിയില്‍ വൈകുന്നേരം നാലിന് രാജസ്ഥാന്‍ മേഘാലയെ നേരിടും. കന്നിയങ്കത്തില്‍ കേരളത്തോട് തോറ്റ രാജസ്ഥാന് ജയം അനിവാര്യമാണ്. മേഘാലയക്ക് ടൂര്‍ണ്ണമെന്റിലെ ആദ്യമത്സരമാണ്.

Test User: