X

ഇന്ന് സൂപ്പര്‍ സണ്‍ഡേ; മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്സനലും കളത്തില്‍

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോളില്‍ ഇന്ന് സൂപ്പര്‍ സണ്‍ഡേ. ഒന്നാം സ്ഥാനക്കാരായ മാഞ്ചസ്റ്റര്‍ സിറ്റിയും രണ്ടാം സ്ഥാനക്കാരായ ആഴ്സനലും ഇന്ന് കളത്തിലുണ്ട്. എവേ പോരാട്ടത്തില്‍ ശക്തരായ എവര്‍ട്ടണാണ് സിറ്റിയുടെ പ്രതിയോഗികള്‍. ആഴ്സനല്‍ സ്വന്തം വേദിയില്‍ ബ്രൈട്ടണുമായി കളിക്കുമ്പോള്‍ ആദ്യ മല്‍സരം ബ്രെന്‍ഡ്ഫോര്‍ഡും വെസ്റ്റ്ഹാം യുനൈറ്റഡും തമ്മിലാണ്. ഇന്ത്യന്‍ സമയം വൈകീട്ട് 6-30 നാണ് സിറ്റി-എവര്‍ട്ടണ്‍ പോരാട്ടമെങ്കില്‍ രാത്രി ഒമ്പതിനാണ് ആഴ്സനല്‍ മൈതാനത്ത്. 34 മല്‍സരങ്ങളില്‍ നിന്ന് 81 പോയന്റാണ് സിറ്റിക്ക്. 35 കളികളില്‍ 81 ആണ് ആഴ്സനലിന്റെ സമ്പാദ്യം.

ഇന്നലെ നടന്ന മല്‍സരത്തില്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് മറുപടിയില്ലാത്ത രണ്ട് ഗോളുകള്‍ക്ക് വോള്‍വറിനെ പരാജയപ്പെടുത്തി നാലാം സ്ഥാനം നിലനിര്‍ത്തി. അതേ സമയം മൂന്നാം സ്ഥാനത്തുള്ള ന്യൂകാസിലിന് തിരിച്ചടിയേറ്റു. ലീഡ്സ് യുനൈറ്റഡുമായുള്ള മല്‍സരത്തിലവര്‍ 2-2 സമനില വഴങ്ങി. ടോട്ടനത്തിനും ആഘാതമേറ്റു. അവര്‍ ആസ്റ്റണ്‍വില്ലയോട് 1-2 ന് തകര്‍ന്നു. ചെല്‍സിക്ക് തോല്‍വി ഒഴിവാക്കാനായത് ആശ്വാസം. നോട്ടിങ്ഹാം ഫോറസ്റ്റിനെതിരെ ചെല്‍സി 2-2 ല്‍ നിയന്ത്രിക്കപ്പെട്ടു. സതാംപ്ടണെതിരെ ഫുള്‍ഹാം രണ്ട് ഗോളിന് ജയിച്ചു.

webdesk11: