ഐ.എസ്.എല്ലിൽ അവറേജ് പ്രകടനം നടത്തുന്ന രണ്ട് ടീമുകൾ ഇന്ന് ഏറ്റുമുട്ടുന്നു. കേരള ബ്ലാസ്റ്റേഴ്സും ജാംഷഡ്പുർ എഫ്.സിയും. തുടർ തോൽവികൾക്കൊടുവിൽ മൊഹമ്മദൻസിനെതിരായ 3-0ന്റെ ജയമാണ് ജെ.ആർ.ഡി ടാറ്റ സ്പോർട്സ് കോംപ്ലക്സിൽ ഇന്നിറങ്ങുമ്പോൾ ബ്ലാസ്റ്റേഴ്സിന് പ്രതീക്ഷയേകുന്നത്.
ഈസ്റ്റ്ബംഗാളിനോട് കൊൽക്കത്തയിൽ നിർഭാഗ്യ തോൽവി വഴങ്ങിയാണ് ജാംഷഡ്പുർ നാട്ടിൽ തിരിച്ചെത്തിയത്. 11 കളികളിൽ 18 പോയന്റുമായി ആതിഥേയർ എട്ടാം സ്ഥാനത്താണ്. 13 കളികളിൽ 14 പോയന്റുള്ള ബ്ലാസ്റ്റേഴ്സ് പത്താമതാണ്. ഇരു ടീമുകളും അവസാനം ഏറ്റുമുട്ടിയ ആറ് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്സ് തോൽവിയറിഞ്ഞിട്ടില്ല.
യാവി സിവേറിയോ, ജോർദാൻ മുറെ, യാവി ഹെർണാണ്ടസ് തുടങ്ങിയ ഗോളടി വീരന്മാർ ജാംഷഡ്പുർ നിരയിലുണ്ട്. ബ്ലാസ്റ്റേഴ്സ് പോലെ ഉരുക്കുനഗരത്തിലെ ടീമിന്റെ പ്രതിരോധത്തിന് തീരെ ഉറപ്പില്ല. മത്സരം വിജയിക്കുകയാണ് ലക്ഷ്യമെന്ന് ബ്ലാസ്റ്റേഴ്സ് താൽക്കാലിക പരിശീലകൻ പറഞ്ഞു.
ബ്ലാസ്റ്റേഴ്സിന്റെ യുവ പ്രതിരോധ ഭടൻ ഹോർമിപാം സസ്പെൻഷൻ കാരണം കളിക്കാതിരിക്കുന്നത് ടീമിന് വിനയാകും. ഇതോടെ മിലോസ് ഡ്രിനിസിച്ചിന് പ്രതിരോധത്തിൽ പണി കൂടും. ഇഷാൻ പണ്ഡിതയും ജീസസ് ജിമിനസും കളിക്കുമോയെന്ന് ഉറപ്പില്ല. അഡ്രിയാൻ ലുണയും നോവ സദൂയിയും ജാംഷഡ്പുർ പ്രതിരോധത്തിന് ഭീഷണിയാകും. ഇന്നലെ നടന്ന മത്സരത്തിൽ ബംഗളുരു എഫ്.സി 4-2ന് ചെന്നൈയിൻ എഫ്.സിയെ തോൽപിച്ചു. ഹൈദരാബാദ് എഫ്.സിയും ഈസ്റ്റ്ബംഗാളും സമനിലയിൽ പിരിഞ്ഞു (1-1).