X

ഇന്ത്യക്ക് ഇന്ന് നിര്‍ണായകം, ജയിച്ചാല്‍ സെമി സാധ്യത

അഡലെയ്ഡ്: ദക്ഷിണാഫ്രിക്കയോട് തോല്‍വി ചോദിച്ചുവാങ്ങി സമ്മര്‍ദ്ദ ലോകത്ത് അകപ്പെട്ട ഇന്ത്യക്കിന്ന് ബംഗ്ലാദേശിനെതിരെ വിജയിക്കണം. രണ്ട് മല്‍സരം മാത്രം സൂപ്പര്‍ 12 ല്‍ ശേഷിക്കവെ രണ്ടിലും ജയിച്ചാല്‍ മാത്രമാണ് സെമി ഉറപ്പാവുക. ആദ്യ രണ്ട് കളികളിലും ഗംഭീര വിജയം നേടിയ ടീമിന് കടുവകള്‍ ചില്ലറ പ്രതിയോഗികളല്ല.

2016 ലെ ലോകകപ്പ് അനുഭവം ഇന്ത്യക്കുണ്ട്. അന്ന് ചിന്നസ്വാമിയില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ ഏഴ് വിക്കറ്റിന് 146 ലെത്തിയപ്പോള്‍ ഒമ്പതിന് 145 ലെത്തി ബംഗ്ലാദേശ്. ഒരു റണ്ണിനാണ് ഇന്ത്യ രക്ഷപ്പെട്ടത്. അന്നത്തെ ടീമിലെ പലരും ഇപ്പോള്‍ ഇല്ല. പക്ഷേ മാന്‍ ഓഫ് ദ മാച്ചായ അശ്വിന്‍ ഇപ്പോള്‍ കളിക്കുന്നുമുണ്ട്. ബംഗ്ലാദേശുകാര്‍ തപ്പിതടയുന്നവരാണ്. പക്ഷേ ഇന്ത്യക്കെതിരെ അവര്‍ പലപ്പോഴും വെല്ലുവിളി ഉയര്‍ത്തിയിട്ടുമുണ്ട്. പെര്‍ത്തില്‍ ഇന്ത്യന്‍ മുന്‍നിരക്കാരെ ലുന്‍ഗി എന്‍ഗിടി വിറപ്പിക്കുന്നത് ബംഗ്ലാ സീമര്‍മാര്‍ കണ്ടിട്ടുണ്ട്. അഡലെയ്ഡില്‍ പക്ഷേ സമാന സാഹചര്യമല്ല. എങ്കിലും പവര്‍ പ്ലേ ഘട്ടത്തില്‍ പന്ത് മൂവ് ചെയ്യും. അവിടെ രാഹുലും രോഹിതും കോലിയും ഹാര്‍ദ്ദിക്കുമെല്ലാം പതറുന്നുണ്ട്. രാഹുലിന്റെ കാര്യത്തില്‍ കോച്ച് രാഹുല്‍ ദ്രാവിഡ് വ്യക്തമാക്കിയത് അദ്ദേഹത്തെ മാറ്റില്ല എന്നാണ്. പക്ഷേ ഓപ്പണിംഗില്‍ നായകന്‍ രോഹിതിനൊപ്പം വിക്കറ്റ് കീപ്പര്‍ റിഷാഭ് പന്ത് വന്നാല്‍ അല്‍ഭുതപ്പെടാനില്ല. രാഹുല്‍ മധ്യനിരയിലേക്ക് മാറും. മുന്‍നിരക്കാര്‍ റണ്‍സ് നേടിയാല്‍ മാത്രമാണ് ഇന്ത്യക്ക് വലിയ സ്‌ക്കോര്‍ നേടാനാവുക. പെര്‍ത്തില്‍ സൂര്യകുമാര്‍ യാദവ് പ്രത്യാക്രമണം നടത്തിയപ്പോഴും വാലറ്റത്തില്‍ സ്‌ക്കോര്‍ ഉയര്‍ത്താന്‍ ആരുമുണ്ടായിരുന്നില്ല. അവസാനത്തില്‍ അരങ്ങ് തകര്‍ക്കാറുളള ദിനേശ് കാര്‍ത്തിക് ദക്ഷിണാഫ്രിക്കക്കെതിരെ ഒമ്പതാം ഓവറില്‍ തന്നെ വരേണ്ടി വന്നു. 13 പന്തില്‍ 5 റണ്‍സുമായി മടങ്ങുകയും ചെയ്തു. കടുവകള്‍ സിംബാബ്‌വെ, നെതര്‍ലന്‍ഡ്‌സ് എന്നിവരെ തോല്‍പ്പിച്ചവരാണ്.

ഇന്ത്യയെ തോല്‍പ്പിക്കാനായാല്‍ അവര്‍ക്ക് സെമി സാധ്യത സജീവമാവും. അതിനാല്‍ ഷാക്കിബ് അല്‍ ഹസന്‍ നയിക്കുന്ന ടീം എന്ത് വിലകൊടുത്തും വിജയിക്കാന്‍ ശ്രമിക്കും. തസ്‌കിന്‍ അഹമ്മദ് എന്ന സീമര്‍ രണ്ട് മല്‍സരങ്ങളില്‍ കളിയിലെ കേമനായിരുന്നു. എട്ട് വിക്കറ്റുകളും ഇതിനകം സമ്പാദിച്ചു. മുസ്താഫിസുര്‍ റഹ്മാന്‍, ഹസന്‍ മഹമൂദ് എന്നീ സീമര്‍മാരും ബാറ്റര്‍മാരെ വിറപ്പിക്കും. സിംബാബ്‌വെക്കെതിരെ 71 റണ്‍സ് നേടിയ നജ്മുല്‍ ഹുസൈന്‍ ഷാന്‍ഡോയും ഫോമിലാണ്. ഇന്ത്യന്‍ ടീമില്‍ മാറ്റങ്ങള്‍ക്ക് സാധ്യതയുണ്ട്. പരുക്കേറ്റ ദിനേശ് കാര്‍ത്തിക്കിന് പകരം റിഷാഭ് പന്ത് വരും. ദിപക് ഹുദയെ നിലനിര്‍ത്തണമോ എന്ന കാര്യത്തില്‍ ചര്‍ച്ചകളുണ്ട്.

Test User: