X

ഖാഇദെ മില്ലത്തിന്റെ വേര്‍പാടിന് ഇന്ന് 51 വര്‍ഷം; അഭിമാനകരമായ അസ്തിത്വത്തിന്റെ ദാര്‍ശനികന്‍

ലുഖ്മാന്‍ മമ്പാട്

‘ഇന്ത്യന്‍ ഭരണഘടനാനിര്‍മാണ സഭയില്‍, ഒ.ബി.സിയെന്നാല്‍ ഹിന്ദുക്കളിലെ മറ്റു പിന്നാക്കക്കാര്‍ എന്നു മാത്രമായിരുന്നു എന്ന തലത്തിലായിരുന്നു ചര്‍ച്ച. മത ന്യൂനപക്ഷങ്ങളും ഈ പിന്നാക്കക്കാരില്‍ ഉള്‍പ്പെടില്ലേ എന്ന ചോദ്യം ഉയര്‍ത്തി അവരുടെ അസ്തിത്വത്തിന് വേണ്ടി ശബ്ദിച്ചത് മദിരാശിയില്‍ നിന്നുള്ള മുഹമ്മദ് ഇസ്്മായില്‍ സാഹിബായിരുന്നു.’ ജ.രജീന്ദര്‍ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ട്; പേജ് 191

ഇന്ത്യന്‍ യൂണിയന്‍ മുസ്ലിംലീഗിന്റെ എഴുപതിയഞ്ചാം പിറന്നാളാഘോഷത്തിന് കഴിഞ്ഞ മാര്‍ച്ച് 10ന് ചെന്നൈയിലെത്തിയവരുടെ ഏറ്റവും ഊര്‍ജ്ജസ്വലമായ മുഹൂര്‍ത്തമേതാവും. രാജാജി ഹാളിലേക്ക് തിരിക്കുംമുമ്പ് പുലര്‍ച്ചെ മുതല്‍ രാജ്യത്തിന്റെ അഷ്ടദിക്കുകളില്‍ നിന്നുമെത്തിയ ബാല്യവും കൗമാരവും യൗവനവും പഴയ തലമുറയുമെല്ലാം ഒരുപോലെ വല്ലാജാ മസ്ജിദ് അങ്കണത്തിലേക്ക് ഒഴുകി. വേര്‍പാടിന്റെ അര നൂറ്റാണ്ട് പിന്നിട്ടൊരു ഖബറിടത്തില്‍നിന്ന് ഇന്നലെ വിട്ടുപിരിഞ്ഞൊരു രക്തബന്ധുവിന്റെ മുമ്പിലെന്നപോലെ മനമുരുകി അദ്ദേഹത്തിന് വേണ്ടി പ്രാര്‍ത്ഥനാനിര്‍ഭരമായി കണ്ണുനീര്‍ പൊഴിച്ചു; ഇതാണ് മുഹമ്മദ് ഇസ്മായില്‍ സാഹിബ്. പതിത പീഡിത ജനകോടികള്‍ക്ക് ആത്മാഭിമാനത്തിന്റെ ദിശകാണിച്ച സൈദ്ധാന്തികന്‍, അഭിമാനകരമായ അസ്തിത്വത്തിന്റെ കൊടിക്കൂറ ഉയര്‍ത്തിയ ദാര്‍ശനികന്‍, സൂഫിയായ രാഷ്ട്രീയ നേതാവായ ഖാഇദെമില്ലത്ത്. തമിഴ് ജനത ഒന്നടങ്കം ‘ഗണ്ണിയാതിര്‍ കുറിയ’ എന്ന് അഭിമാനത്തോടെ വിളിക്കുന്ന ദ്രാവിഡ നാടിന്റെ തലതൊട്ടപ്പന്‍. ഇങ്ങനെ ഒരാള്‍ ഇല്ലായിരുന്നുവെങ്കില്‍ ഇന്ത്യയിലെ പ്രബല ന്യൂനപക്ഷമായ മുസ്ലിംകളുടെ മാത്രമല്ല, രാജ്യത്തിന്റെതന്നെ അവസ്ഥ മറ്റൊന്നാകുമായിരുന്നു. അനിവാര്യമായൊരു ഘട്ടത്തില്‍ ഇന്ത്യയും പാകിസ്താനും രണ്ടായി പിരിഞ്ഞു. ആള്‍ ഇന്ത്യ മുസ്ലിംലീഗിന്റെ കൗണ്‍സില്‍ കറാച്ചിയില്‍ നടക്കുന്നു; 1947 ഡിസംബര്‍ 14. ഇന്ത്യയുടെ കണ്‍വീനറായി എം. മുഹമ്മദ് ഇസ്മാഈലിനെയും പാകിസ്താന്റെ കണ്‍വീനറായി നവാബ് സാദാ ലിയാഖത്തിലിഖാനെയും തിരഞ്ഞെടുത്തു. പത്താം നാള്‍ പാക് പ്രധാനമന്ത്രി ഔദ്യോഗിക വിരുന്നോടെ സലാംചൊല്ലി പിരിയുകയാണ്. ക്രിസ്മസ് രാത്രിയിലെ തണുപ്പിനെ ചൂടുപിടിപ്പിച്ച് നന്ദിപറയാനായി എണീറ്റ ഖാഇദെമില്ലത്ത് പതിയെ ഉറച്ച ശബ്ദത്തില്‍ തുടര്‍ന്നു; ‘നവാബ്് സാഹിബ്, ഇന്നലെ വരെ നമ്മള്‍ ഒന്നായിരുന്നു. ഇനി വ്യത്യസ്ത രാജ്യങ്ങളിലെ പൗരന്മാരായി വേര്‍പിരിയുകയാണ്. താങ്കള്‍ പാക് പ്രധാനമന്ത്രിയായതിനാല്‍ ചില കാര്യങ്ങള്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു. ഒരു പരിതസ്ഥിതിയിലും ഇന്ത്യയിലെ മുസ്ലിംകളുടെ കാര്യത്തില്‍ നിങ്ങള്‍ ഇടപെടരുത്. ഞങ്ങളുടെ ഉത്തരവാദിത്വവും കര്‍ത്തവ്യവും അധികാരവും പരിമിതിയുമെല്ലാം ഞങ്ങള്‍ക്കറിയാം. സര്‍ക്കാറും ഭൂരിപക്ഷ സമുദായവും ഞങ്ങളെ വേട്ടയാടിയാലും അത്തരം പരീക്ഷണങ്ങളെ നേരിടാന്‍ ഞങ്ങള്‍ക്കറിയാം. ഒരൊറ്റകാര്യമാണ് നിങ്ങളോടു പറയാനുള്ളത്. പാകിസ്താനിലെ ഹൈന്ദവ ന്യൂനപക്ഷത്തെ പരിരക്ഷിക്കുകയും അവരോട് മാന്യമായി പെരുമാറുകയും ചെയ്യേണ്ടത് നിങ്ങളുടെ കര്‍ത്തവ്യമാണെന്ന് മറക്കരുത്…’ സുഖലോലുപതയുടെ മോഹവലയത്തില്‍ തളികയില്‍ വെച്ചുനീട്ടിയ സ്ഥാനങ്ങള്‍ക്കപ്പുറം പിറന്ന നാടിനെ ഹൃദയത്തോട് ചേര്‍ത്ത് വിഭജനത്തിന്റെ കാരണക്കാരനെന്ന ദുരാരോപണത്തിന്റെ മുള്‍പാതകളിലൂടെ ഖാഇദെമില്ലത്ത് മുന്നോട്ടു പോയി.
1948 ജനുവരി 29ന് മദിരാശിയിലെ ഗസ്റ്റ് ഹൗസില്‍ ക്ഷണിച്ചുവരുത്തി ഗവര്‍ണര്‍ ജനറല്‍ മൗണ്ട് ബാറ്റണ്‍ പ്രഭു മുസ്ലിംലീഗുമായി മുന്നോട്ടുപോകരുതെന്ന് മുഖാമുഖമിരുന്ന് ശഠിച്ചപ്പോഴും നിങ്ങള്‍ പറയുന്നതെന്തും ചെയ്യാനൊരുക്കമല്ലെന്നും ദൗത്യത്തില്‍നിന്ന് പിന്‍മാറണമെന്ന് പ്രധാമന്ത്രി ജവഹര്‍ലാല്‍ നെഹ്റു പ്രലോഭിച്ചപ്പോഴും അദ്ദേഹം കുലുങ്ങിയില്ല. രാജാജി ഹാളില്‍ വിളിച്ചു കൂട്ടിയ സര്‍വേന്ത്യാ ലീഗിന്റെ ഇന്ത്യയില്‍ ബാക്കിയായവരുടെ കൗണ്‍സിലിന്റെ ഭൂരിപക്ഷാഭിപ്രായത്തില്‍ ബഹുസ്വരതയുടെ തിരുമുറ്റത്ത് സ്വത്വബോധത്തിന്റെ ഹരിതക്കൊടി വാനിലേക്കുയര്‍ത്തി. പ്രസിഡന്റ് ഖാഇദെമില്ലത്തിന്റെ ജൈത്രയാത്ര കശ്മീര്‍ മുതല്‍ കന്യാകുമാരി വരെ ഇരുട്ടിനെ വകഞ്ഞ് വെളിച്ചവുമായി ഓടി. രാജ്യത്ത് മുസ്ലിം പിന്നാക്ക ന്യൂനപക്ഷങ്ങള്‍ ഇന്നനുഭവിക്കുന്ന സാമൂഹ്യവുമായ പരിരക്ഷയും സുരക്ഷയും ഭരണഘടനയില്‍ ഉറപ്പാക്കാന്‍ പോരാടി നേടി. ഇന്ത്യന്‍ ഭരണഘടന രൂപീകരിക്കുന്നതില്‍ ഡോ.ബി.ആര്‍ അംബേദ്കര്‍, ജവഹര്‍ലാല്‍ നെഹ്റു, വല്ലഭായി പട്ടേല്‍ തുടങ്ങിയവര്‍ക്കൊപ്പം ജാഗ്രതയോടെ പ്രവര്‍ത്തിച്ചു. ഇസ്ലാമിക ശരീഅത്ത് സംരക്ഷിക്കുന്നതിലും മത ജാതി ഭാഷാ ന്യൂനപക്ഷങ്ങള്‍ക്ക് തുല്യ നീതി ഉറപ്പാക്കുന്നതിലും അദ്ദേഹത്തിന്റെ പങ്ക് ഒടുവിലെ സച്ചാര്‍ കമ്മിറ്റി റിപ്പോര്‍ട്ടും എടുത്തുപറയുന്നു. 1946 മുതല്‍ 1952 വരെ ഇന്ത്യന്‍ കോണ്‍സ്റ്റിറ്റു വന്റ് അസംബ്ലിയിലും മദ്രാസ് സ്റ്റേറ്റ് ലെജിസ്ലേറ്റീവ് അസംബ്ലിയിലും തുടര്‍ന്ന് ഇന്ത്യന്‍ റിപ്പബ്ലിക്കില്‍ 1952 മുതല്‍ 1957 വരെ രാജ്യസഭാംഗമായും 1962 മുതല്‍ 1972 വരെ മഞ്ചേരി മണ്ഡലത്തെ പ്രതിനിധീകരിച്ച് ലോക്സഭാംഗമായും ഐതിഹാസികമായിരുന്നു ജീവിതം. രാജ്യത്ത് ആരു മരണപ്പെട്ടാലും മൃതദേഹം ദഹിപ്പിക്കണമെന്ന പ്രമേയം പാര്‍ലമെന്റില്‍ വന്നപ്പോള്‍ സിംഹഗര്‍ജ്ജനത്തിലൂടെ അതിനെ തടയിട്ടതുള്‍പ്പെടെ എത്രയെത്ര സംഭവങ്ങള്‍. ന്യൂനപക്ഷങ്ങള്‍ക്കുവേണ്ടി പ്രത്യേക വകുപ്പും മന്ത്രിയും വേണമെന്ന് ആവശ്യപ്പെട്ട അദ്ദേഹത്തിന്റെ പിന്‍ഗാമി കേന്ദ്ര മന്ത്രിയായത് കാവ്യനീതി.

ഏക മകന്‍ മിയാഖാനെ യുദ്ധ വേളയില്‍ ഇന്ത്യന്‍ പട്ടാളത്തിലേക്ക് ‘സംഭാവന’ നല്‍കിയതും പ്രായം പറഞ്ഞ് രാജ്യം അതു തിരസ്‌കരിച്ച് സല്യൂട്ടടിച്ചതും ചരിത്രം. മണ്ഡലം കാണാതെ പാര്‍ലമെന്റിലേക്ക് വമ്പിച്ച ഭൂരിപക്ഷത്തിന് ജയം ആവര്‍ത്തിക്കുമ്പോഴാണ് കരുണാനിധി, ചന്ദ്രനില്‍ നോമിനേഷന്‍ കൊടുത്താലും വ്യക്തിപ്രഭാവമുള്ള ഖാഇദെമില്ലത്ത് ജയിക്കുമെന്ന് വണക്കം പറഞ്ഞത്. തമിഴ് മക്കള്‍ വാദത്തിലൂടെ ദിശമാറുമായിരുന്ന ഘട്ടത്തില്‍ ദ്രാവിഡ മുന്നേറ്റ കഴകം രൂപീകരിക്കാന്‍ ഇ.വി രാമസ്വാമി നായ്ക്കര്‍ക്കും സി.എന്‍ അണ്ണാദൂരൈക്കും പ്രചോദനം നല്‍കിയ അദ്ദേഹത്തെ തമിഴ്നാട് എല്ലാ അര്‍ത്ഥത്തില്‍ അവരുടെ നേതാവായാണ് കണ്ടത്. പ്രധാനമന്ത്രി ഇന്ദിരാഗാന്ധി സുപ്രധാന വിഷയങ്ങളിലെ കൂടിയാലോചനകളില്‍ ഇസ്മായില്‍ സാഹിബിനെ ഉള്‍പ്പെടുത്തിയെന്നു മാത്രമല്ല,

അദ്ദേഹത്തിന്റെ പാര്‍ലമെന്റ് പ്രസംഗങ്ങള്‍ തിരക്കുകള്‍ മാറ്റിവെച്ച് ആദ്യാവസാനം ശ്രവിച്ചിരുന്നതും ചരിത്രം.
ഇന്ത്യാ പാക് യുദ്ധകാലത്ത് മുസ്ലിം ലിഗ് പ്രവര്‍ത്തകരെ അകാരണമായി അറസ്റ്റ് ചെയ്യാന്‍ ശ്രമങ്ങളുണ്ടായപ്പോള്‍ ആഭ്യന്തര മന്ത്രി ഗുല്‍സാരി ലാല്‍ നന്ദയുടെ കാബിനിലെത്തി, ‘എങ്കില്‍ ആദ്യം എന്നെ അറസ്റ്റ് ചെയ്യൂ’ എന്ന് ശബ്ദമുയര്‍ത്തിയ ചങ്കൂറ്റത്തിന്റെ പേരാണ് ഖാഇദെമില്ലത്ത്. കേരളത്തില്‍ പട്ടിക്കാട് ജാമിഅ നൂരിയ മുതല്‍ ഫാറൂഖ് കോളജ് വരെ അസ്തിവാരമിട്ട ഖാഇദെമില്ലത്ത്, തമിഴ്നാട്ടില്‍ 13 കോളജുകള്‍ ഉള്‍പ്പെടെ എത്രയോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ കെട്ടിപ്പടുത്തു. അദ്ദേഹത്തിന്റെ പേരില്‍ ജില്ല രൂപീകരിച്ച തമിഴ്നാട് പില്‍ക്കാലത്ത് വ്യക്തികളുടെ പേരില്‍ ജില്ല വേണ്ടെന്ന പൊതു നിര്‍ദേശം വന്നപ്പോഴാണ് അതു പിന്‍വലിച്ചത്.

1896 ജൂണ്‍ അഞ്ചിന് തിരുനല്‍വേലി പേട്ടയില്‍ സമ്പന്ന തുകല്‍ വ്യാപാരി കുടുംബത്തില്‍ മൗലവി കെ.ടി മയ്ഖാന്‍ റാവുത്തറിന്റ മകനായി ജനിച്ച അദ്ദേഹം തിര്‍നല്‍വേലിയിലെ സി.എം.എസ് കോളജ് എം.ഡി.ടി ഹിന്ദു കോളജ് ട്രിച്ചിയിലെ സെന്റ് ജോസഫ് കോളജ്, മദ്രാസ് ക്രിസ്ത്യന്‍ കോളജ് എന്നിവിടങ്ങളില്‍ നിന്നായി വിദ്യാഭ്യാസം പൂര്‍ത്തിയാക്കി. 1923ല്‍ ജമാല്‍ ഹമീദ ബിയെ വിവാഹം ചെയ്തു. പതിമൂന്നാമത്തെ വയസില്‍ 1909 ല്‍ സമപ്രായക്കാരോടൊപ്പംചേര്‍ന്ന് തിരുനല്‍വേലിയില്‍ യംഗ് മുസ്ലിം സൊസൈറ്റി രൂപീകരിച്ചു. 1918 ല്‍ മുസ്ലിം പണ്ഡിതന്മാരുടെ കൂട്ടായ്മയായ മജ്ലിസുല്‍ ഉലമ എന്ന സംഘടനക്കു നേതൃത്വം നല്‍കി. 1936 ല്‍ ആള്‍ ഇന്ത്യാ മുസ്ലിം ലീഗില്‍ ചേര്‍ന്നു. 1945ല്‍ മുസ്ലിംലീഗിന്റെ മദ്രാസ് പ്രവിശ്യാ പ്രസിഡന്റായി. 1948 മാര്‍ച്ച് 10 മുതല്‍ മരണം വരെ ഇന്ത്യന്‍ യൂണിയന്‍ പ്രസിഡന്റായി.

വിഭജനത്തിന്റെ കാരണക്കാരെന്ന കൂരമ്പേറ്റ് തളരാതെ രണ്ടു പതിറ്റാണ്ട് നടന്നുനീങ്ങിയ ഖാഇദെമില്ലത്തിന്റെ അവസാനകാലത്ത് ഒരേസമയം ഒമ്പത് പാര്‍ലമെന്റ് അംഗങ്ങളാണ് പാര്‍ലമെന്റില്‍ മുസ്ലിംലീഗിനുണ്ടായത്്; ലോക്സഭയില്‍ നാലും, രാജ്യസഭയില്‍ അഞ്ചും. ബംഗാളിലും കേരളത്തിലും മന്ത്രിമാരും. ഓടിത്തളര്‍ന്ന് ആ കൈതിരി തലമുറകള്‍ക്ക് കൈമാറി, 1972 ഏപ്രില്‍ അഞ്ചിന് പുലര്‍ച്ചെ ഒന്നരയോടെ മദ്രാസിലെ സ്റ്റാന്‍ലി മെഡിക്കല്‍ കോളജില്‍ വെച്ച് ഈ ലോകത്തോട് യാത്ര പറഞ്ഞപ്പോള്‍ അക്ഷരാര്‍ത്ഥത്തില്‍ ഇന്ത്യാ ഉപഖണ്ഡത്തിലെ പതിതര്‍ അനാഥരായി. ഖാഇദെമില്ലത്തിന്റെ ദര്‍ശനം കൈമുതലാക്കിയവര്‍ അഭിമാനത്തോടെ ജീവിക്കുന്നുവെന്നതാണ് വിയോഗത്തിന്റെ 51ാം ആണ്ടിലെ നിറഞ്ഞു പ്രകാശിക്കുന്ന ഓര്‍മത്തിരി. ദിവസങ്ങള്‍ക്ക് മുമ്പ് മദ്രാസിലെ സ്റ്റാന്‍ലി ആശുപത്രിയില്‍ ഖാഇദെമില്ലത്തിന്റെ മുമ്പില്‍ പാടിയ ഗാനം അനുശോചന യോഗത്തില്‍ ആലപിച്ചപ്പോള്‍ നാഗൂര്‍ ഹനീഫക്കൊപ്പം തമിഴ്നാട് മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവരുടെ ഹൃദയത്തിലെ തേങ്ങല്‍ ജനകോടികളുടെ തേട്ടമായി.
‘മണ്ണില്‍ പിറന്തതേനോ
എങ്കള്‍ പെരുമാനേ,
മാനിലത്തെ താങ്കിടവോ
എങ്കള്‍ പെരുമാനേ…’

webdesk11: