X

ഏഷ്യന്‍ ഗെയിംസില്‍ ഇന്ന് ഇന്ത്യ-ചൈന ഫുട്‌ബോള്‍

ഹാംഗ്ഷു: ഒമ്പത് വര്‍ഷത്തെ വലിയ ഇടവേളക്ക് ശേഷം ഏഷ്യന്‍ ഗെയിംസ് ഫുട്‌ബോളില്‍ ഇന്ത്യ ഇന്ന് പന്ത് തട്ടുന്നു. ആതിഥേയരായ ചൈനയാണ് പ്രതിയോഗികള്‍. ഇന്ന് വൈകീട്ട് അഞ്ച് മണിക്ക് ഹുവാന്‍ലോംഗ് സ്‌പോര്‍ട്‌സ് സെന്റര്‍ സ്‌റ്റേഡിയത്തിലാണ് ആദ്യ മല്‍സരം. സോണി ടെന്നിലും സോണി ലിവ് ആപ്പിലുമെല്ലാം മല്‍സരത്തിന്റെ തല്‍സമയ സംപ്രേഷണമുണ്ട്. ദേശീയ പരിശീലകന്‍ ഇഗോര്‍ സ്റ്റിമോക് തന്നെയാണ് ടീമിനെ ഒരുക്കുന്നത്. സീനിയര്‍ താരങ്ങളായ നായകന്‍ സുനില്‍ ഛേത്രിയും ഡിഫന്‍ഡര്‍ സന്ദേശ് ജിങ്കാനും മാത്രം. ബാക്കിയെല്ലാം യുവ നിരയിലുള്ളലവരാണ്. ഡല്‍ഹി ആതിഥേത്വം വഹിച്ച പ്രഥമ ഏഷ്യന്‍ ഗെയിംസില്‍ കിരീടം സ്വന്തമാക്കിയവരാണ് ഇന്ത്യ. പിന്നീട് പലവട്ടം വന്‍കരാ സോക്കറില്‍ ഇന്ത്യ കരുത്ത് കാട്ടിയിരുന്നു.

എന്നാല്‍ സമീപകാലത്തെ പ്രകടനങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ ഏഷ്യന്‍ ഗെയിംസിന് ഇന്ത്യ ടീമിനെ അയക്കാതെയായി. ഇത്തവണയും ആദ്യ പട്ടികയില്‍ ഫുട്‌ബോള്‍ സംഘമുണ്ടായിരുന്നില്ല. ഇന്ത്യ ആതിഥേയത്വം വഹിച്ച സാഫ് ഫുട്‌ബോളില്‍ കിരീടം സ്വന്തമാക്കുകയും ഫിഫ റാങ്കിംഗില്‍ ഇന്ത്യ 99 ലെത്തുകയും ചെയ്ത സാഹചര്യത്തില്‍ ഏഷ്യന്‍ ഗെയിംസ് പോലുള്ള വേദികള്‍ നഷ്ടമാക്കരുതെന്ന് ദേശീയ കോച്ച് ഇഗോര്‍ സ്റ്റിമോക് വാദിക്കുകയും അദ്ദേഹം പ്രധാനമന്ത്രിക്ക് കത്തയക്കുകയും ചെയ്തിരുന്നു. വന്‍കരാ റാങ്കിംഗില്‍ ആദ്യ അഞ്ചില്‍ വരുന്ന കായിക ഇനങ്ങള്‍ക്ക് മാത്രമായിരുന്നു കായികമന്ത്രാലയം അനുമതി നല്‍കിയിരുന്നത്. എന്നാല്‍ കോച്ചിന്റെ ഇടപെടലിലും അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ ചെലുത്തിയ സമ്മര്‍ദ്ദത്തിലും നിലപാട് മാറുകയായിരുന്നു. പിന്നീട് ടീം നിര്‍ണയത്തിലും പ്രശ്‌നങ്ങള്‍ വന്നു. ഇന്ത്യന്‍ സൂപ്പര്‍ ലീഗ് മല്‍സരങ്ങള്‍ ഇതേ വാരത്തില്‍ ആരംഭിക്കവെ മുഖ്യ താരങ്ങളെ വിട്ടു നല്‍കാന്‍ ക്ലബുകള്‍ ഒരുക്കമായിരുന്നില്ല. അണ്ടര്‍ 23 താരങ്ങള്‍ക്കാണ് ഏഷ്യന്‍ ഗെയിംസില്‍ പരിഗണന. പക്ഷേ മൂന്ന് സീനിയര്‍ താരങ്ങളെ ഉള്‍പ്പെടുത്താം. ഇത് പ്രകാരം ഛേത്രിയെയും ജിങ്കാനെയും ഗോള്‍ക്കീപ്പര്‍ ഗുര്‍പ്രീത് സന്ധുവിനെയുമാണ് തെരഞ്ഞെടുത്തിരുന്നത്. എന്നാല്‍ ബെംഗളുരു എഫ്.സി കാവല്‍ക്കാരനായ സന്ധുവിനെ ടീം വിട്ടുനല്‍കിയില്ല. ഏഷ്യന്‍ റാങ്കില്‍ 18 ല്‍ നില്‍ക്കുന്ന ഇന്ത്യയുടെ പുരുഷ സംഘത്തിന് പുറമെ 11 ലുള്ള വനിതാ സംഘവും ഏഷ്യന്‍ ഗെയിംസില്‍ പന്ത് തട്ടുന്നുണ്ട്. ചൈനക്കെതിരായ മല്‍സരത്തിന് ശേഷം ഇന്ത്യ ബംഗ്ലാദേശുമായും ഗ്രൂപ്പിലെ അവസാന മല്‍സരത്തില്‍ മ്യാന്‍മറിനെയും എതിരിടും.

 

webdesk11: