X

ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ന് ഇന്ത്യയും പാക്കിസ്താനും മുഖാമുഖം

കൊളംബോ: ഇന്നത്തെ ഞായര്‍ മഴ പെയ്തില്ലെങ്കില്‍ കൊളംബോയില്‍ ഗംഭീരമായൊരു അയല്‍പ്പക്ക പോരാട്ടം കാണാം. ഏഷ്യാ കപ്പ് സൂപ്പര്‍ ഫോറില്‍ ഇന്ത്യയും പാക്കിസ്താനും മുഖാമുഖം. ഉച്ചത്തിരിഞ്ഞ് 03 ന് ആരംഭിക്കുന്ന മല്‍സരത്തിന് കാര്‍മേഘങ്ങള്‍ തന്നെയാണ് ഭീഷണി. ഏഷ്യാ കപ്പില്‍ കാന്‍ഡിയില്‍ അയല്‍ക്കാര്‍ ആദ്യ റൗണ്ടില്‍ നേര്‍ക്കുനേര്‍ വന്നപ്പോള്‍ കളി അപൂര്‍ണമായിരുന്നു. ഇന്നത്തെ മല്‍സരം മഴയില്‍ മുങ്ങിയാല്‍ നാളത്തെ ഒരു റിസര്‍വ് ദിവസമുണ്ട്. പക്ഷേ ഈ തീരുമാനം ചോദ്യം ചെയ്യപ്പെട്ട് കഴിഞ്ഞു.

സൂപ്പര്‍ ഫോറില്‍ ഇതിനകം രണ്ട് മല്‍സരങ്ങളാണ് നടന്നത്. പാക്കിസ്താന്‍ ബംഗ്ലാദേശിനെ വീഴ്ത്തിയപ്പോള്‍ ലങ്ക ബംഗ്ലാദേശുമായും കളിച്ചു. ഇന്ത്യക്കിന്ന് ആദ്യ പോരാട്ടമാണ്. ഫൈനല്‍ ബെര്‍ത്ത്് ഉറപ്പിക്കാന്‍ സൂപ്പര്‍ ഫോറിലെ രണ്ട് മല്‍സരമെങ്കിലും ജയിക്കണം. ഉജ്ജ്വല ഫോമിലാണ് ബബര്‍ അസമും സംഘവും. ബൗളര്‍മാരാണ് പാക് കരുത്ത്. ഷഹിന്‍ഷാ അഫ്രീദി, നസീം ഷാ, ഹാരിസ് റൗഫ് എന്നിവരടങ്ങുന്ന ത്രയം മിന്നും മികവിലാണ്. ബംഗ്ലാദേശിനെതിരായ സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ടീമിന്റെ വിജയം ഉറപ്പാക്കിയത് ഇവരായിരുന്നു. റൗഫ് നാല് വിക്കറ്റുകളാണ് ആ മല്‍സരത്തില്‍ നേടിയത്. പ്രാഥമിക റൗണ്ടില്‍ ഇന്ത്യന്‍ മുന്‍നിരക്കാരെ വിറപ്പിച്ചിരുന്നു അഫ്രീദി. രോഹിത് ശര്‍മ, വിരാത് കോലി എന്നിവരെയെല്ലാം അദ്ദേഹം നേരത്തെ പുറത്താക്കിയപ്പോള്‍ പൊരുതിയത് ഇഷാന്‍ കിഷനും ഹാര്‍ദിക് പാണ്ഡ്യയുമായിരുന്നു. ഇന്ന് കെ.എല്‍ രാഹുല്‍ വിക്കറ്റ് കീപ്പറായി വരുമ്പോള്‍ ഇഷാന് ഇടമുണ്ടാവില്ല. പാക്കിസ്താന്‍ ബാറ്റര്‍മാരായ ബബര്‍ അസമിനെയും മുഹമ്മദ് റിസ്‌വാനെയും ഫഖാര്‍ സമാനെയുമെല്ലാം വിറപ്പിക്കാന്‍ മാത്രം കരുത്ത് ജസ്പ്രീത് ബുംറക്കും സംഘത്തിനുമുണ്ടോ എന്ന സംശയവും ബാക്കിനില്‍ക്കുന്നു. കന്നിക്കാരായ നേപ്പാളികള്‍ പോലും ഇന്ത്യന്‍ പേസിനെ അനായാസം നേരിട്ടിരുന്നു.

webdesk11: