മനുഷ്യരാശിയെ തന്നെ ഭീതിയിലാഴ്ത്തിയ ഈ മഹാവിപത്തില്‍ നിന്നും ലോകത്തെ രക്ഷിക്കുന്നതിനും എച്ച് ഐ വി രോഗബാധിതരായവര്‍ക്ക് സ്വാന്തനമേകുന്നതിനും വേണ്ടിയാണ് ലോകാരോഗ്യ സംഘടന ഡിസംബര്‍ 1 ലോക എയ്ഡ്‌സ് ദിനമായി ആചരിക്കുന്നത്.
1996-ല്‍ ആരംഭിച്ച യുഎന്‍എയിഡ്‌സ് ആണ് ലോക എയിഡ്‌സ് ദിന പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടെയുള്ള എയിഡ്‌സ് നിയന്ത്രണ പ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്തു നടപ്പാക്കുന്നത്. ഒരു ദിവസത്തെ പ്രചാരണത്തില്‍ ഒതുക്കാതെ വര്‍ഷം മുഴുവന്‍ നീണ്ടു നില്‍ക്കുന്ന എയിഡ്‌സ്-വിരുദ്ധ-പ്രതിരോധ-വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങള്‍ ആണ് യുഎന്‍ എയിഡ്‌സ് 1997 മുതല്‍ നടപ്പാക്കുന്നത്.
ഇപ്പോഴും ലോകത്തെ പേടിപ്പിച്ചുകൊണ്ടിരിക്കുന്ന വൈറസ് രോഗമാണ് എയ്ഡ്‌സ്. വൈദ്യശാസ്ത്രത്തിന് വലിയ വെല്ലുവിളിയുയര്‍ത്തിയ ഈ രോഗം വലിയ സാമൂഹിക പ്രത്യാഘാതമാണ് സൃഷ്ടിച്ചത്. ACQUIRED IMMUNO DEFICIENCY SYNDROME എന്നാണ് എയ്ഡ്‌സ് എന്ന വാക്കിന്റെ പൂര്‍ണരൂപം .
ശരീരത്തിന്റെ രോഗപ്രതിരോധ സംവിധാനത്തെ തകര്‍ക്കുന്ന വൈറസാണ് എച്ച് ഐ വി വൈറസിന്റെ പ്രവര്‍ത്തനംമൂലം പ്രതിരോധശേഷി തകരാറിലാവുകയും തന്മൂലം ശരീരത്തിലേക്ക് കയറിക്കൂടുന്ന മറ്റ് അണുബാധകള്‍ മരണത്തിലേക്ക് നയിക്കുന്നു. ഈ രോഗം പകരുന്നത് ലൈംഗിക ബന്ധത്തിലൂടെയും രോഗം ബാധിച്ച ആളുകളുടെ രക്തം സ്വീകരിക്കുന്നതിലൂടെയും ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ നിന്നു കുഞ്ഞിലേക്കും അണു വിമുക്തമാക്കാത്ത സിറിഞ്ചുകളിലൂടെയുള്ളകുത്തിവയ്പിലൂടെയും ആണ്. രോഗിയുടെ കൂടെ ഭക്ഷണം കഴിക്കുന്നതിലൂടെയോ ഒരുമിച്ച് താമസിക്കുന്നത് കൊണ്ടോ രോഗിയെ തൊടുന്നതു കൊണ്ടോ ഹസ്തദാനം ചെയ്യുന്നതു കൊണ്ടോപകരുകയില്ല.
സംസ്ഥാനത്ത് 19നും 25നും ഇടയിലുള്ളവരില്‍ എച്ച്ഐവി ബാധ കൂടുന്നതായയുള്ള വിവരം എയ്ഡ്സ് കണ്‍ട്രോള്‍ സൊസൈറ്റി അറിയിച്ചിരുന്നു. ലഹരി കുത്തിവയ്പ് ഉള്‍പ്പെടെ ഇതിനു കാരണമാകാമെന്നാണ് വിലയിരുത്തല്‍. ആകെ എച്ച്ഐവി പോസിറ്റിവില്‍ 15 ശതമാനം പേരും ഈ പ്രായത്തില്‍ ഉള്ളവരാണ്. ഇന്ത്യയില്‍ ഏറ്റവും കുറവ് എച്ച്ഐവി പോസിറ്റിവ് നിരക്ക് ഉള്ള സംസ്ഥാനങ്ങളിലൊന്നാണ് കേരളം
എയ്ഡ്‌സിനെതിരെ പോരാടുവാനും ജനങ്ങളില്‍ വേണ്ടവിധം ബോധവല്‍ക്കരണം നടത്താനും നാമോരോരുത്തരും ബാധ്യസ്ഥരാണ്. എയ്ഡ്‌സിനെ പ്രതിരോധിക്കാം കൃത്യ സമയത്തെ രോഗനിര്‍ണ്ണയത്തിലൂടെയും ചിട്ടയായ പ്രതിരോധപ്രവര്‍ത്തനങ്ങളിലൂടെയും.
നന്മയുള്ള ലോകത്തിനായി കൈകോര്‍ക്കാം.