ക്രിക്കറ്റ് ലോകകപ്പില്‍ ഇന്ന് ഓസ്‌ട്രേലിയ ശ്രീലങ്കയോട് ഏറ്റുമുട്ടും. ഇരു ടീമുകളും ടൂര്‍ണമെന്റിലെ ആദ്യ വിജയമാണ് ലക്ഷ്യമിടുന്നത്. ശ്രീലങ്കയുടെ നായകന്‍ ദസുന്‍ ഷനക പരിക്കേറ്റ് പുറത്തായത് ടീമിന് വന്‍ തിരിച്ചടിയാകും. ഉച്ചയ്ക്ക് രണ്ടിന് ലഖ്‌നൗവിലാണ് മത്സരം.
ഓസ്‌ട്രേലിയയക്കും ശ്രീലങ്കക്കും ഇന്നത്തെ മത്സരത്തില്‍ വിജയം അനിവാര്യമാണ്. 2 കളികളിലും ബാറ്റിങ്ങില്‍ മികച്ച് നിന്നെങ്കിലും ബൗളിങ്ങില്‍ താളം കണ്ടെത്താനാകാത്തതാണ് ശ്രീലങ്കക്ക് തിരിച്ചടിയാകുന്നത്. പരിചയ സമ്പത്ത് കുറഞ്ഞ ബൗളിങ് നിരയുടെ പ്രകടനം ശരാശരിക്കും താഴെയാണ്.
ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോട് 400ന് മുകളില്‍ വഴങ്ങിയ ബൗളേഴ്‌സ് രണ്ടാം മത്സരത്തില്‍ പാകിസ്താനെതിരെയും മോശം പ്രകനം ആവര്‍ത്തിച്ചു. 345 റണ്‍സ് വിജയലക്ഷ്യം ഉയര്‍ത്തിയാണ് ടീം പാകിസ്താനോട് തോല്‍വി ഏറ്റുവാങ്ങിയത്. നായകന്‍ ദസുന്‍ ഷനക പരിക്കേറ്റ് ടൂര്‍ണമെന്റില്‍ നിന്ന് പുറത്തായതും ശ്രീലങ്കക്ക് കൂടുതല്‍ തിരിച്ചടിയാണ്.
ഓസ്‌ട്രേലിലിയ ആദ്യമത്സരത്തില്‍ ഇന്ത്യയോടും രണ്ടാം മത്സരത്തില്‍ ദക്ഷിണാഫ്രിക്കയോടുമാണ് പരാജയപ്പെട്ടത്. രണ്ട് കളികളിലും ബാറ്റ് കൊണ്ടോ ബൗള്‍ കൊണ്ടോ എതിരാളികള്‍ക്ക് മുന്നില്‍ വെല്ലുവിളി ഉയര്‍ത്താന്‍ ടീമിനായില്ല. ഇന്ത്യന്‍ മണ്ണില്‍ ഒരു സ്‌പെഷ്യലിസ്റ്റ് സ്പിന്നറുമായി എത്തിയതും ടീമിന് തിരിച്ചടി നല്‍കുന്നുണ്ട്. ലഖ്‌നോവിലെ പിച്ച് മത്സരം പുരോഗമിക്കുംതോറും ബാറ്റിങ്ങിന് ദുഷ്‌കരമാകാനാണ് സാധ്യത. അതിനാല്‍ കളിയില്‍ ടോസ് നിര്‍ണായകമാകും.
ഏകദിന ലോകകപ്പുകളില്‍ ഇരു ടീമുകളും 11 തവണ ഏറ്റുമുട്ടിയപ്പോള്‍ 8 തവണ ഓസ്‌ട്രേലിയയാണ് വിജയം സ്വന്തമാക്കിയത്. രണ്ട് പ്രാവശ്യം ശ്രീലങ്ക വിജയിച്ചപ്പോള്‍ ഒരു മത്സരം ഉപേക്ഷിച്ചു. ഇന്നത്തെ മത്സരം കൂടി തോറ്റാല്‍ വന്‍ വിമര്‍ശനമായിരിക്കും ടീമുകള്‍ക്ക് ആരാധകരില്‍ നിന്ന് ഏറ്റുവാങ്ങേണ്ടി വരിക.