തിരുവനന്തപുരം: കോവിഡ് ആശങ്കകള്‍ക്ക് ശേഷം സംസ്ഥാനത്തെ സ്‌കൂളുകള്‍ ഇന്നുമുതല്‍ സാധാരണ നിലയിലേക്ക്. സ്‌കൂളുകള്‍ പൂര്‍ണമായും തുറന്നു പ്രവര്‍ത്തിപ്പിക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തില്‍ 47 ലക്ഷത്തോളം വിദ്യാര്‍ത്ഥികളാണ് ഇന്ന് സ്‌കൂളുകളിലെത്തുന്നത്. ഒന്ന് മുതല്‍ പത്ത് വരെ 38 ലക്ഷത്തില്‍പരം വിദ്യാര്‍ത്ഥികളും ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ ഏഴര ലക്ഷത്തോളം വിദ്യാര്‍ത്ഥികളും വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി വിഭാഗത്തില്‍ അറുപത്തി ആറായിരത്തോളം വിദ്യാര്‍ത്ഥികളുമാണുള്ളത്.
കോവിഡിന് ശേഷം ഇതാദ്യമായാണ് സ്‌കൂളുകള്‍ സമ്പൂര്‍ണ തോതില്‍ തുറക്കുന്നത്. കോവിഡ് മാനദണ്ഡങ്ങള്‍ പൂര്‍ണമായും പാലിച്ചു കൊണ്ടാകും സ്‌കൂളുകളുടെ പ്രവര്‍ത്തനം. പൊതുവിദ്യാഭ്യാസ, ആരോഗ്യ, ഗതാഗത, തദ്ദേശ ഭരണ, ആഭ്യന്തര വകുപ്പുകളുടെ ഏകോപനത്തോടെയാണ് സ്‌കൂളുകള്‍ പൂര്‍ണ തോതില്‍ പ്രവര്‍ത്തനമാരംഭിക്കുന്നത്. സംസ്ഥാനത്തെ സി.ബി.എസ്.ഇ സ് കൂളുകള്‍ക്കും ഐ.സി.എസ്.ഇ സ്‌കൂളുകള്‍ക്കും സര്‍ക്കാര്‍ തീരുമാനങ്ങള്‍ ബാധകമാണ്.