ന്യൂഡല്‍ഹി: സിഗരറ്റും പുകയില ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിനുള്ള കുറഞ്ഞ പ്രായം 21 വയസ്സാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. നിലവില്‍ 18 വയസാണ് പുകയില ഉല്‍പന്നങ്ങള്‍ വാങ്ങുന്നതിനും വില്‍ക്കുന്നതിനുമുള്ള കുറഞ്ഞ പ്രായപരിധി. പുകയില ഉത്പന്നങ്ങള്‍ പരസ്യം ചെയ്യുന്നതും വാങ്ങുന്നതും വില്‍ക്കുന്നതും വിതരണം ചെയ്യുന്നതും സംബന്ധിച്ചു നിലവിലുള്ള 2003ലെ പുകയില നിരോധന നിയമത്തിലാണ് (COTPA 2003) സര്‍ക്കാര്‍ ഭേദഗതി വരുത്തുന്നത്.
കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് പുതിയ ഭേദഗതി കൊണ്ടുവരുന്നത്. ഭേദഗതി പ്രകാരം ഒരു വ്യക്തിയും പുകയില ഉത്പന്നം 21 വയസ്സില്‍ താഴെയുള്ളയാള്‍ക്കോ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് 100 മീറ്റര്‍ പരിധിയില്‍ വില്‍ക്കുകയോ വില്‍ക്കാന്‍ പ്രേരിപ്പിക്കുകയോ ചെയ്യരുത്.
അനധികൃതമായി സിഗരറ്റുകളും പുകയില ഉല്‍പന്നങ്ങളും വില്‍ക്കുന്നതിനെതിരെയും നിയമം വന്നേക്കും. പൊതുസ്ഥലങ്ങളില്‍ പുകവലിക്കുന്നതിനുള്ള പിഴ 200 രൂപയില്‍നിന്ന് 2000 രൂപയാക്കുമെന്നാണ് ബില്ലിന്റെ കരടില്‍ പറയുന്നത്.