X

മുസ്‌ലിംലീഗ്‌റാലി കണ്ട് കണ്ണ് തള്ളിയവരോട്- എഡിറ്റോറിയല്‍

മുസ്‌ലിംലീഗ് സംസ്ഥാനകമ്മിറ്റി കോഴിക്കോട്കടപ്പുറത്ത് വ്യാഴാഴ്ചസംഘടിപ്പിച്ച വഖഫ്‌സംരക്ഷണറാലി കണ്ട ചിലര്‍ നിരാശയുടെ പടുകുഴിയിലകപ്പെട്ടതായാണ് അവരുടെ തുടര്‍പ്രതികരണങ്ങള്‍ വ്യക്തമാക്കുന്നത്. റാലിയുടെ വിജയത്തിനെതിരെ ചിലര്‍ പലവിധത്തിലുള്ള ‘കാപ്‌സ്യൂള്‍’ കണ്ടുപിടിക്കാന്‍ മെനക്കെടുന്ന കാഴ്ചയാണ് കാണുന്നത്. ഒട്ടനവധി മഹാസമ്മേളനങ്ങള്‍ക്ക് സാക്ഷ്യംവഹിച്ചിട്ടുള്ള കോഴിക്കോട് കടപ്പുറം തൊട്ടടുത്ത അറബിക്കടലിലെ തിരമാലകളെ വെല്ലുന്ന തരത്തിലുള്ള ജനസാഗരത്തെയാണ് അക്ഷരാര്‍ത്ഥത്തില്‍ ദര്‍ശിച്ചത്. അതിനുകാരണം സംഘാടകര്‍ ഉയര്‍ത്തിപ്പിടിച്ച ലക്ഷ്യവും മുദ്രാവാക്യവും ആശയാആദര്‍ശവും തന്നെയാണ്. അതിന്റെ വിജയം സംഘാടകരുടെ പ്രതീക്ഷ കടത്തിവെട്ടുന്നതായി. ഈവിജയത്തിന്റെ മാറ്റ് എങ്ങനെ കുറയ്ക്കാമെന്ന് തലപുകച്ചവരാണ് ഇപ്പോള്‍ വിലകുറഞ്ഞവിവാദങ്ങളുമായി ഇറങ്ങിപ്പുറപ്പെട്ടിട്ടുള്ളത്. ഭിന്നിപ്പിച്ച് കാര്യംനേടാമെന്ന മാര്‍ക്‌സിസ്റ്റ് കുതന്ത്രത്തിനേറ്റ കനത്തതിരിച്ചടിയാണ് സത്യത്തില്‍ കോഴിക്കോട് നല്‍കിയത്. പറയാനുള്ളത് മുഖത്തുനോക്കി പറയാനും നേടാനുളളത് പോരാടിനേടാനും ശേഷിയും ആര്‍ജവവുമുള്ള പ്രസ്ഥാനമാണ് മുസ്‌ലിംലീഗ്.

വഖഫ്‌ബോര്‍ഡിലെ നിയമനങ്ങള്‍ ഏകപക്ഷീയമായി പി.എസ്.സിക്ക് വിട്ടുകൊണ്ടുള്ള നവംബര്‍ഒന്‍പതിലെ നിയമമാണ് പ്രത്യക്ഷ സമരരംഗത്തേക്കിറങ്ങാന്‍ കേരളത്തിലെ മുസ്‌ലിംകളാദി ജനാധിപത്യമതേരവിശ്വാസികളെ പ്രേരിപ്പിച്ചത്. വലിയൊരുശതമാനം ജനതതി ഓര്‍ഡിനന്‍സിനും നിയമത്തിനുമെതിരെ വിവിധവേദികളില്‍ ശബ്ദമുയര്‍ത്തി. മുസ്‌ലിംലീഗും കോണ്‍ഗ്രസ് പ്രതിനിധികളും നിയമത്തിന്റെ ന്യൂനതകളും അവകാശലംഘനങ്ങളും നിയമസഭയില്‍ ശക്തിയുക്തം ചൂണ്ടിക്കാട്ടിയിട്ടും ഏതോ നിര്‍ബന്ധബുദ്ധിയോടെയാണ് സര്‍ക്കാര്‍ മുസ്‌ലിംമന്ത്രിയെകൊണ്ടുതന്നെ ബില്ലവതരപ്പിച്ച് പാസാക്കിയെടുത്തത്. എന്നാല്‍പിന്നെ ഇനി ജനങ്ങള്‍ക്കിടയില്‍കാണാമെന്നാണ് മുസ്‌ലിംലീഗ് തീരുമാനിച്ചതും അതിനായി ജനകീയസമരമുഖങ്ങള്‍ തുറന്നതും. ജില്ലാകലക്ടറേറ്റുകള്‍ക്കുമുന്നില്‍ നടത്തിയ ധര്‍ണക്ക് പിറകെയാണ് നിയമം നിര്‍മിച്ചതിന്റെ കൃത്യം ഒരുമാസംതികയുന്ന ഡിസംബര്‍9ന് കോഴിക്കോട്ടെ റാലി പ്രഖ്യാപിച്ചത്. പ്രതിഷേധം കനത്തതോടെ പ്രത്യേകമതസംഘടനയെമാത്രം വിളിച്ച് ചര്‍ച്ചനടത്തിയ മുഖ്യമന്ത്രി നിയമം നടപ്പാക്കുന്നതില്‍ നിര്‍ബന്ധബുദ്ധിയില്ലെന്നും വിശദമായചര്‍ച്ച നടത്തുമെന്നും അവരെ അറിയിച്ചു. താന്‍ മുന്‍കൈയെടുത്ത് പാസാക്കിയ ഒരുനിയമം തത്കാലംനടപ്പാക്കുന്നില്ലെന്ന് പറയേണ്ടിവന്നത് അതുണ്ടാക്കുന്ന ഭവിഷ്യത്ത് തിരിച്ചറിഞ്ഞതിനാലാണെന്ന് വ്യക്തം. കേരളത്തിലെ 27ശതമാനം വരുന്ന മുസ്‌ലിംസമുദായത്തിനകത്ത് ഭിന്നതസൃഷ്ടിച്ച് ഒരുഭാഗത്തെ പാട്ടിലാക്കുക എന്നദുഷ്ടലാക്കാണ് പിണറായിവിജയനിലെ കൗശലക്കാരന്‍ പയറ്റിനോക്കിയത്.

പിണറായിയുടെ ഈ കുടിലബുദ്ധി മുമ്പേതിരിച്ചറിഞ്ഞിട്ടുള്ള മുസ്‌ലിംലീഗും മുസ്‌ലിംജനസാമാന്യവും സര്‍ക്കാരിനെ തിരുത്തിക്കുന്നതുവരെ സമരരംഗത്ത് ഉറച്ചുനില്‍ക്കുമെന്ന് തീരുമാനിച്ചത് സ്വാഭാവികം. ഒരുസംഘടനയെ സംബന്ധിച്ചിടത്തോളം അതുയര്‍ത്തിപ്പിടിക്കുന്ന നയങ്ങള്‍ക്കും ആശയങ്ങള്‍ക്കുംവേണ്ടി ജീവന്‍കൊടുത്തുംപോരാടുക എന്നത് മാതൃകാപരമായിരിക്കവെ വഖഫ്‌സംരക്ഷണറാലിയെ മുസ്്‌ലിംലീഗ്അണികള്‍ നെഞ്ചേറ്റുന്നതാണ് കണ്ടത്. കോഴിക്കോട്ടെ മഹാസാഗരത്തെ ചിലമാധ്യമങ്ങള്‍ കാണാതെപോയതുപോലെ മുസ്‌ലിംലീഗിന്റെ ശത്രുക്കള്‍ കണ്ണിലെണ്ണയൊഴിച്ചാണ് റാലിയുടെ ഓരോനിരയെയും വീക്ഷിച്ചതും വിലയിരുത്തിയതുമെന്ന് അവരുടെ വിമര്‍ശനം വ്യക്തമാക്കുന്നു. വിഷയംമാറ്റാനായി സമ്മേളനത്തിനിടെ കേട്ട ഒരുവാചകത്തെപിടിച്ച് സന്ദര്‍ഭത്തില്‍നിന്ന് അടര്‍ത്തിമാറ്റി കൊണ്ടാടുകയാണിപ്പോള്‍ മാര്‍ക്‌സിസ്റ്റുകാര്‍. മുമ്പ് സി.പി.എംസംസ്ഥാന ആക്ടിംഗ്‌സെക്രട്ടറിയെയും മുന്‍എം.പിയെയുംപോലുള്ളവര്‍ നടത്തിയ പരസ്യമായ അസഭ്യവര്‍ഷങ്ങളൊന്നും കാണാന്‍കഴിയാത്തവരാണ് ഒരുപരാമര്‍ശത്തെപിടിച്ച് രംഗത്തുവന്നിരിക്കുന്നത്. പരാമര്‍ശം അതേവ്യക്തിതന്നെ തിരുത്തിയെങ്കിലും അവരടങ്ങുന്ന മട്ടില്ല.

മുസ്‌ലിംലീഗ് ഉയര്‍ത്തിപ്പിടിക്കുന്ന ലക്ഷ്യവും ആദര്‍ശവും പരിപാടിയുമെല്ലാം സ്വാതന്ത്ര്യകാലം മുതലിങ്ങോട്ട് ഓരോഇന്ത്യന്‍പൗരനും അറിവുള്ളതാണ്. ഭരണഘടനാനിര്‍മാണസഭയില്‍ പൂര്‍വസൂരികള്‍ പോരാടി നേടിയെടുത്തതാണ് ഓരോവിഭാഗത്തിന്റെയും വിശ്വാസങ്ങള്‍പറയാനും അവ പ്രചരിപ്പിക്കാനുമുള്ള ഓരോപൗരന്റെയും അവകാശമെന്നിരിക്കെ മുസ്‌ലിംലീഗിനെ മതത്തെയും മതേതരത്വത്തെയുംപറ്റി പഠിപ്പിക്കാന്‍ മുഖ്യമന്ത്രി പിണറായിവിജയന്‍ ഇറങ്ങിത്തിരിച്ചിരിക്കുന്നത് കൗതുകകരമായിരിക്കുന്നു. മുസ്‌ലിംകളുടെ അട്ടിപ്പേറ് മുസ്‌ലിംലീഗിനില്ലെന്ന് പറഞ്ഞയാള്‍ക്ക് ഇന്നലെ സ്വയം അത് തിരുത്തേണ്ടിവന്നത് പരിഹാസ്യമാണ്. മുസ്‌ലിംലീഗ് രാഷ്ട്രീയമാണോ മതമാണോ പറയുന്നതെന്നാണ് പിണറായിവിജയന്‍ ചോദിച്ചിരിക്കുന്നത്. അതിനദ്ദേഹം തന്റെഭരണകാലത്തെ മുസ്‌ലിം, ന്യൂനപക്ഷവിരുദ്ധ ഉത്തരവുകളോരോന്നെടുത്ത് വായിച്ചുനോക്കിയാല്‍മതി. സച്ചാര്‍സമിതിശുപാര്‍ശകള്‍, സാമ്പത്തികസംവരണം, മോദിസര്‍ക്കാരിന്റെ പൗരത്വനിയമത്തിനെതിരെ പ്രതിഷേധിച്ചവര്‍ക്കെതിരായ കേസുകള്‍, യു.എ.പി.എ കേസുകള്‍, മയക്കുമരുന്ന് ജിഹാദ് തുടങ്ങിയ നിരവധിവിഷയങ്ങളില്‍ മുഖ്യമന്ത്രിയുടെ നിലപാടെന്തെന്ന് ചിന്തിച്ചാല്‍ തീരാവുന്നതേയുള്ളൂ സമുദായവും മുസ്‌ലിംലീഗും നടത്തുന്ന അവകാശപോരാട്ടങ്ങളുടെ കാരണമറിയാന്‍. ഒരുഭാഗത്ത് മതേതരത്വമെന്നപേരില്‍ ന്യൂനപക്ഷങ്ങളാവകാശങ്ങളില്‍ കുതിരകയറിയും മറുഭാഗത്ത് അവരെ ഭയപ്പെടുത്തിയും പരിഹസിച്ചും തല്ലിക്കെടുത്താവുന്നതല്ല മുസ്‌ലിംസമുദായത്തിന്റെയും മുസ്‌ലിംലീഗിന്റെയും സമരാഗ്നിയെന്ന് തിരിച്ചറിയുകയാണ് വൈകിയവേളയിലെങ്കിലും പിണറായിയുംകൂട്ടരും ചെയ്യേണ്ടത്. അതല്ലെങ്കില്‍ സിംഗൂരിന്റെയും നന്ദിഗ്രാമിന്റെയും അതേഗതിയാവും കേരളത്തിലെ അവശിഷ്ടഇടതുപക്ഷത്തിനും നേരിടേണ്ടിവരിക.

Test User: