ഇ. സാദിഖ് അലി
രാഷ്ട്രത്തിന് ഭരണഘടനാ ശില്‍പികള്‍ സമ്മാനിച്ച ഇന്ത്യന്‍ ഭരണഘടന സംരക്ഷിക്കാനും മതേതരജനാധിപത്യ മൂല്യങ്ങളിലധിഷ്ഠിതമായ രാഷ്ട്രീയത്തെ അരക്കിട്ടുറപ്പിക്കാനും ഇന്ത്യന്‍ യൂണിയന്‍ മുസ്‌ലിംലീഗ് മൂന്നിന് ശനിയാഴ്ച ചെന്നൈയില്‍ ഒരിക്കല്‍ കൂടി അതിന്റെ ദേശീയ നിര്‍വാഹക സമിതി ചേരുകയാണ്. രാജ്യം നേരിടുന്ന യഥാര്‍ത്ഥ വെല്ലുവിളികള്‍ക്ക് പരിഹാരം നിര്‍ദ്ദേശിക്കുകയും രാഷ്ട്ര ശരീരത്തില്‍ കലുഷിതമായ അന്തരീക്ഷത്തെ പ്രതിരോധിക്കാന്‍ പ്രായോഗിക മാര്‍ഗങ്ങള്‍ നിര്‍ദ്ദേശിക്കുകയും ശത്രുക്കള്‍ക്കെതിരെ വൈരം മറന്ന് ഒന്നിച്ച് നില്‍ക്കണമെന്ന സന്ദേശം സമൂഹത്തിന് കൈമാറാനുമുള്ള വഴികളാരായുകയും കണ്ടെത്തുകയുമായിരിക്കും യോഗലക്ഷ്യമെന്ന് കരുതാം. വര്‍ഗീയതയും വിഭാഗീയതയുമുണ്ടാക്കി ജനാധിപത്യ ശബ്ദങ്ങളെയില്ലാതാക്കാന്‍ ഒരു ഫാഷിസ്റ്റ് ഭരണകൂടത്തിനും സാധിക്കില്ലെന്നും അത്തരം ശ്രമങ്ങള്‍ നടത്തിയവരെല്ലാം തോറ്റ് തൊപ്പിയിട്ട ചരിത്രമാണുള്ളതെന്നും പൗരസമൂഹത്തെ ബോധ്യപ്പെടുത്തുന്നതിനും ഉല്‍ബുദ്ധരാക്കുന്നതിനും മതേതരജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടിയെന്ന നിലയില്‍ മുസ്‌ലിംലീഗിന് ഉത്തരവാദിത്തമുണ്ട്. ശാന്തിയുടെയും സമാധാനത്തിന്റെയും രാഷ്ട്രമെന്ന കാഴ്ചപ്പാടിലൂന്നി നിന്ന് നന്മയുടെ രാഷ്ട്രീയബോധം പകരുന്ന സൗഹൃദ ഇന്ത്യ സൃഷ്ടിച്ചെടുക്കാനുള്ള ചുവട് വെപ്പാണ് ഇതിലൂടെ നിര്‍വ്വഹിക്കുന്നത്.അതിലേക്ക് ജനതയെ സജ്ജമാക്കുകയെന്നതാണ് ഇതിന്റെ പ്രധാന ദൗത്യം.
വെറുപ്പിന്റെയും വിദ്വേഷത്തിന്റെയും അസഹിഷ്ണുതയുടെയും രാഷ്ട്രീയം ഇന്ത്യാ രാജ്യം ഭരിക്കുമ്പോള്‍,അരുതെന്ന് പറയാന്‍ ബാധ്യതയുള്ള ജനാധിപത്യ പ്രസ്ഥാനമെന്ന നിലക്ക് സമാന ചിന്താഗതിക്കാരെ അതിലേക്കാകര്‍ഷിക്കാനും അതിനാവശ്യമായ പദ്ധതികളാവിഷ്‌കരിക്കാനും ഇതുവഴി സാധ്യമാകും. ആള്‍ബലം കൊണ്ട് അത്ര വിപുലമായ പാര്‍ട്ടിയല്ലെങ്കിലും മുസ്‌ലിംലീഗ് പാര്‍ട്ടി കാഴ്ച വെക്കുന്ന ആശയാദര്‍ശങ്ങള്‍ തുല്യതയില്ലാത്തതാണെന്ന് തെളിയിക്കാന്‍ കഴിഞ്ഞത് പാര്‍ട്ടിയെ സംബന്ധിച്ചടത്തോളം വലിയ നേട്ടമാണ്. രാജ്യത്തിന്റെ മഹനീയ പൈതൃകം പൊയ്‌പ്പോകാതെ കാത്തുസൂക്ഷിക്കാനുള്ള ഈ യത്‌നം ഒരു ചെറിയ കാര്യമല്ല. കന്യാകുമാരി മുതല്‍ കശ്മീര്‍ വരെയുള്ള ആബാലവൃദ്ധം പൗരന്മാരും ജാതിമതവര്‍ണ്ണവര്‍ഗ രാഷ്ട്രീയകക്ഷി ഭേദമന്യേ ഇതിന്റെ പ്രാധാന്യത്തെയാണ് വീക്ഷിക്കുന്നത്.
പരസ്പരം തിരിച്ചറിഞ്ഞ് മനസ്സ് തുറന്നൊന്ന് സംസാരിക്കാനും ക്രിയാത്മകമായ സംവാദങ്ങളിലേര്‍പ്പെടാനുമുള്ള സ്വാതന്ത്ര്യത്തെ ഹനിക്കലല്ല,സുന്ദരമായ മുഹൂര്‍ത്തത്തെ അവര്‍ക്ക് വേണ്ടുവോളമാസ്വദിക്കാന്‍ വഴിയൊരുക്കലാണ് ഭരണകൂടം ചെയ്യേണ്ടത്.അതിന് പകരം അവര്‍ ഏര്‍പ്പെട്ടിരിക്കുന്നത് സമൂഹത്തെ ഭിന്നിപ്പിച്ച് അധികാരം നിലനിര്‍ത്താനുള്ള ബദ്ധപ്പാടിലാണ്. അത്തരം ഫാഷിസ്റ്റ് ശക്തികളെ കടിഞ്ഞാണിടാനുള്ള ചിന്തകളിവിടെ ഉയര്‍ന്നുവരും.നിസ്വാര്‍ത്ഥരായ ഇന്ത്യന്‍ ജനതയുടെ നിഷ്‌കളങ്കമായ ഹൃദയത്തിലേക്ക് സംഘപരിഹാരതൃശൂല ശക്തികള്‍ കയറ്റിവിട്ട വിദ്വേഷത്തേയും വൃത്തികേടിനേയും നീക്കം ചെയ്യാനും വൈരമനസ്സിനെ സ്‌നേഹലേപനം കൊണ്ട് കീഴടക്കാനും കഴിയുന്ന അന്തരീക്ഷമുണ്ടാക്കാനുള്ള പ്രയത്‌നത്തെക്കുറിച്ചും ഇവിടെ അന്വേഷിക്കും.
രാഷ്ട്രത്തിന്റെ കെട്ടുറപ്പിന് പൗരബോധമുള്ള സമൂഹമാവശ്യമാണ്. അവരെ നിര്‍മ്മിച്ചെടുക്കുകയെന്നതാണ് സല്‍ഭരണത്തിന്റെ ലക്ഷണം. നരേന്ദ്രമോദി നേതൃത്വം നല്‍കുന്ന എന്‍.ഡി.എയുടെ സെല്‍ ഭരണത്തില്‍ അതിവിടെ നിര്‍വ്വഹിക്കപ്പെടുന്നില്ല. മറിച്ച് പരമത വിദ്വേഷം പരത്തിയും പരസ്പര കലഹമുണ്ടാക്കിയും മനുഷ്യര്‍ക്കിടയില്‍ അശാന്തി പരത്തി മുതലെടുക്കുകയാണ്. അതിനറുതി വരുത്താനാവുന്നതെല്ലാം ഒരുക്കേണ്ടതുണ്ട്. സംഘര്‍ഷഭരിതവും പ്രശ്‌ന സങ്കീര്‍ണ്ണവുമാണ് വര്‍ത്തമാന കാലം. രാജ്യത്തിന്റെ ഇന്നത്തെ അവസ്ഥ പരിതാപകരമാണ്.
ന്യൂനപക്ഷ പിന്നോക്ക ക്ഷേമം ലക്ഷ്യമാക്കി ഭരണം നടത്തേണ്ടവര്‍ ഈ വിഭാഗങ്ങളെ രഹസ്യമായും പരസ്യമായും ഉന്മൂലനം ചെയ്യാനുള്ള ബൃഹദ് പദ്ധതികളാണ് നടപ്പാക്കുന്നത്. സമകാലിക മുസ്‌ലിം സമൂഹം നേരിട്ടുകൊണ്ടിരിക്കുന്ന പ്രതിസന്ധികളെ വിശകലന വിധേയമാക്കുകയും പ്രായോഗിക പരിപാടികള്‍ക്ക് രൂപം നല്‍കുകയും വേണം. ന്യൂനപക്ഷങ്ങള്‍ നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി അവരുടെ സ്വത്വവും സാംസ്‌കാരിക പ്രതിനിധാനങ്ങളും സംബന്ധിച്ചാണ്. ഇവ തന്നെയാണ് ദേശീയ നിര്‍വ്വാഹക സമിതിയുടെ ചിന്തയുടെ കാതലും കരുതലും. പിന്നോക്ക വിഭാഗങ്ങള്‍ ഭരണഘടനാനുസൃതമായി ലഭിക്കേണ്ട ആനുകൂല്യങ്ങളും നീതിയും നിഷേധിക്കപ്പെട്ട് ദയാ ദാക്ഷിണ്യമില്ലാതെ വേട്ടയാടപ്പെട്ടുകൊണ്ടിരിക്കുന്ന ഈ കെട്ട കാലത്ത് ബഹുസ്വര സമൂഹത്തില്‍ പാലിക്കേണ്ട മര്യാദകളെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ജനാധിപത്യവും മതേതരത്വവും മുറുകെ പിടിച്ചുകൊണ്ടുള്ള മുസ്‌ലിംലീഗ് ദേശീയ നിര്‍വ്വാഹക സമിതിക്ക് ഏറെ പ്രസക്തിയുണ്ട്. അതും നാട്ടില്‍ സാമൂഹ്യ സുരക്ഷിതത്വവും മതമൈത്രിയും നിലനിര്‍ത്താന്‍ ചരിത്രപരമായ പങ്ക് വഹിച്ച മുസ്‌ലിംലീഗ് പാര്‍ട്ടിയുടെ അമരക്കാര്‍ ഒത്ത് ചേരുമ്പോള്‍.