X

ജനങ്ങളെ സംരക്ഷിക്കാനും നാടിനെ രക്ഷിക്കാനും- അഡ്വ. എം. റഹ്മത്തുള്ള

അഡ്വ. എം. റഹ്മത്തുള്ള

(എസ്.ടി.യു ദേശീയ പ്രസിഡന്റാണ് ലേഖകന്‍)

കേന്ദ്ര സര്‍ക്കാറിന്റെ തൊഴിലാളി വിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങള്‍ക്കെതിരെ സംയുക്ത തൊഴിലാളി സമിതി മാര്‍ച്ച് 28, 29 തിയ്യതികളില്‍ ജനങ്ങളെ സംരക്ഷിക്കുക, രാജ്യത്തെ രക്ഷിക്കുക എന്ന മുദ്രാവാക്യമുയര്‍ത്തി ദേശീയ പൊതു പണിമുടക്ക് നടത്തുകയാണ്. 1991നു ശേഷം നടക്കുന്ന 1ാമത് പണിമുടക്കാണിത്.

മോദി സര്‍ക്കാര്‍ നടപ്പിലാക്കിവരുന്ന ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി നടക്കുന്ന പ്രക്ഷോഭത്തിനു തൊഴിലാളികളുടെയും ബഹുജനങ്ങളുടെയും പിന്തുണ വര്‍ധിച്ചുവരികയാണ്. തൊഴിലാളികള്‍ക്കൊപ്പം കൃഷിക്കാരും സമരത്തില്‍ അണിചേരുന്നുണ്ട്. ജനവിരുദ്ധ നയങ്ങള്‍ക്കെതിരായി ചെറുത്തുനില്‍പ്പുകളല്ലാതെ മറ്റു പോംവഴികളൊന്നുമില്ല. ശക്തമായ പ്രക്ഷോഭ സമരങ്ങള്‍ക്ക്മുന്നില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയറവു പറയുമെന്നതിന്റെ സൂചനയാണു കര്‍ഷക സമരത്തിന്റെ ഉജ്ജ്വല വിജയം. നാടിന്റെ സമ്പത്തും വിഭവങ്ങളും കൊള്ളയടിക്കാന്‍ ഒരുപിടി കോര്‍പറേറ്റുകള്‍ക്കു എല്ലാവിധ ഒത്താശകളും ചെയ്യുന്ന മോദി സര്‍ക്കാരിനു പണിമുടക്ക് താക്കീതായി മാറും. മതേതര ജനാധിപത്യ ശക്തികളുടെ ഫാസിസ്റ്റ് വിരുദ്ധ മുന്നേറ്റങ്ങള്‍ക്ക് കരുത്തുമാകുമെന്നും ഉറപ്പാണ്.

പൊതു മേഖല സ്ഥാപനങ്ങള്‍, സേവന മേഖലയിലെ ആസ്തികളും മോദി ഭരണം നിസാര വിലക്കാണ് കോര്‍പറേറ്റുകള്‍ക്ക് വില്‍ക്കുകയും നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ്‌ലൈന്‍ (എന്‍.എം. പി) എന്ന പേരില്‍ പാട്ടത്തിനു കൈമാറുകയും ചെയ്യുന്നത്. ബാങ്കിംഗ് മേഖല സമ്പൂര്‍ണമായ സ്വകാര്യവത്കരണത്തിലേക്ക് നീങ്ങുകയാണ്. 5 കോടി മുതല്‍ മുടക്കില്‍ 1956 ല്‍ തുടങ്ങിയ എല്‍. ഐ.സിക്ക് 42 കോടി പോളിസി ഉടമകളും 38 ലക്ഷം കോടിയുടെ ആസ്തിയുമുണ്ട്. എല്ലാ ചിലവും കഴിച്ചാലും നാല് ലക്ഷം കോടി മിച്ചം വരുന്ന എല്‍.ഐ.സിയും വില്‍പനക്ക് വെച്ചിരിക്കുന്നു.

10 ലക്ഷം കോടിയുടെ ആസ്തിയുള്ള ബി.പി.സി.എല്‍ എണ്ണ സംസ്‌കരണത്തിലും വിതരണത്തിലും രാജ്യത്ത് രണ്ടാംസ്ഥാനത്താണ്. അഞ്ചു കൊല്ലം കൊണ്ടു 57996.04 കോടി ലാഭമുണ്ടാക്കുകയും കേന്ദ്ര സര്‍ക്കാരിനു ലാഭ വിഹിതമായി 16667.06 കോടി നല്‍കയും ഏഴു രാജ്യങ്ങളില്‍ ഖനന നിക്ഷേപമുള്ളതുമായ സ്ഥാപനത്തിന്റെ 52.98 ശതമാനം ഓഹരിയാണ് വില്‍ക്കാന്‍ ഒരുങ്ങുന്നത്. കൊച്ചിന്‍ റിഫൈനറിയില്‍ 35000 കോടിയുടെ വികസന നിക്ഷേപമാണ് നടത്തിയത്. തൊഴിലില്ലായ്മയും തൊഴില്‍ നഷ്ടവും അനുദിനം പെരുകുകയാണ്. കോവിഡിനുശേഷം ചെറുകിട വ്യവസായ സംരംഭങ്ങളുടെ തകര്‍ച്ച ഭീകരമാണ്. കോവിഡാനന്തരം 10 കോടി പേര്‍ക്ക് രാജ്യത്ത് തൊഴില്‍ നഷ്ടപ്പെടുകയുണ്ടായി. കോര്‍പറേറ്റുകളുടെ സര്‍ചാര്‍ജ് 17 ശതമാനത്തില്‍ നിന്നും 12 ശതമാനമാക്കി കുറച്ചും വന്‍കിട മുതലാളിമാരുടെ കിട്ടാക്കടം പത്തര ലക്ഷം കോടി എഴുതി തള്ളിയും സമ്പന്ന വര്‍ഗത്തെ മോദി ഭരണം സഹായിക്കുകയാണ്. 29 തൊഴില്‍ നിയമങ്ങളെ 4 കോഡുകളാക്കി ചുരുക്കി ദീര്‍ഘകാല പോരാട്ടങ്ങളിലൂടെ തൊഴിലാളികള്‍ നേടിയെടുത്ത അവകാശങ്ങള്‍ മോദി ഭരണം കവര്‍ന്നെടുത്തിരിക്കുന്നു. ഇനി മേല്‍ തൊഴിലാളി യൂനിയന്‍ സംഘാടനവും പ്രവര്‍ത്തനങ്ങളും പണിമുടക്കും മറ്റു പ്രക്ഷോഭങ്ങളും കര്‍ശന നിയന്ത്രണങ്ങള്‍ക്ക് വിധേയമായിരിക്കും. പതുക്കെ പതുക്കെ എല്ലാം പൂര്‍ണമായും തടയപ്പെടും.

നിയമന നിരോധനം എല്ലാ മേഖലയിലും നടപ്പിലാക്കി വരികയാണ്. അത്യാവശ്യ ജോലികളില്‍ കാഷ്വല്‍ തൊഴിലാളികള്‍ മാത്രമായി മാറുകയും സ്ഥിരം തൊഴില്‍ എന്ന സമ്പ്രദായം അവസാനിപ്പിക്കുകയും പകരം നിശ്ചിത കാല തൊഴില്‍ സമ്പ്രദായം കൊണ്ടുവരികയും ചെയ്തിരിക്കുന്നു. ജോലി സമയം 8 മണിക്കൂറില്‍ നിന്നും 10-12 മണിക്കൂര്‍ വരെ ആയിട്ടുണ്ട്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പിലാക്കുകയും തൊഴിലാളികളുടെ നിക്ഷേപങ്ങള്‍ ഓഹരി കമ്പോളത്തില്‍ നിക്ഷേപിക്കുകയും ചെയ്യുന്നു. ലോക കമ്പോളത്തില്‍ ക്രൂഡ് ഓയില്‍ വില കുറയുമ്പോള്‍ എക്‌സൈസ് ഡ്യൂട്ടി വര്‍ധിപ്പിച്ചു പെേട്രാള്‍ ഡീസല്‍ വലിയ നിയന്ത്രണമില്ലാതെ വര്‍ധിപ്പിക്കുകയാണ്. സാമ്പത്തിക ഞെരുക്കത്തിന്റെ പാരമ്യത്തില്‍ കോവിഡാനന്തരം അവതരിപ്പിച്ച ഈ പ്രാവശ്യത്തെ കേന്ദ്ര ബജറ്റ് കോര്‍പറേറ്റ് പ്രീണനത്തിന്റെ തനി ആവര്‍ത്തനവും ജനദ്രോഹത്തിന്റെ വിളമ്പരവുമായിരുവുമായി മാറി.

മോദി ഭരണത്തില്‍ പാര്‍ലിമെന്ററി ജനാധിപത്യവും മതേതര മൂല്യങ്ങളും പൗരാവകാശങ്ങളും കനത്ത വെല്ലുവിളികളെ നേരിടുകയാണ്. മാധ്യമ സ്വതന്ത്ര്യത്തിനു കൂച്ചുവിലങ്ങിടുകയും എതിര്‍ ശബ്ദങ്ങളെയും പ്രക്ഷോഭങ്ങളെയും രാജ്യദ്രോഹ മുദ്ര കുത്തി അടിച്ചമര്‍ത്തുകയുമാണ്.പോരാട്ടങ്ങളെ നിര്‍വീര്യമാക്കാനുള്ള മോദി സര്‍ക്കാരിന്റെ മൂര്‍ച്ഛയേറിയ ആയുധം വര്‍ഗീയത ആളികത്തിക്കുകയാണ്. അഞ്ചു സംസ്ഥാനങ്ങളിലെ അനുകൂല തിരഞ്ഞെടുപ്പു വിധികള്‍ ഇത്തരം ജനവിരുദ്ധ നയങ്ങള്‍ കൂടുതല്‍ കണ്ണില്‍ ചോരയില്ലാത്ത വിധം നടപ്പിലാക്കാന്‍ മോദി ഭരണത്തിനു പ്രചോദനമാകും. ഒരു വര്‍ഷം നീണ്ടു നിന്ന കര്‍ഷക സമരത്തിന്റെ വിജയം ആവേശം പകരുന്നതാണ്. ജനങ്ങളുടെ അവകാശങ്ങളും ജീവനും ജീവനോപാധികളും സംരക്ഷിക്കുന്നതിനു മാത്രമല്ല രാജ്യത്തിന്റെ സമ്പദ്ഘടനയും ജനാധിപത്യ സംവിധാനങ്ങളെയും സമൂഹത്തെ ആകെയും രക്ഷിക്കുന്നതിനാണ് തൊഴിലാളികളുടെ ഈ പോരാട്ടം. തൊഴിലും ജീവിക്കാനാവശ്യമായ കൂലിയും, നിലവാരമുള്ള വിദ്യാഭ്യാസവും, മുഴുവന്‍ ജനങ്ങള്‍ക്കും ആരോഗ്യ ഇന്‍ഷൂറന്‍സ് പരിരക്ഷയും ലഭ്യമാക്കുകയും ചെയ്യേണ്ടത് ഭരണഘടനാപരമായ അവകാശമാക്കി മാറ്റേണ്ടതുണ്ട്. ഇത്തരം അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന ഉറപ്പ് പ്രകടന പത്രികയുടെ ഭാഗമാക്കുന്നതിനും അധികാരത്തില്‍ വന്നാല്‍ തൊഴിലാളികളുടെയും കര്‍ഷകരുടെയും രാജ്യത്തെ സമസ്ത ജനങ്ങളുടെയും ആവശ്യങ്ങളെ പിന്തുണക്കുമെന്ന് പരസ്യമായി പ്രതിജ്ഞ ചെയ്യുന്നതിനും മതേതര ജനാധിപത്യ രാഷ്ട്രീയ പാര്‍ട്ടികള്‍ തയ്യാറാവണം. ഫാഷിസ്റ്റ് വിപത്തിനെതിരായ ബദല്‍ രാഷ്ടീയ പരിപാടി മുന്നോട്ട്‌വെക്കുകയും വേണം. കര്‍ഷകരുടെ ആവശ്യങ്ങള്‍ക്കുമുന്നില്‍ വഴങ്ങിയത് പോലെയും പെട്രോള്‍ ഡീസല്‍ നികുതി കുറക്കാന്‍ തയ്യാറയത് പോലെയും തൊഴിലാളിവിരുദ്ധവും ജനവിരുദ്ധവുമായ നയങ്ങള്‍ മാറ്റിമറിക്കാന്‍ നിശ്ചയദാര്‍ഢ്യത്തോടെ ഇനിയും പോരാടണം.

12 ആവശ്യങ്ങളാണു ദേശീയ പണിമുടക്കിന്റെ ഭാഗമായി ഉന്നയിക്കുന്നത്. 1. തൊഴില്‍ കോഡുകളും ആവശ്യ പ്രതിരോധ സേവന നിയമവും പിന്‍വലിക്കുക. 2. കര്‍ഷകരുടെ 6 ആവശ്യ കൂടി അംഗീകരിക്കുക. 3. എല്ലാ വിധത്തിലുമുള്ള സ്വകാര്യവത്കരണം അവസാനിപ്പിക്കുക. രാജ്യത്തിന്റെ ആസ്തികള്‍ പാട്ടത്തിനു നല്‍കുന്ന എന്‍. എം.പി (നാഷണല്‍ മോണിറ്റൈസേഷന്‍ പൈപ് ലൈന്‍) പദ്ധതി ഉപേക്ഷിക്കുക. 4. ആദായ നികുതി പരിധിയില്‍ വരാത്തവര്‍ക്ക് സൗജന്യ ഭക്ഷ്യധാന്യവും വരുമാന നഷ്ടത്തിനു സഹായമായി 7500 രൂപയും പ്രതിമാസ നല്‍കുക. 5. ദേശീയ തൊഴില്‍ ഉറപ്പ് പദ്ധതിക്ക് കൂടുതല്‍ സഹായം നല്‍കുക, നഗരങ്ങളിലേക്കുകൂടി വ്യാപിപ്പിക്കുക. 6 അസംഘടിത മേഖലയില്‍ സാര്‍വത്രിക സാമൂഹ്യ സുരക്ഷ പദ്ധതി നടപ്പിലാക്കുക. 7. സ്‌കീം വര്‍ക്കര്‍മാര്‍ക്ക് മിനിമം കൂലിയും സാമൂഹ്യ സുരക്ഷയും ഉറപ്പാക്കുകയും തൊഴിലാളികളായി അംഗീകരിക്കുകയും ചെയ്യുക. 8. കോവിഡ് പ്രതിരോധ മുന്‍നിര പ്രവര്‍ത്തകരുടെ സുരക്ഷ ഉറപ്പാക്കുകയും ഇന്‍ഷൂറന്‍സു ഏര്‍പ്പെടുത്തുകയും ചെയ്യുക. 9. സമ്പന്നരുടെ മേല്‍ സമ്പദ് നികുതി ചുമത്തി ആരോഗ്യം വിദ്യാഭ്യാസം തുടങ്ങിയ പൊതു സേവനങ്ങള്‍ക്ക് കൂടുതല്‍ നിക്ഷേപം കണ്ടെത്തുക. 10. പെട്രോളിയം ഉത്പന്നങ്ങളുടെ എക്‌സൈസ് തീരുവ വെട്ടി കുറക്കുക 11. കരാര്‍ / പദ്ധതി തൊഴിലാളികളെ സ്ഥിരപ്പെടുത്തുക, തുല്യ ജോലിക്ക് തുല്യവേതനം നല്‍കുക. 12. പഴയ പെന്‍ഷന്‍ സ്‌കീം പുന:സ്ഥാപിക്കുകയും ഇ.പി.എസിനു കീഴിലെ കുറഞ്ഞ പെന്‍ഷന്‍ വര്‍ധിപ്പിക്കുകയും ചെയ്യുക.ഈ ആവശ്യങ്ങള്‍ ഉന്നയിച്ചു നടക്കുന്ന ദേശീയ പൊതു പണിമുടക്കില്‍ എല്ലാ മേഖലയിലുമുള്ള തൊഴിലാളികളും കൃഷിക്കാരും പൊതുജനങ്ങളും പങ്കെടുത്തും പിന്തുണച്ചും പൊതുജനങ്ങള്‍ യാത്ര ഒഴിവാക്കിയും വ്യാപാരികള്‍ കടകള്‍ അടച്ചും മറ്റു സഹായ സഹകരണങ്ങള്‍ നല്‍കിയും ജനങ്ങളെ സംരക്ഷിക്കാനും രാജ്യത്തെ രക്ഷിക്കാനുള്ള പൊതു പണിമുടക്ക് വിജയമാക്കണം.

Test User: