തിരുവനന്തപുരം: തമിഴ്നാട്ടിലെ കന്യാകുമാരി, കേരളം, ലക്ഷദ്വീപ് എന്നിവിടങ്ങളില്‍ കനത്ത നാശനഷ്ടമുണ്ടാക്കിയ ഓഖി ചുഴലിക്കൊടുങ്കാറ്റിനെ ദേശീയദുരന്തമായി പ്രഖ്യാപിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രധാനമന്ത്രിക്ക് കത്തയച്ചു. ഈ മൂന്നിടങ്ങളിലേയും സ്ഥിതിഗതികള്‍ നേരിടുന്നതിന് അടിയന്തര സഹായം അനുവദിക്കണമെന്ന് പ്രധാനമന്ത്രിയോട് അദ്ദേഹം കത്തില്‍ ആവശ്യപ്പെട്ടു.
ഓഖി ചുഴലിക്കാറ്റിനെത്തുടര്‍ന്ന് സംസ്ഥാനത്ത് നടക്കുന്ന ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളിലെ ഏകോപനമില്ലായ്മ ആ പ്രവര്‍ത്തനങ്ങളെ അവതാളത്തിലാക്കിയിരിക്കുകയാണെന്ന് തിരുവനന്തപുരത്തെ ദുരിത ബാധിത മേഖലകള്‍ സന്ദര്‍ശിച്ചശേഷം അദ്ദേഹം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മുഖ്യമന്ത്രിയും റവന്യൂ മന്ത്രിയും തമ്മിലുള്ള അഭിപ്രായ ഭിന്നത ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തെ കാര്യമായി ബാധിക്കുന്നുണ്ട്.
ഉറ്റവരെ കാണാതായതിനെത്തുടര്‍ന്ന് ആശങ്കയില്‍ കഴിയുന്ന ജനങ്ങളെ അപ്പപ്പോള്‍ വിവരങ്ങള്‍ അറിയിക്കുന്നതില്‍ സര്‍ക്കാര്‍ പരാജയപ്പെട്ടിരിക്കുകയാണ്. യഥാര്‍ത്ഥത്തിലുള്ള വിവരങ്ങള്‍ കിട്ടാതെ ജനങ്ങള്‍ പരിഭ്രാന്തിയിലാണ്. പൂന്തുറയില്‍ കണ്‍ട്രോള്‍ റൂം തുറന്ന് വിവരങ്ങള്‍ ലഭ്യമാക്കണമെന്ന് കഴിഞ്ഞ ദിവസം തന്നെ മുഖ്യമന്ത്രിയോടും റവന്യൂ മന്ത്രിയോടും ഫിഷറീസ് മന്ത്രിയോടും ഫോണില്‍ താന്‍ ആവശ്യപ്പെട്ടിട്ടും നടപടി ഉണ്ടായില്ല. രണ്ട് ഉദ്യോഗസ്ഥന്മാര്‍ അങ്ങോട്ട് ചെന്നു എന്നല്ലാതെ കണ്‍ട്രോള്‍ റൂം തുറന്നിട്ടില്ല. വിവരംകിട്ടാതെ പരിഭ്രാന്തിയുള്ളതിനാലാണ് നാട്ടുകാര്‍ റോഡ് ഉപരോധിക്കുകയും മറ്റും ചെയ്യുന്നത്.
പരിക്കേറ്റവര്‍ക്ക് പ്രഖ്യാപിച്ച 15,000 രൂപയുടെ ധനസഹായം വളരെ കുറവാണ്. അത് 50,000 രൂപയെങ്കിലുമാക്കണം. ആസ്പത്രിയില്‍ കഴിയുന്നവര്‍ ഗുരുതരമായി പരിക്കേറ്റവരാണ്. സൗജന്യ റേഷന്‍ കടല്‍ത്തീരത്തെ മൊത്തം ആളുകള്‍ക്കും നല്‍കണം. രൂക്ഷമായ കടലാക്രമണമാണ് ഇപ്പോള്‍ സംസ്ഥാനത്തുടനീളം നടക്കുന്നത്. തിരുവനന്തപുരത്തിന് പുറമെ ആലപ്പുഴ ജില്ലയിലെ കാട്ടൂര്‍, ഹരിപ്പാട്, ആറാട്ടുപുഴ, നല്ലാണിക്കല്‍, കള്ളിക്കാട്, എറണാകുളത്തെ ചെല്ലാനം, മലബാറിലെ വിവധ ഭാഗങ്ങള്‍ എന്നിവിടങ്ങളിലെല്ലാം കടലാക്രമണം കാരണം കനത്ത നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇവിടെയൊക്കെ കടല്‍ ഭിത്തിയോ, പുലിമുട്ടോ നിര്‍മിക്കണം.
കടല്‍ത്തീരത്ത് മാത്രമല്ല സംസ്ഥാനത്തിന്റെ മറ്റ് ഭാഗങ്ങളിലും നാശനഷ്ടങ്ങളുണ്ടായിട്ടുണ്ട്. ഇടുക്കി, പാലക്കാട്, തൃശൂര്‍, എറണാകുളം തുടങ്ങിയ ജില്ലകളില്‍ വലിയ നാശനഷ്ടങ്ങളാണ് സംഭവിച്ചിട്ടുള്ളത്. ഇവയുടെ കണക്കെടുത്ത് നഷ്ടപരിഹാരം നല്‍കണമെന്നും രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു.