കൊല്‍ക്കത്ത: കാമുകന്റെ സഹായത്തോടെ ഭര്‍ത്താവിനെ കൊന്ന് ഉപ്പിട്ടു കുഴിച്ചുമൂടി യുവതി.ജൂഡന്‍ മഹാതോ (45) ആണു കൊല്ലപ്പെട്ടത്. സംഭവത്തില്‍ ഭാര്യ ഉത്തര കാമുകന്‍ ക്ഷേത്രപാല്‍ മഹോദ എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തു.ബംഗാളിലെ പുരുലിയയില്‍ കഴിഞ്ഞ ദിവസമായിരുന്നു നാടിനെ ഞെട്ടിച്ച സംഭവം.
ഒരുമിച്ച് ജീവിക്കാന്‍ തടസ്സമാകുമെന്ന് മനസ്സിലായതോടെ ഭര്‍ത്താവിനെ ഭാര്യയും കാമുകനും ചേര്‍ന്ന് കൊലപ്പെടുത്താന്‍ തീരുമാനിക്കുകയായിരുന്നു. മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ചായിരുന്നു കൊലപാതകം. മൃതദേഹം പെട്ടെന്ന് അഴുകി നശിക്കാന്‍ ഉപ്പിട്ടാണ് കുഴിച്ചിട്ടത്. മാസങ്ങളായുള്ള ആസൂത്രത്തിന് ശേഷമാണ് കൃത്യം നടത്തിയത്.
മാര്‍ച്ച് 26ന് മകന്‍ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ മകന്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. സംശയം തോന്നിയ പൊലീസ് ഉദ്യോഗസ്ഥര്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് ഭാര്യ കുറ്റസമ്മതം നടത്തിയത്. കൊലപാതകത്തിന് ശേഷം ജാര്‍ഖണ്ഡില്‍ ഒളിവിലായിരുന്ന കാമുകന്‍ ക്ഷേത്രപാലിനെ പിന്നീടാണ് പിടികൂടിയത്.