X

‘റാഫേലില്‍ റിലയന്‍സിനെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നു’ കേന്ദ്രസര്‍ക്കാരിനെ പ്രതിക്കൂട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തല്‍

ന്യൂഡല്‍ഹി: റാഫേല്‍ കരാറില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള കേന്ദ്ര സര്‍ക്കാറിനെ പ്രതികൂട്ടിലാക്കി നിര്‍ണായക വെളിപ്പെടുത്തല്‍.

വിമാന കരാറില്‍ അനില്‍ അംബാനിയുടെ റിലയന്‍സ് ഡിഫന്‍സ് കമ്പനിയെ പങ്കാളിയാക്കാന്‍ നിര്‍ബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തല്‍. ഫ്രഞ്ച് മാധ്യമമായ മീഡിയ പാര്‍ട്ടാണ് കേന്ദ്ര സര്‍ക്കാറിനെ പ്രതിരോധത്തിലാക്കി ഇതുസംബന്ധിച്ച വിശദാംശങ്ങള്‍ പുറത്തുവിട്ടത്.

ദസോള്‍ട്ട് ഏവിയേഷന്‍ ഡെപ്യൂട്ടി ചീഫ് എക്‌സിക്യൂട്ടിവ് ഓഫീസര്‍ ലോയ്ക് സെഗലാന്‍ ഇതുസംബന്ധിച്ച കാര്യങ്ങള്‍ 2017 മെയില്‍ നാഗ്പൂരില്‍ നടന്ന യോഗത്തില്‍ വ്യക്താമാക്കിയതായും മീഡിയാപാര്‍ട്ടിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. കരാറുമായി ബന്ധപ്പെട്ട് പ്രതിരോധമന്ത്രി നിര്‍മലാ സീതാരാമന്‍ ഫ്രാന്‍സിലേക്ക് പോകാനിരിക്കെയാണ് നിര്‍ണായക വെളിപ്പെടുത്തല്‍.

ദസോള്‍ട്ട് ഏവിയേഷനില്‍ നിന്ന് ലഭിച്ച രേഖ അനുസരിച്ച് റാഫേല്‍ കരാറിന് അംബാനിയുമായുള്ള പങ്കാളിത്തം ഫലപ്രദമായിരിക്കുമെന്ന രീതിയിലാണ് അവതരിപ്പിച്ചത്.

നേരത്തെ റാഫേല്‍ ഇടപാടിലെ വിവരങ്ങള്‍ നല്‍കണമെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയി അധ്യക്ഷനായ സുപ്രീംകോടതി ബെഞ്ച് ഉത്തരവിട്ടിരുന്നു.

chandrika: