X

അക്ഷരപ്രേമികളുടെ ഇഷ്ടകേന്ദ്രമാകാന്‍ അബുദാബി ഇസ്ലാമിക് സെന്റര്‍

റസാഖ് ഒരുമനയൂർ

അബുദാബി: പ്രവാസ ലോകത്ത് അക്ഷരപ്രേമികളുടെ മറ്റൊരിടമായി മാറാന്‍ അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍ ഒരുങ്ങുന്നു. വിദേശരാജ്യത്തെ മലയാളികളുടെ ഏറ്റവും വലിയ ബുക്ക് ഫെയര്‍ നടക്കുന്ന ഷാര്‍ജ ബുക്ക് ഫെയര്‍ കഴിഞ്ഞാല്‍ മറ്റൊരിടമായി മാറാനൊരുങ്ങുകയാണ് അബുദാബി ഇന്ത്യന്‍ ഇസ്ലാമിക് സെന്റര്‍.

ഇന്ന് ആരംഭിക്കുന്ന മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന പുസ്തകോത്സവം വരുംവര്‍ഷങ്ങളില്‍ കൂടുതല്‍ വിപുലമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് ഇതിനകംതന്നെ തുടക്കം കുറിച്ചു കഴിഞ്ഞിട്ടുണ്ട്.

സാഹിത്യരംഗത്ത് പ്രവാസികള്‍ക്ക് പ്രചോദനം നല്‍കുക, വായന പരിപോഷിപ്പിക്കുക, കൂടുതല്‍ പ്രവാസി കൃതികള്‍ പ്രസിദ്ധീകരണത്തിന് സജ്ജമാക്കുക തുടങ്ങി വ്യത്യസ്ഥമായ ആശയങ്ങളുമായാണ് ഇസ്ലാമിക് സെന്റര്‍ സാഹിത്യവിഭാഗം വിപുലമായ സാഹിത്യോത്സവത്തിന് അരങ്ങൊരുക്കുന്നത്.

പ്രവാസി കൃതികളെ പരിപോഷിപ്പിക്കുകയും വായനയുടെയും അറിവിന്റെയും ലോകത്തേക്ക് പ്രവാസലോകത്തുനിന്നും കൂടുതല്‍ വിഭവസമാഹരണം നടത്തുകയും ചെയ്യുകയെന്നത് ഇസ്ലാമിക് സെന്റര്‍ ലക്ഷ്യമിടുന്നു.
ഒപ്പം വനിതകളെ ഈ മേഖലയിലേക്ക് ആകര്‍ഷിക്കുകയും സാഹിത്യലോകത്ത് വനിതാസാന്നിധ്യം വര്‍ധിപ്പിക്കുകയും ചെയ്യുന്നതിന് സംഘാടകര്‍ കൂടുതല്‍ പ്രാധാന്യം നല്‍കുന്നുണ്ട്.

കൂടാതെ വളര്‍ന്നുവരുന്ന തലമുറക്ക് മലയാള സാഹിത്യവും ഭാഷാപരിജ്ഞാവും വളര്‍ത്തുകയെന്ന ഉദ്ദേശത്തോടെ ബാലസാഹിത്യത്തിന് കൂടുതല്‍ ഊന്നല്‍ നല്‍കുന്നുണ്ട്. കുരുന്നുകുറിപ്പുകളിലൂടെ പിച്ചവെക്കുന്നവരെ ആദരിക്കുകയെന്ന കര്‍മ്മവും ഇസ്ലാമിക് സെന്റര്‍ പ്രഥമ സാഹിത്യോത്സവത്തില്‍ നടക്കും.

ഇത്തവണ ഏതാനും പുസ്തകങ്ങളുടെ പ്രകാശനമാണ് നടക്കുന്നതെങ്കിലും വരും വര്‍ഷങ്ങളില്‍ കൂടുതല്‍ കൃതികള്‍ പ്രകാശനം ചെയ്യുന്നതിന് എഴുത്തുകാര്‍ക്ക സെന്റര്‍ പ്രചോദനം നല്‍കുവാന്‍ തീരുമാനിച്ചിട്ടുള്ളതായി സംഘാടകര്‍ അറിയിച്ചു.

പുസ്തകങ്ങളെക്കുറിച്ചുള്ള ചർച്ചകൾ, നിരൂപണങ്ങൾ, വീക്ഷണങ്ങൾ എന്നിവയൊക്കെ ഉണ്ടാകും.
മെഹ്ഫിലും ഇശലുമൊക്കെയായി സംഗീത പരിപാടികൾ ഉത്സവത്തിന് കൊഴുപ്പേക്കും.

പ്രസിഡണ്ട് പി ബാവഹാജി, ജനറല്‍ സെക്രട്ടറി അഡ്വ.കെവി മുഹമ്മദ്കുഞ്ഞി, ട്രഷറര്‍ ഹിദായത്തുല്ല, സാഹിത്യവിഭാഗം മേഥാവി യുകെ മുഹമ്മദ്കുഞ്ഞി എന്നിവരുടെ നേതൃത്വത്തില്‍ വിപുലമായ പരിപാടികളാണ് ഇത്തവണ ഒരുക്കിയിട്ടുള്ളത്.

webdesk14: