X

ആറ്റിങ്ങല്‍ അടൂര്‍ പ്രകാശിന്; ഫോട്ടോഫിനിഷില്‍ ജയം

ലീഡ് നിലകള്‍ മാറിമറിഞ്ഞ വാശിയേറിയ മത്സരത്തില്‍ ആറ്റിങ്ങല്‍ ലോക്‌സഭ മണ്ഡലത്തില്‍ യു.ഡി.എഫ് സ്ഥാനാര്‍ഥി അടൂര്‍ പ്രകാശിന് ജയം. എല്‍.ഡി.എഫ് സ്ഥാനാര്‍ഥി വി. ജോയിയെയാണ് പരാജയപ്പെടുത്തിയത്. എന്‍.ഡി.എ സ്ഥാനാര്‍ഥിയും കേന്ദ്ര മന്ത്രിയുമായ വി. മുരളീധരന്‍ മൂന്നാംസ്ഥാനത്താണ്. അടൂര്‍ പ്രകാശ് 3,22,884 വോട്ട് നേടിയപ്പോള്‍ വി. ജോയ് 3,21,176 വോട്ട് നേടി.

സംസ്ഥാനത്തെ മറ്റ് മണ്ഡലങ്ങളെല്ലാം ഉച്ചയോടെ കൃത്യമായ ഫലസൂചന തന്നെങ്കിലും ആറ്റിങ്ങല്‍ അവസാന നിമിഷം വരെ സസ്‌പെന്‍സ് ഒളിപ്പിച്ചുനിര്‍ത്തി. ഒരു ഘട്ടത്തില്‍ നേരിയ വോട്ടുകള്‍ക്ക് ഇടത് സ്ഥാനാര്‍ഥി ഏറെ നേരം മുന്നിട്ടുനില്‍ക്കുകയും ചെയ്തു. എന്നാല്‍, ഫോട്ടോഫിനിഷില്‍ 1708 വോട്ടിന് അടൂര്‍ പ്രകാശ് വിജയിക്കുകയായിരുന്നു. തുടര്‍ച്ചയായ രണ്ടാംതവണയാണ് അടൂര്‍ പ്രകാശ് ആറ്റിങ്ങലില്‍ നിന്ന് ലോക്‌സഭയിലെത്തുന്നത്.

2019ല്‍ 38,247 വോട്ടിനാണ് യു.ഡി.എഫിലെ അടൂര്‍ പ്രകാശ് എല്‍.ഡി.എഫ് സ്ഥാനാര്‍ഥി എ. സമ്പത്തിനെ പരാജയപ്പെടുത്തിയത്. അടൂര്‍ പ്രകാശ് 3,80,995 വോട്ട് നേടിയപ്പോള്‍ സിറ്റിങ് എം.പിയായിരുന്ന എ. സമ്പത്തിന് 3,42,748 വോട്ട് മാത്രമേ നേടാനായുള്ളൂ. ശോഭ സുരേന്ദ്രനായിരുന്നു ബി.ജെ.പി സ്ഥാനാര്‍ഥി. 2,48,081 വോട്ട് പിടിക്കാന്‍ എന്‍.ഡി.എക്കായി.

ഇടതിന്റെ ശക്തികേന്ദ്രങ്ങളിലൊന്നായിരുന്ന വര്‍ക്കല 2019ല്‍ എല്‍.ഡി.എഫിനെ കൈവിട്ടത്. 2009ല്‍ 18,341 വോട്ടിനും 2014ല്‍ 69,378 വോട്ടിനും എ. സമ്പത്ത് വിജയിച്ച മണ്ഡലമാണ്. ഇത്തവണ വിജയം എന്ന ഒറ്റ ലക്ഷ്യത്തില്‍ മാത്രം കേന്ദ്രീകരിച്ച് മൂന്നു മുന്നണികളും നന്നായി പണിയെടുത്ത മണ്ഡലമാണ് ആറ്റിങ്ങല്‍. തുടക്കം മുതല്‍ പ്രചാരണത്തില്‍ ഇടത് പക്ഷം മേല്‍ക്കൈ നേടിയെങ്കിലും നേരിയ വോട്ടിന് വിജയം കൈവിട്ടു.

webdesk13: