X
    Categories: indiaNews

തിരുക്കുറല്‍ ചൊല്ലാന്‍ അറിയുമോ? , ‘പെട്രോള്‍ ഫ്രീ’; ഗംഭീര ഓഫര്‍

ചെന്നൈ: പെട്രോള്‍ വില കുതിച്ചുയരുന്നതിനിടയില്‍ തമിഴ്‌നാട്ടിലെ കരൂര്‍ സ്വദേശികള്‍ക്കായി വ്യത്യസ്ത ഓഫര്‍ അവതരിപ്പിച്ചിരിക്കുകയാണ് ജില്ലയിലെ ഒരു പമ്പ് ഉടമ. തിരുക്കുറല്‍ കാണാപാഠം ചൊല്ലാനറിയുന്ന മക്കളുടെ മാതാപിതാക്കള്‍ക്ക് സൗജന്യമായി പെട്രോള്‍ നല്‍കുമെന്നാണ് പ്രഖ്യാപനം. 20 തിരുക്കുറല്‍ ചൊല്ലി കേള്‍പ്പിച്ചാല്‍ ഒരു ലിറ്റര്‍ പെട്രോള്‍ സൗജന്യമായി നല്‍കും. 10 തിരുക്കുറല്‍ ചൊല്ലിയാല്‍ അര ലിറ്റര്‍ പെട്രോള്‍ നേടാം.

തിരുക്കുറലിന്റെ പ്രാധാന്യം മനസിലാക്കാന്‍ കുട്ടികളെ പ്രേരിപ്പിക്കാനാണ് കെ സെന്‍ഗുകുട്ടുവന്‍ എന്നയാള്‍ ഇത്തരമൊരു ആശയവുമായി രംഗത്തെത്തിയത്. വള്ളുവര്‍ വിദ്യാഭ്യാസ സ്ഥാപനങ്ങളുടെയും കമ്പനികളുടെയും ഉടമയാണ് ഇദ്ദേഹം. ഓഫര്‍ പ്രഖ്യാപിച്ചതുമുതല്‍ കുട്ടികളുടെ രക്ഷിതാക്കളില്‍ നിന്ന് മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്നും കൂടുതല്‍ പേര്‍ തങ്ങളുടെ മക്കളെ ആവേശത്തോടെ തിരുക്കുറല്‍ പഠിക്കാന്‍ പ്രേരിപ്പിക്കുന്നുണ്ടെന്ന് സെന്‍ഗുകുട്ടുവന്‍ പറഞ്ഞു.

ഓഫര്‍ പ്രകാരം ഒന്നുമുതല്‍ 12 വരെയുള്ള ക്ലാസുകളിലെ കുട്ടികള്‍ക്കാണ് പങ്കെടുക്കാന്‍ അവസരം. ഒന്നിലധികം തവണ പങ്കെടുക്കാനും അവസരമുണ്ട്, അതേസമയം ഓരോ തവണയും വ്യത്യസ്ത തിരുക്കുറലുകള്‍ പാരായണം ചെയ്യണം എന്നതാണ് വ്യവസ്ഥ. ഇതിനോടകം അന്‍പതോളം കുട്ടികളാണ് പങ്കെടുത്തിട്ടുള്ളത്. ഏപ്രില്‍ മുപ്പത് വരെ ഓഫര്‍ തുടരാനാണ് തീരുമാനം.

 

 

Test User: