ന്യൂഡല്‍ഹി: കേന്ദ്ര സര്‍ക്കാരിന്റെ കാര്‍ഷിക ബില്ലിനെതിരെ ഹര്‍ജിയുമായി ടിഎന്‍ പ്രതാപന്‍ എംപി സുപ്രീംകോടതിയില്‍. ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് ബില്ലെന്ന് പ്രതാപന്‍ പറഞ്ഞു. പുതിയ കാര്‍ഷിക നിയമം ഭരണഘടന വിരുദ്ധവും നിയമവിരുദ്ധവുമാണെന്ന് കാട്ടിയാണ് പ്രതാപന്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിന് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. നിയമത്തിനെതിരെ രാജ്യവ്യാപകമായി കര്‍ഷക പ്രതിഷേധം ഉയരുന്നതിനിടെയാണ് ബില്ലില്‍ രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്നത്.
കാര്‍ഷിക നിയമം 2020 അസാധുവാണെന്ന് അദ്ദേഹം ഹര്‍ജിയിലൂടെ ചൂണ്ടിക്കാട്ടി. ഭരണഘടനയുടെ 32-ാം അനുച്ഛേദ പ്രകാരമാണ് പ്രതാപന്‍ സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്. രാജ്യത്തെ സാധാരണ കൃഷിക്കാര്‍ക്ക് ഭരണഘടന ഉറപ്പ് നല്‍കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് രാഷ്ട്രപതി ഒപ്പിട്ടിരിക്കുന്ന കാര്‍ഷിക ബില്ലെന്ന് പ്രതാപന്‍ പറഞ്ഞു.
കര്‍ഷകരെ ദ്രോഹിക്കുന്ന സര്‍ക്കാരിനും, കര്‍ഷകരെ കുത്തക കമ്പനികളുടെ അടിമകളാക്കുന്ന നിയമങ്ങള്‍ക്കുമെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിക്കുമെന്ന് പ്രതാപന്‍ നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. കൃഷിക്കാര്‍ക്ക് സുപ്രീംകോടതിയില്‍ നിന്ന് നീതി ലഭ്യമാകുമെന്ന പ്രതീക്ഷകൊണ്ടാണ് കോടതിയെ സമീപിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.