ചെന്നൈ: കൈക്കൂലി വാങ്ങാന്‍ മാത്രമായി സ്വന്തമായി ഓഫീസ് പണിത് തമിഴ്‌നാട്ടിലെ ഉന്നത സര്‍ക്കാര്‍ ഉദ്യോഗസ്ഥന്‍. ഇയാളുടെ വീട്ടില്‍ നിന്നും സമാന്തര ഓഫീസില്‍ നിന്നുമായി പിടിച്ചെടുത്ത സ്വത്തുക്കളുടെ വിവരം കേട്ട് ഞെട്ടിയിരിക്കുയാണ് തമിഴ്‌നാട്. സംസ്ഥാന മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ജോയിന്റ് ചീഫ് എന്‍ജിനീയര്‍ പനീര്‍സെല്‍വത്തിന്റെ സമാന്തര ഓഫീസില്‍ നിന്നും വീട്ടില്‍ നിന്നുമായി 10 കോടി രൂപയിലേറെ വിലമതിക്കുന്ന സ്വത്തുക്കളാണ് പിടിച്ചെടുത്തത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിലെ ഉന്നത ഉദ്യോഗസ്ഥനായ പനീര്‍സെല്‍വത്തിന്റെ കൈക്കൂലി വാങ്ങുന്ന രീതി അമ്പരപ്പിക്കുന്നതാണ്. കൈക്കൂലി വാങ്ങാനും അവിഹിതമായി കാര്യങ്ങള്‍ ചെയ്തുകൊടുക്കാനുമായി ഇരുനില കെട്ടിട്ടത്തിലാണ് പനീര്‍സെല്‍വം ഓഫീസ് ഒരുക്കിയത്. സര്‍ക്കാര്‍ ഓഫീസില്‍ പോകുന്നതിനു പകരം ഈ സമാന്തര കേന്ദ്രത്തില്‍ നിന്നായിരുന്നു കാര്യങ്ങള്‍ നിയന്ത്രിച്ചിരുന്നത്.
ചെന്നൈ റാണിപേട്ടിലാണ് തമിഴ്‌നാട് മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ ആസ്ഥാനം. സംസ്ഥാനത്തു തന്നെ ഏറ്റവും അപകടകരമായ തരത്തില്‍ മലിനീകരണതോതുള്ള വ്യവസായ സ്ഥാപനങ്ങളുള്ള റാണിപേട്ട്, തിരുവെള്ളൂര്‍, വെല്ലൂര്‍, ചെന്നൈ സോണുകള്‍ ഇദ്ദേഹത്തിനു കീഴിലാണ്. ഇതു പണം വാരാനുള്ള മാര്‍ഗമായി മാറ്റിയിരിക്കുകയായിരുന്നു പനീര്‍സെല്‍വം. കാട്പാടിയില്‍ അടുത്തിടെ നടന്ന ജില്ലാതല ഓഫീസര്‍മാരുടെ യോഗത്തില്‍ വിവിധ ജില്ലകളില്‍ നിന്ന് പിരിച്ചെടുത്ത കൈക്കൂലി കൈമാറിയെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ബുധനാഴ്ച റെയ്ഡ് തുടങ്ങിയത്.
മലിനീകരണ നിയന്ത്രണ ബോര്‍ഡിന്റെ വെല്ലൂര്‍ ജില്ലാ ഓഫീസിനോടു ചേര്‍ന്നുള്ള രണ്ടുനില കേന്ദ്രത്തില്‍ നിന്ന് 33.5 ലക്ഷം രൂപ പിടികൂടി. ഇവിടെയുണ്ടായിരുന്ന പനീസെല്‍വത്തിന്റെ കാറില്‍ നിന്ന് 2.5 ലക്ഷവും കണ്ടെടുത്തു. തുടര്‍ന്ന് ഇദ്ദേഹത്തിന്റെ വീട്ടിലെത്തിയ വിജിലന്‍സ് സംഘം ഞെട്ടി. നോട്ടുകെട്ടുകളാക്കി അടുക്കിവച്ചിരുന്നത് മൂന്നുകോടിക്കടുത്ത് പണം. കൂടാതെ 450 സ്വര്‍ണാഭരണങ്ങള്‍, ആറര കിലോ വെള്ളി ആഭരണങ്ങളും പിടിച്ചെടുത്തു. ഇതെല്ലാം കൈക്കൂലിയായി കിട്ടിയതാണെന്നാണ് വിജിലന്‍സ് സംഘം പറയുന്നത്.