ചെന്നൈ: കോവിഡ് പ്രതിരോധത്തില്‍ സംസ്ഥാനങ്ങളുടെ ചുമതല നിര്‍വ്വഹിക്കാന്‍ അനുവദിക്കണമെന്ന് തമിഴ്‌നാട് ധനമന്ത്രി ഡോ. പഴനിവേല്‍ ത്യാഗരാജന്‍. ഡല്‍ഹിയിലിരുന്നുകൊണ്ട് തമിഴ്‌നാട്ടിലെയോ കേരളത്തിലെയോ ഒരു ഗ്രാമത്തിലെ ബാര്‍ബര്‍ ഷോപ് തുറക്കണമോ വേണ്ടയോ എന്ന് നിശ്ചയിക്കുന്നതിലെ യുക്തിയെ ചോദ്യം ചെയ്ത ഡോ. ത്യാഗരാജന്‍ കോവിഡ് പ്രതിരോധത്തില്‍ കേന്ദ്രസര്‍ക്കാരിന് ഇരട്ട വ്യക്തിത്വമാണെന്നും വിമര്‍ശിച്ചു.
ആന്റി വൈറല്‍ മരുന്നുകളായ റെംഡിസ്വിര്‍ ഉള്‍പ്പെടെയുള്ളവയുടെ മൊത്തം സംഭരണവും വിതരണവും തങ്ങള്‍ക്കാണെന്നാണെന്ന് അവകാശപ്പെടുന്ന കേന്ദ്ര സര്‍ക്കാര്‍ വാക്‌സിനുകള്‍ സംസ്ഥാനങ്ങള്‍ സ്വന്തം നിലയ്ക്ക് വാങ്ങണമെന്ന് പറയുന്നത് തീര്‍ത്തും അയുക്തിപരവും ദയാരഹിതവുമായ നടപടിയാണെന്ന് ഡോ. ത്യാഗരാജ് ചൂണ്ടിക്കാട്ടി. മാതൃഭൂമി ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു ഡോ. പഴനിവേല്‍ ത്യാഗരാജന്റെ പ്രതികരണം.
കേന്ദ്ര സര്‍ക്കാര്‍ പരിപാടികളുടെ ആശയവിനിമയം ഹിന്ദിയിലാണെന്നത് വിഷമകരമാണെന്നും അതിനാല്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഹിന്ദിയില്‍ നടത്തുന്ന പ്രസംഗങ്ങള്‍ പൊതുവെ കേള്‍ക്കാറില്ലെന്നും ഡോ. ത്യാഗരാജന്‍ പറഞ്ഞു. പലപ്പോഴും നീണ്ട പ്രസംഗങ്ങള്‍ക്കൊടുവില്‍ അദ്ദേഹം പറയുന്നത് പാത്രം കൊട്ടണമെന്നോ മെഴുകുതിരി കത്തിക്കണമെന്നോ ആയിരിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു.