കൊല്‍ക്കത്ത: അഞ്ചു തൃണമൂല്‍ കോണ്‍ഗ്രസ് എംപിമാര്‍ വൈകാതെ ബിജെപിയിലെത്തുമെന്ന അവകാശവാദവുമായി ബിജെപി. മുതിര്‍ന്ന നേതാവ് സുഗത റോയ്, ശുഭേന്ദു അധികാരി എന്നിവര്‍ അടക്കമുള്ളവര്‍ പാര്‍ട്ടിയില്‍ ചേരും എന്നാണ് ബിജെപി എംപി അര്‍ജുന്‍സിങിന്റെ അവകാശവാദം.
‘ഞാന്‍ ആവര്‍ത്തിച്ചു പറയുന്നു. അഞ്ച് തൃണമൂല്‍ എംപിമാര്‍ ഏതു നിമിഷവും ടിഎംസി വിട്ട് ബിജെപിയില്‍ ചേരും’ – എന്നാണ് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞത്.. സുഗത റോയ് ടിഎംസി നേതാവായും മമതയുടെ മധ്യസ്ഥനായും അഭിനയിക്കുകയാണ് എന്നും അദ്ദേഹം ആരോപിച്ചു.
ശുഭേന്ദു അധികാരി ജനപിന്തുണയുള്ള നേതാവാണ്. അധികാരിയടക്കമുള്ളവരുടെ ജനപിന്തുണയിലാണ് മമത നേതാവായത്. അവര്‍ ഇപ്പോള്‍ ഭൂതകാലത്തെ നിരാകരിക്കുന്നു. മരുമകന്‍ അഭിഷേക് ബാനര്‍ജിയെ ഉയര്‍ത്തിക്കൊണ്ടു വരാനാണ് അവരുടെ ശ്രമം. ജനപിന്തുണയുള്ള ഒരു നേതാവും ഇതംഗീകരിക്കില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നിയമസഭാ തെരഞ്ഞെടുപ്പിന്റെ പടിവാതില്‍ക്കല്‍ എത്തി നില്‍ക്കവെയാണ് ബിജെപി തൃണമൂല്‍ അംഗങ്ങളെ ചാക്കിട്ടു പിടിക്കാന്‍ ശ്രമം നടത്തുന്നത്. ഇത്തവണ ഏതു വിധേനയും സംസ്ഥാനത്ത് അധികാരം പിടിക്കണമെന്നാണ് ബിജെപി ദേശീയ നേതൃത്വം ആവശ്യപ്പെട്ടിട്ടുള്ളത്.