X

മണിപ്പൂരില്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വരണം: കോണ്‍ഗ്രസ് എം.പി ബിമോല്‍ അക്കോയിജം

മണിപ്പൂരില്‍ ഉത്തരവാദിത്തമുള്ള സര്‍ക്കാര്‍ വരണമെന്ന് ഇന്നര്‍ മണിപ്പൂര്‍ എം.പിയും ജെ.എന്‍.യു പ്രൊഫസറുമായ ബിമോല്‍ അക്കോയിജം. നിലവിലുള്ള സാഹചര്യങ്ങളെ നേരിടാന്‍ സാധിക്കുന്ന സര്‍ക്കാരിനെയാണ് മണിപ്പൂരിന് ആവശ്യമെന്നും അദ്ദേഹം പറഞ്ഞു. മണിപ്പൂര്‍ മുഖ്യമന്ത്രി ബിരേന്‍ സിങ് രാജിവെച്ചതിനെ തുടര്‍ന്നാണ് ഇന്നര്‍ മണിപ്പൂര്‍ എം.പിയും കോണ്‍ഗ്രസ് നേതാവുമായ അദ്ദേഹത്തിന്റെ പ്രതികരണം.

ബിരേന്‍ സിങ്ങിന്റെ രാജി ബി.ജെ.പിയെ സംരക്ഷിക്കുന്നതിനുള്ള നീക്കമാണെന്ന് എം.പിയും കോണ്‍ഗ്രസ് നേതാവുമായ ഗൗരവ് ഗോഗൊയ്. സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന വംശീയ അക്രമങ്ങള്‍ പരിഹരിക്കുന്നതിനുപകരം ബി.ജെ.പിയെ സംരക്ഷിക്കാനുള്ള നീക്കമാണ് അദ്ദേഹം നടത്തിയതെന്നും ഗോഗൊയ് പറഞ്ഞു. മണിപ്പൂരില്‍ സമാധാനം സ്ഥാപിക്കാന്‍ ബി.ജെ.പിക്ക് പദ്ധതിയൊന്നുമില്ലെന്നും വിശ്വാസ വോട്ടെടുപ്പില്‍ ബി.ജെ.പി പരാജയപ്പെടുമെന്ന് അറിഞ്ഞ ശേഷമാണ് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇടപെട്ടതെന്നും അദ്ദേഹം പറഞ്ഞു.

ഇന്നലെ ആണ് ബിരേന്‍ സിങ് രാജ്ഭവനിലെത്തി രാജി സമര്‍പ്പിച്ചത്. ഗവര്‍ണര്‍ അജയ് കുമാര്‍ ഭല്ലയ്ക്ക് അദ്ദേഹം രാജിക്കത്ത് കൈമാറുകയായിരുന്നു. രാജ്ഭവനില്‍ ബി.ജെ.പി എം.എല്‍.എമാര്‍ക്കും എം.പിമാര്‍ക്കും ഒപ്പമെത്തിയാണ് ബീരേന്‍ സിങ് രാജിക്കത്ത് കൈമാറിയത്.കലാപബാധിതമായ മണിപൂരില്‍ നിലവിലുള്ള ബി.ജെ.പി സര്‍ക്കാരിനെതിരെ പ്രതിപക്ഷമായ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ വിശ്വാസ വോട്ടെടുപ്പിന് സാധ്യതയുളളതിനാലാണ് ബിരേന്‍ സിങ്ങിന്റെ രാജി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായെ കണ്ടുമടങ്ങിയതിന് പിന്നാലെയായിരുന്നു രാജി.

മണിപ്പൂരില്‍ സംഘര്‍ഷം രൂക്ഷമായ സാഹചര്യത്തില്‍ മുഖ്യമന്ത്രിയെ മാറ്റണമെന്ന് ബി.ജെ.പി നേതാക്കളില്‍ പലരും ആവശ്യപ്പെട്ടിരുന്നു. സംഘര്‍ഷം നിയന്ത്രിക്കാന്‍ കഴിയാത്തതില്‍ ഭരണപക്ഷമായ ബി.ജെ.പിയിലുള്‍പ്പെടെ ഭിന്നതകളുണ്ടാവുകയും പ്രതിഷേധാര്‍ഹം എം.എല്‍.എമാര്‍ ബി.ജെ.പിയില്‍ നിന്ന് രാജിവെക്കുകയും ചെയ്തിരുന്നു.

webdesk13: