കെ.പി ജലീല്‍
ടൈറ്റാന്‍ മുങ്ങല്‍പേടകത്തിന്റെ തകര്‍ച്ചക്ക് കാരണം അകത്തെ മര്‍ദം കുറക്കുന്ന സംവിധാനം തകരാറിലായതെന്ന് നിഗമനം. ഇന്നലെയാണ് ടൂറിസ്റ്റ് പേടകത്തിലുണ്ടായിരുന്ന പൈലറ്റുള്‍പ്പെടെ അഞ്ചുപേരും മരിച്ചതായി സ്ഥിരീകരിച്ചത്. അമേരിക്കന്‍ കോസ്റ്റ് ഗാര്‍ഡാണ് പൊട്ടിപ്പൊളിഞ്ഞ ഭാഗം കണ്ടെത്തിയതായി ആദ്യം അറിയിച്ചത്. മൃതശരീരങ്ങളുടെ ഭാഗങ്ങള്‍ വീണ്ടെടുക്കാനാകുമോ എന്ന ്‌വ്യക്തമല്ല. ടൂര്‍ ഓപ്പറേറ്റര്‍മാരും ടൈറ്റാന്റെ ഉടമകളുമായ ഓഷ്യന്‍ഗേറ്റ് എക്‌സ്‌പെഡിഷന്‍സ് വൈസ് ചെയര്‍മാനും പാക് ബിസിനസുകാരായ ഷഹ്‌സാദ യാക്കൂബും മകന്‍ 19 കാരന്‍ സുലൈമാനും ഉള്‍പ്പെടെ അഞ്ചുപേരാണ് അപകടത്തിനിരയായത്. ടൈറ്റാന്റെ സ്‌ഫോടനം ഞായറാഴ്ചതന്നെ അമേരിക്കന്‍ നേവി കേട്ടിരുന്നതായും വാര്‍ത്തകളുണ്ട്.
22 അടി നീളമുള്ള പേടകമാണ് ഇത്. തിമിംഗലത്തിന്റെ ആകൃതിയില്‍ നിര്‍മിച്ചിരിക്കുന്ന പേടകത്തിന് പതിനായിരം കിലോ ആണ് ഭാരം. ഇതിലെ താപവും മറ്റും നിയന്ത്രിക്കുന്നതിനുള്ള സംവിധാനങ്ങള്‍ അപകടസാധ്യതയുണ്ടെന്ന് നേരത്തെതന്നെ പരാതിയുയര്‍ന്നിരുന്നു. എന്നിട്ടും അത് വകവെക്കാതെയാണ് ടൂര്‍ നടത്തിയിരുന്നത്. 2021ലാണ് ആദ്യമായി ടൈറ്റാന്‍ അന്തര്‍വാഹിനിയാത്ര നടത്തിയത്. അഞ്ചുപേര്‍ക്ക് ഇരപിക്കാനായി പ്രത്യേക ഇരിപ്പിടമൊന്നും ഇതിനകത്തില്ലായിരുന്നു. നിവര്‍ന്നുനില്‍ക്കാന്‍ കഴിയുമായിരുന്നില്ല. എട്ടുദിവസത്തേക്കുള്ള യാത്രക്ക് 2 കോടി ഇന്ത്യന്‍ രൂപയാണ് ചെലവ്. വലിയ സമ്പന്നരാണ് യാത്ര ചെയ്യുകയെന്നതിനാല്‍ വര്‍ഷത്തില്‍ ഒന്നോ രണ്ടോ യാത്രമാത്രമേ നടത്തിയിരുന്നുള്ളൂ.
പാക്കിസ്താനില്‍ ജനിച്ച് ബ്രിട്ടനില്‍ ബിസിനസ് നടത്തുന്ന കുടുംബമാണ് ഷഹ്‌സാദയുടേത്. ആദ്യം മകന്‍ സമ്മതിച്ചിരുന്നില്ലെന്നാണ് സഹോദരന്‍ പറഞ്ഞത്. ടൈറ്റാനിക് കപ്പല്‍ തകര്‍ന്നതിന്റെ അവശിഷ്ടങ്ങള്‍ കാണുക എന്നത് ഷഹ്‌സാദയുടെ ചിരകാലാഭിലാഷമായിരുന്നു. പലപ്പോഴും ഇതിന്റെ ചിത്രങ്ങള്‍ കൗതുകത്തോടെ കാണുമായിരുന്നു പിതാവെന്ന് മൂത്ത മകന്‍ പറഞ്ഞു.
വെള്ളിയാഴ്ച പുറപ്പെട്ട് മാതൃകപ്പലായ പോളാര്‍ പ്രിന്‍സ് വഴി നിയന്ത്രിക്കപ്പെട്ട് ഞായറാഴ്ചയാണ് 3.8 കിലോമീറ്റര്‍ താഴ്ചയിലെത്തിയത്. ഇത്രയും അടി താഴെയാണ് ടൈറ്റാനിക്കിന്റെ അവശിഷ്ടങ്ങളുള്ളത്. പകുതിയായി പൊട്ടിപ്പിളര്‍ന്നാണ് കപ്പല്‍ തകര്‍ന്ന് കിടക്കുന്നത്. പല മറ്റ് അവശിഷ്ടങ്ങളും അടുത്തുണ്ട്. 1912ലാണ് ടൈറ്റാനിക് കപ്പല്‍ ഐസ് മലയിലിടിച്ച് ആദ്യയാത്രയില്‍ തന്നെ തകര്‍ന്നത്. മൂന്ന് ബ്രിട്ടീഷുകാരാണ് പാക്കിസ്താന്‍ പൗരന്‍മാര്‍ക്ക് പുറമെ പേടകത്തിലുണ്ടായിരുന്നത്. ഇവര്‍ പര്യവേക്ഷകരും പൈലറ്റുമാണ്. കുട്ടികള്‍ കളിവിമാനം നിയന്ത്രിക്കുന്നതിനായി ഉപയോഗിക്കുന്ന തരത്തിലുള്ള റിമോട്ടാണ് പേടകത്തെ നിയന്ത്രിക്കാനായി അതിനകത്ത് പൈലറ്റ് ഉപയോഗിക്കുന്നത്. മറ്റ് നിയന്ത്രണങ്ങള്‍ കടലിന് മുകളിലെ കപ്പലില്‍നിന്നാണ്.
ജനലുകളില്ലാത്ത പേടകത്തിന് ഒരു ടോയ്‌ലറ്റുണ്ട്. ചെറിയൊരു ഗ്ലാസ് ദ്വാരത്തിലൂടെയാണ് പുറത്തെ കാഴ്ചകള്‍ കാണാനാകുക. പോളിമര്‍ ഉപയോഗിച്ച് നിര്‍മിച്ച പേടകത്തിന് പെട്ടെന്നുള്ള ആഘാതത്തെ തടയാനാകും. പുറത്തുനിന്നാണ് ബോള്‍ട്ടുകളിട്ട് ഇത് അടച്ചിരിക്കുന്നത് എന്നതിനാല്‍ അകത്തുനിന്ന് തുറക്കാനാകില്ല. ഇത് പേടകത്തിന്റെ പോരായ്മകളിലൊന്നാണ്.
‘ അപകടം വീടിന് പുറത്തിറങ്ങിയാലും സംഭവിക്കില്ലേ, അല്ലെങ്കില്‍ അടച്ചിട്ട് ഇരിക്കണം’ ഇതാണ് ഓഷ്യന്‍ ഗേറ്റ് ഉടമ ക്രഷ് നേരത്തെ പേടകത്തിന്റെ സുരക്ഷയെക്കുറിച്ച് വേവലാതിപ്പെട്ടവരോട് പറഞ്ഞിരുന്നത്. ഏതായാലും അപ്രതീക്ഷിതമല്ലെങ്കിലും ഭയപ്പെട്ടത് സംഭവിച്ചു. ധനികരുടെയും പര്യവേക്ഷകരുടെയും അന്ത്യാഭിലാഷമായി ടൈറ്റാന്‍ യാത്ര മറ്റൊരു ടൈറ്റാനിക് ദുരന്തമായി മാറുകയും ചെയ്തു.