X
    Categories: keralaNews

തിരൂരങ്ങാടി യതീംഖാനയുടെ സ്വന്തം ഷൈജല്‍

യു.എ. റസാഖ്
തിരൂരങ്ങാടി

ലഡാക്കിലുണ്ടായ വാഹനാപകടത്തില്‍ മരണപ്പെട്ട സൈനികന്‍ മുഹമ്മദ് ഷൈജല്‍ തിരൂരങ്ങാടി യതീംഖാനയുടെ സന്തതി. ചെറുപ്പം മുതല്‍ യതീംഖാനയില്‍ പഠിച്ചു വളര്‍ന്ന ഷൈജല്‍ തിരൂരങ്ങാടി പി.എസ്.എം.ഒ കോളജിലെ പി.ഡി.സി പഠനം പൂര്‍ത്തിയാക്കവെയാണ് പട്ടാളത്തിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്.

21 വര്‍ഷത്തെ സേവനത്തിന് ശേഷം വിരമിക്കാനിരിക്കെയാണ് ഷൈജല്‍ ഉള്‍പ്പെടെ 26 സൈനികര്‍ സഞ്ചരിച്ച വാഹനം ലഡാക്കില്‍ ഷ്യാക് നദിയിലേക്ക് മറിഞ്ഞ് അപകടമുണ്ടാകുന്നത്. പരപ്പനങ്ങാടി കെ.പി.എച്ച് റോഡ് നുള്ളക്കുളം സ്വദേശിയായ ഷൈജലിന്റെ മാതാവ് എന്‍.പി സുഹ്‌റയും അമ്മാവന്മാരായ മുഹമ്മദ്, അബ്ദുല്‍ അസീസ്, അബ്ദുറബ്ബ്, മാതാവിന്റെ എളാപ്പ അബു മാസ്റ്ററുമെല്ലാം തിരൂരങ്ങാടി യതീംഖാനയില്‍ പഠിച്ചവരാണ്. യതീംഖാനയില്‍ നിന്നുമാണ് ഷൈജലിന്റെ മാതാവിനെ കോട്ടയം സ്വദേശി തച്ചോളി കോയ വിവാഹം കഴിക്കുന്നത്. ഷൈജലടക്കം മൂന്ന് മക്കളാകവെ ചെറുപ്പത്തിലെ പിതാവ് മരണപ്പെട്ടു. ഇതോടെ ഒറ്റപ്പെട്ട കുടുംബത്തിന്റെ ജീവിതവും കുട്ടികളുടെ പഠനവും വഴിമുട്ടി. ഇതോടെ സുഹ്‌റ വീണ്ടും യതീംഖാനയില്‍ അഭയം തേടി.

1993ല്‍ ഏഴാം ക്ലാസില്‍ യതീംഖാനയിലൂടെ ഷൈജല്‍ പഠനം ആരംഭിച്ചു. അതേവര്‍ഷം തന്നെ ഷൈജലിന്റെ സഹോദരന്‍ ഹനീഫയും യതീംഖാനയില്‍ പഠനം ആരംഭിച്ചിരുന്നു. 1996ല്‍ ഷൈജല്‍ തിരൂരങ്ങാടി ഓറിയന്റല്‍ ഹയര്‍ സെക്കന്ററി സ്‌കൂളില്‍ നിന്നും മികച്ച വിജയത്തോടെ എസ്.എസ്.എല്‍.സി പാസ്സായി. പിന്നീട് പി.ഡി.സിക്ക് പി.എസ്.എം.ഒ കോളജില്‍ ചേര്‍ന്ന ജൈസല്‍ 1999ലാണ് പട്ടാളത്തിലേക്ക് സെലക്ഷന്‍ ലഭിക്കുന്നത്. കോളജ് കാലഘട്ടത്തില്‍ സ്‌പോര്‍ട്‌സിലും എന്‍.സി.സിയിലും വളരെ സജീവമായിരുന്നു.

പട്ടാളത്തില്‍ നിന്നും ലീവിന് വരുന്ന സമയങ്ങളിലെല്ലാം യതീംഖാന സന്ദര്‍ശിക്കുകയും യതീംഖാനയിലെ കുട്ടികളൊപ്പം ഏറെനേരം ചെലവഴിക്കുകയും ചെയ്യുന്ന പ്രകൃതക്കാരനായിരുന്നു. മകന്‍ തന്‍സിലിനെയും പലപ്പോഴും യതീംഖാനയില്‍ കൊണ്ട് വരികയും വാപ്പ പഠിച്ചു വളര്‍ന്നതിനെക്കുറിച്ച് കുട്ടിക്ക് പറഞ്ഞു കൊടുക്കുകയും ചെയ്തിരുന്നു.

മാത്രവുമല്ല യതീംഖാനയിലെ കുട്ടികളുടെ കളിക്ക് വലിയ പ്രോത്സാഹനം നല്‍കിയിരുന്ന ഷൈജല്‍ പലപ്പോഴും അവരുടെ സ്‌പോര്‍ട്‌സ്‌ഡേ നോക്കി പട്ടാളത്തില്‍ നിന്നും ലീവിന് അപ്ലൈ ചെയ്തിരുന്നതായി സഹപാഠികള്‍ പറയുന്നു. യതീം കുട്ടികളോട് വലിയ താല്‍പര്യമായിരുന്ന ഷൈജല്‍ പട്ടാളത്തില്‍ നിന്നും വിരമിച്ച് അവരോടൊപ്പം കഴിയാന്‍ ആഗ്രഹിക്കുകയാണെന്ന് പലപ്പോഴും സുഹൃത്തുക്കളോട് പങ്കുവെച്ചിരുന്നു.

Chandrika Web: