X

തിരൂരങ്ങാടി താലൂക്ക് ആശുപത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് അനാദരവ്; ബന്ധുക്കള്‍ക്ക് കൈമാറിയത് മാംസം പുറത്തുകാണുന്ന വിധത്തില്‍

മലപ്പുറം: തിരൂരങ്ങാടി താലൂക്ക് ആസ്പത്രിയില്‍ യുവാവിന്റെ മൃതദേഹത്തോട് അനാദരവ്. പോസ്റ്റ്‌മോര്‍ട്ടം നടത്തി നേരാംവണ്ണം തുന്നാതെ മൃതദേഹം ബന്ധുക്കള്‍ക്ക് കൈമാറി. താഴേ ചേളാരി സ്വദേശി നെച്ചാട്ട് പറമ്പില്‍ മുഹമ്മദ് കുട്ടിയുടെ മകന്‍ അര്‍ഷദ് (38) ന്റെ മൃതദേഹമാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം നേരാംവണ്ണം തുന്നാതെ ബന്ധുക്കള്‍ക്ക് കൈമാറിയത്. ചൊവ്വാഴ്ച്ച രാത്രി പത്തരയോടെ ആര്‍ഷദിനെ ചേളാരിയിലെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. മൃതദേഹം രാത്രി തന്നെ താലൂക്ക് ആസ്പത്രിയിലേക്ക് മാറ്റി.

കൊറോണ പരിശോധന ഫലം ബുധനാഴ്ച്ച ഉച്ചക്ക് രണ്ട് മണിയോടെ തന്നെ ലഭിച്ചു. പരിശോധനാ ഫലം നെഗറ്റീവായതോടെ തിരൂരങ്ങാടി പൊലീസ് നാല് മണിയോടെ ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി. പൊലീസ് ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കിയെങ്കിലും പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ഡോക്ടറും മൂന്ന് നഴ്‌സുമാരും എത്തുന്നത് അഞ്ച് മണിക്കാണ്. ആറര മണിയോടെ പോസ്റ്റ് മോര്‍ട്ടം പൂര്‍ത്തിയാക്കി അവര്‍ മടങ്ങി.

ശേഷം മൃതദേഹം കുളിപ്പിക്കാനായി മോര്‍ച്ചറിയില്‍ കയറ്റിയപ്പോഴാണ് മൃതദേഹം കീറിയ ഭാഗങ്ങളിലൊന്നും ശരിയായ രീതിയില്‍ തുന്നിയിട്ടില്ലെന്ന് കാണുന്നത്. ശരീരത്തിലെ മാംസങ്ങള്‍ പുറത്ത് കാണുന്ന രീതിയിലായിരുന്നു. ഇത് അവിടെ ഉണ്ടായിരുന്ന നഴ്‌സിനെ അറിയിച്ചപ്പോള്‍ സാധാരണ അങ്ങനെ തന്നെയാണെന്നായിരുന്നു മറുപടിയെന്ന് ബന്ധുക്കള്‍ പറഞ്ഞു.

ബന്ധുക്കളും നാട്ടുകാരും പ്രതിഷേധിക്കാന്‍ തുടങ്ങിയതോടെ നിങ്ങള്‍ പോസ്റ്റ്‌മോര്‍ട്ടത്തിനായി വാങ്ങിച്ചു തന്ന കിറ്റില്‍ തുന്നാനുള്ള നൂല് ഇല്ലായിരുന്നുവെന്നും ഉള്ള നൂല് ഒപ്പിച്ചു തുന്നിയത് കൊണ്ടാണ് അങ്ങനെ ആയതെന്നുമായിരുന്നു പിന്നീട് നഴ്‌സ് നടത്തിയ പ്രതികരണം. ഇതോടെ ബന്ധുക്കള്‍ പരാതിയുമായി ഡോക്ടറെ സമീപിച്ചു.

ഡോക്ടര്‍ വീണ്ടും മോര്‍ച്ചറിയിലെത്തി പരിശോധിച്ചു. വയറിന്റെ ഭാഗത്തും തലയുടെ ഭാഗത്തും തുന്നിയത് ശരിയായിരുന്നില്ലെന്ന് കണ്ടെത്തുകയും വീണ്ടും തുന്നാന്‍ നിര്‍ദേശം നല്‍കുകയും ചെയ്തു. എട്ട് മണിയോടെ തുന്നല്‍ പൂര്‍ത്തിയാക്കി മൃതദേഹം കുളിപ്പിച്ചതിന് ശേഷം ഒന്‍പത് മണിയോടെ വീട്ടിലേക്ക് കൊണ്ട് പോയി. പത്ത് മണിയോടെ പടിക്കല്‍ ജുമാ മസ്ജിദില്‍ ഖബറടക്കി.

പി.പി.ഇ കിറ്റും ഫേസ് ഗ്ലാസുമെല്ലാം ധരിച്ചത് കൊണ്ട് ശരിയായി കാണാത്തത് കൊണ്ടാകാം തുന്നലില്‍ അപാകത സംഭവിച്ചതെന്നാണ് കരുതുന്നതെന്ന് ഡോക്ടര്‍ ചന്ദ്രികയോട് പറഞ്ഞു. രാവിലെ എട്ട് മണിക്ക് പി.പി.ഇ കിറ്റ് ധരിച്ച് ജോലി ആരംഭിച്ച നഴ്‌സുമാര്‍ നാല് മണിക്ക് ഷിഫ്റ്റ് മാറാനിരിക്കെയാണ് പോസ്റ്റ്‌മോര്‍ട്ടത്തിന് ഇറങ്ങേണ്ടി വന്നത്. അത് കൊണ്ട് തന്നെ ചെറിയ കാലതാമസം നേരിട്ടിട്ടുണ്ടാകാമെന്നുമാണ് ഡോക്ടര്‍ നല്‍കുന്ന വിശദീകരണം. എന്നാല്‍ നഴ്‌സുമാര്‍ക്ക് വേഗത്തില്‍ പോകാന്‍ വേണ്ടി മൃതദേഹം ശരിയാംവണ്ണം തുന്നാതെ ചാക്കില്‍ ഉന്നം നിറച്ച പോലെ തുന്നി പോകാനാണ് ശ്രമിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ് മോര്‍ട്ടം നടത്തുന്നതിന് അവര്‍ പറഞ്ഞ എല്ലാ സാധനങ്ങളും കിറ്റും വാങ്ങി നല്‍കിയിട്ടുണ്ടെന്നും ബന്ധുക്കള്‍ പറഞ്ഞു. വിഷയത്തില്‍ ആരോഗ്യ വകുപ്പ് മന്ത്രിക്കും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ക്കും പരാതി നല്‍കാനൊരുങ്ങുകയാണ് ബന്ധുക്കളും നാട്ടുകാരും.

അതേ സമയം മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാധനങ്ങള്‍ ബന്ധുക്കള്‍ വാങ്ങി നല്‍കണമെന്നത് അംഗീകരിക്കാനാവില്ലെന്ന് തിരൂരങ്ങാടി മണ്ഡലം മുസ്‌ലിം യൂത്ത്‌ലീഗ് ജനറല്‍ സെക്രട്ടറി യു.എ റസാഖ് പറഞ്ഞു. പോസ്റ്റ്‌മോര്‍ട്ടത്തിനുള്ള സാധനങ്ങള്‍ ആസ്പത്രികളിലുണ്ടാകാറുണ്ട്. എന്നാല്‍ തിരൂരങ്ങാടിയില്‍ മാത്രം അത് ഉണ്ടാകാത്തത് എന്ത് കൊണ്ടാണെന്ന് ആരോഗ്യ വകുപ്പ് വ്യക്തമാക്കണം. മൃതദേഹത്തോട് പോലും ആദരവ് കാണിക്കാന്‍ കഴിയാത്ത ആരോഗ്യ വകുപ്പാണ് കേരളത്തിലേതെന്നത് ലജ്ജാകരമാണ്. നൂല് തികഞ്ഞില്ലെന്ന് പറഞ്ഞ് പോസ്റ്റ്‌മോര്‍ട്ടം ചെയ്ത് മൃതദേഹം തുന്നാതെ ബന്ധുക്കള്‍ക്ക് നല്‍കിയെന്നത് പ്രാകൃതമാണ്. വിഷയത്തില്‍ ആരോഗ്യവകുപ്പ് മന്ത്രിക്കും മറ്റു ബന്ധപ്പെട്ടവര്‍ക്കും പരാതി നല്‍കിയിട്ടുണ്ടെന്നും റസാഖ് പറഞ്ഞു.

 

web desk 1: