തിരുപ്പതി: ആന്ധ്ര പ്രദേശിലെ തിരുപ്പതിയില്‍ ദിവസങ്ങള്‍ക്കു മുന്‍പു സ്യൂട്ട് കേസില്‍ കത്തിക്കരിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം ഹൈദരാബാദിലെ സ്വകാര്യ സ്ഥാപനത്തിലെ ജീവനക്കാരി ഭുവനേശ്വരിയുടേതാണെന്ന് (27) പൊലീസ് സ്ഥിരീകരിച്ചു. ഭര്‍ത്താവ് ശ്രീകാന്ത് റെഡ്ഡിയാണ് ഇവരെ കൊലപ്പെടുത്തിയതെന്നു പൊലീസ് പറഞ്ഞു.
തിരുപ്പതിയിലാണു ദമ്പതികള്‍ താമസിച്ചിരുന്നത്. ഇവര്‍ക്ക് ഒന്നര വയസ്സുള്ള മകളുണ്ട്. കോവിഡ് വ്യാപനത്തെ തുടര്‍ന്നു കഴിഞ്ഞ കുറച്ചു നാളായി ഭുവനേശ്വരി വര്‍ക് ഫ്രം ഹോമായിരുന്നു. എന്‍ജിനീയറിങ് ബിരുദധാരിയായ ശ്രീകാന്തിന് ഏതാനും മാസങ്ങള്‍ക്കു മുന്‍പു ജോലി നഷ്ടമായി.
മൃതദേഹം 90 ശതമാനത്തോളം കത്തിക്കരിഞ്ഞ നിലയിലായിരുന്നെന്നും ദിവസങ്ങള്‍ക്കു മുന്‍പു ശ്രീകാന്ത് ഷോപ്പിങ് മാളില്‍നിന്നു വലിയ സ്യൂട്ട് കേസ് വാങ്ങിയതു ശരീരം ഒളിപ്പിക്കാനാണെന്നും പിന്നീട് ഇയാള്‍ ശരീരം കത്തിച്ചെന്നും തിരുപ്പതി അര്‍ബന്‍ പൊലീസ് മേധാവി രമേശ് റെഡ്ഡി പറഞ്ഞു.
ശ്രീകാന്ത് സ്യൂട്ട് കേസുമായി അപ്പാര്‍ട്‌മെന്റില്‍ എത്തുന്നതിന്റെയും പിന്നീടു സ്യൂട്ട് കേസും ഉരുട്ടിക്കൊണ്ടു പുറത്തേക്കു പോകുന്നതിന്റെയും സിസിടിവി ദൃശ്യങ്ങള്‍ പൊലീസിനു ലഭിച്ചിട്ടുണ്ട്.