ബംഗളൂരു: ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിച്ചു കൊണ്ടുള്ള അധ്യായങ്ങള്‍ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാനുള്ള ആലോചനയിലാണ് സര്‍ക്കാരെന്ന് കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പ. നിലവിലുള്ള ചരിത്രങ്ങള്‍ മാറ്റി ഏകാധിപതിയും ഹിന്ദു വിരുദ്ധനുമാക്കി ടിപ്പുവിനെ മാറ്റി എഴുതി പുസ്തകം പുന:പ്രസിദ്ധീകരിക്കാനാണ് യെദ്യൂരപ്പ സര്‍ക്കാര്‍ ശ്രമിക്കുന്നത്.
ടിപ്പു സുല്‍ത്താന്‍, ടിപ്പു ജയന്തി എന്നിവയുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും സര്‍ക്കാര്‍ എടുത്തുകളയുമെന്നും യെദ്യൂരപ്പ പറഞ്ഞു.
‘ടിപ്പു സുല്‍ത്താന്റെ ചരിത്രം പുസ്തകങ്ങളില്‍ നിന്ന് നീക്കം ചെയ്യാന്‍ ഞങ്ങള്‍ ആലോചിക്കുകയാണ്. ഇത്തരം കാര്യങ്ങള്‍ നടക്കാന്‍ ഞങ്ങള്‍ അനുവദിക്കില്ല. ഞങ്ങള്‍ എല്ലാം പിന്‍വലിക്കാന്‍ പോകുന്നു’യെദ്യൂരപ്പ ബെംഗളൂരുവില്‍ പറഞ്ഞു.
നേരത്തെ ടിപ്പു സുല്‍ത്താനെ പ്രകീര്‍ത്തിക്കുന്ന പാഠഭാഗങ്ങള്‍ നീക്കണമെന്നാവശ്യപ്പെട്ട് ബിജെപി എംഎല്‍എ അപ്പച്ചു രഞ്ജന്‍ രംഗത്തുവന്നിരുന്നു. എംഎല്‍എയുടെ ആവശ്യം പരിശോധിക്കാന്‍ ഉന്നത ഉദ്യോഗസ്ഥരോട് വിദ്യാഭ്യാസ മന്ത്രി സുരേഷ് കുമാര്‍ ആവശ്യപ്പെടുകയും ചെയ്തിരുന്നു. കര്‍ണാടക ടെക്സ്റ്റ് ബുക്ക് സൊസൈറ്റി മാനേജിങ് ഡയറക്ടര്‍ക്ക് ഇതുമായി ബന്ധപ്പെട്ട് മന്ത്രി നിര്‍ദ്ദേശം നല്‍കുകയും ചെയ്തിരുന്നു.
അതേസമയം, സര്‍ക്കാരിന്റെ നീക്കത്തിനെതിരെ പ്രതിപക്ഷം രംഗത്തെത്തി. സ്വാതന്ത്ര്യത്തിന് വേണ്ടി ബ്രിട്ടീഷുകാര്‍ക്കെതിരെ പോരാടിയ ടിപ്പുവിന്റെ ചരിത്രത്തെ പാഠപുസ്തകങ്ങളില്‍ നിന്ന് നീക്കാനുള്ള ശ്രമമാണ് ബിജെപി നടത്തുന്നതെന്ന് മുന്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ സിദ്ധരാമയ്യ കുറ്റപ്പെടുത്തി. സ്വാതന്ത്ര്യ സമര പോരാട്ടത്തില്‍ ടിപ്പു നല്‍കിയ സംഭാവനകളെക്കുറിച്ച് വരുംതലമുറ അറിഞ്ഞിരിക്കേണ്ടതാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.