X

ബ്രിട്ടീഷുകാര്‍ക്കെതിരെ പടപൊരുതിയ സുല്‍ത്താനാണ് ടിപ്പുവെന്ന് സിദ്ധരാമയ്യ

ബംഗളൂരു: ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിക്കുന്നത് നിര്‍ത്തിവെച്ച ബി.ജെ.പി നടപടിക്കെതിരെ പ്രതികരണവുമായി കോണ്‍ഗ്രസ് നേതാവ് സിദ്ധരാമയ്യ. ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ സുല്‍ത്താന്‍ എന്ന നിലയില്‍ തുടങ്ങിയ ആഘോഷമാണ് ടിപ്പു ജയന്തി എന്ന് സിദ്ധരാമയ്യ പറഞ്ഞു.

ബ്രിട്ടീഷുകാര്‍ക്കെതിരെ പൊരുതിയ ആള്‍ എന്ന നിലയില്‍ കര്‍ണാടക ജനത അത് അംഗീകരിച്ചു. രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിന് വേണ്ടി പൊരുതിയ ആദ്യ സ്വാതന്ത്ര്യ സമര സേനാനിയായാണ് ടിപ്പു സുല്‍ത്താനെ താന്‍ കാണുന്നതെന്നും സിദ്ധരാമയ്യ പറഞ്ഞു.

ന്യൂനപക്ഷ വിഭാഗത്തില്‍ നിന്നുള്ളയാളായത് കൊണ്ടാണ് ബി.ജെ.പി ടിപ്പു സുല്‍ത്താന്‍ ജയന്തി അവസാനിപ്പിച്ചത്. ബി.ജെ.പി ന്യൂപക്ഷങ്ങള്‍ക്ക് എതിരാണ്. അവര്‍ മതേതരവാദികള്‍ അല്ലെന്നും അതിനെ താന്‍ എതിര്‍ക്കുന്നുവെന്നും മുന്‍ മുഖ്യമന്ത്രി വ്യക്തമാക്കി.

2015ല്‍ സിദ്ധരാമയ്യയുടെ നേതൃത്വത്തിലുള്ള കോണ്‍ഗ്രസ് സര്‍ക്കാരാണ് വാര്‍ഷികാഘോഷമായി ടിപ്പു സുല്‍ത്താന്‍ ജയന്തി ആഘോഷിച്ചുതുടങ്ങിയത്. ഇത് ന്യൂനപക്ഷ പ്രീണനമാണെന്ന് ആരോപിച്ച് ബിജെപി അന്നുമുതല്‍ എതിര്‍പ്പുമായി രംഗത്തുണ്ടായിരുന്നു.

മുഖ്യമന്ത്രി ബി.എസ് യെദിയൂരപ്പയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ടിപ്പു ജയന്തി ഇനിമുതല്‍ ആഘോഷിക്കേണ്ടതില്ലെന്ന് തീരുമാനമെടുത്തത്. ആഘോഷം റദ്ദാക്കിയെന്നറിയിച്ച് സാംസ്‌കാരിക വകുപ്പ് സര്‍ക്കുലറും പുറത്തിറക്കി. എല്ലാ വര്‍ഷവും നവംബറിലാണ് ആഘോഷം നടത്തിയിരുന്നത്.

web desk 1: