X
    Categories: CultureMore

മരിച്ചത് ശശി കപൂര്‍; ശശി തരൂരിന് പണി കൊടുത്ത് ടൈംസ് നൗ

സംവിധായകനും നടനുമായ ശശി കപൂറിന്റെ മരണം ബോളിവുഡിലും ദേശീയ മാധ്യമങ്ങളിലും വലിയ ചര്‍ച്ചാ വിഷയമായിരുന്നു. 79-കാരനായ കപൂറിന് ആരാധകരും സെലിബ്രിറ്റികളുമെല്ലാം ആദരാഞ്ജലി അര്‍പ്പിക്കുന്നതിനിടെ, ഇംഗ്ലീഷ് ചാനലുകളായ ടൈംസ് നൗവും ന്യൂസ് എക്‌സും കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെ ‘മരിപ്പിച്ചു’. ശശി കപൂറിന്റെ മരണ വാര്‍ത്ത സംബന്ധിച്ചുള്ള ട്വീറ്റിലായിരുന്നു ടൈംസിന്റെ അബദ്ധമെങ്കില്‍ ടി.വി സ്‌ക്രീനില്‍ തന്നെയാണ് ന്യൂസ് എക്‌സ് തെറ്റു വരുത്തിയത്.

സംവിധായകന്‍ മധുര്‍ ഭണ്ഡാര്‍ക്കര്‍ അനുശോചനം രേഖപ്പെടുത്തിയ വാര്‍ത്ത ട്വിറ്ററില്‍ പ്രസിദ്ധീകരിച്ചപ്പോഴാണ് ടൈംസ് നൗ ശശി കപൂര്‍ എന്നതിനു പകരം ശശി തരൂര്‍ എന്ന് രേഖപ്പെടുത്തിയത്. മിനുട്ടുകളോളം ഈ ട്വീറ്റ് ട്വിറ്ററിലുണ്ടായിരുന്നു. ഒടുവില്‍ ടൈംസ് ട്വീറ്റ് പിന്‍വലിക്കുകയും ശശി തരൂരിനോട് മാപ്പപേക്ഷ നടത്തുകയും ചെയ്തു.

മരണത്തില്‍ അനുശോചിച്ചു കൊണ്ട് നിരവധി പേര്‍ തന്റെ ഓഫീസില്‍ വിളിച്ചെന്നും തന്റെ മരണ വാര്‍ത്ത അതിശയോക്തിപരവും അസമയത്തുള്ളതുമാണെന്നും ശശി തരൂര്‍ പ്രതികരിച്ചു. ടൈപ്പ് ചെയ്തതില്‍ പിഴവ് സംഭവിച്ചതാണെന്നും തരൂരിന് ആരോഗ്യ ജീവിതം നേരുന്നതായും ചാനല്‍ വ്യക്തമാക്കി. ടൈംസ് നൗവിന്റെ മാപ്പപേക്ഷ അദ്ദേഹം സ്വീകരിക്കുകയും ചെയ്തു.

എന്നാല്‍, ട്വിറ്റര്‍ അടക്കമുള്ള സോഷ്യല്‍ മീഡിയ ശക്തമായ ഭാഷയിലാണ് ടൈംസിന്റെ ‘പിഴവി’നോട് പ്രതികരിച്ചത്. വിവിധ വിഷയങ്ങളില്‍ ശശി തരൂരിനോടുള്ള ചാനലിന്റെ എതിര്‍പ്പാണ് പിഴവിന്റെ രൂപത്തില്‍ പുറത്തുവന്നത് എന്നും ഒരു മരണം പോലും സെന്‍സേഷണല്‍ ആക്കാനാണ് ചാനലിന്റെ ശ്രമമെന്നും സോഷ്യല്‍ മീഡിയ പ്രതികരിച്ചു.

ചന്ദ്രിക വെബ് ഡെസ്‌ക്‌: