ലോകത്തെ കണ്ണീരിലാഴ്ത്തി സമൂഹമാധ്യമങ്ങളിലൂടെയും മറ്റും പ്രചരിച്ച രണ്ടു വയസ്സുകാരിയുടെ ചിത്രം വ്യാജമാണെന്ന് വെളിപ്പെടുത്തി കുട്ടിയുടെ പിതാവ് രംഗത്ത്. ഹോണ്ടുറാസ് പൗരനായ ഡെനീസ് ഹെവിക് വരേലയാണ് രംഗത്തുവന്നത്. ഡെയ്‌ലി മെയിലിനു നല്‍കിയ അഭിമുഖത്തിലാണ് ചിത്രത്തിന്റെ സത്യാവസ്ഥ ഡെനിസ് വ്യക്തമാക്കിയത്. തന്റെ ഭാര്യ സാന്ദ്രയും രണ്ടു വയസുകാരി മകള്‍ യനേലയും ടെക്‌സസിലെ ഷെല്‍ട്ടര്‍ഹോമിലുണ്ടെന്ന് അദ്ദേഹം പറഞ്ഞു. എന്നാല്‍ ഇതുവരെയും അവരെ ബന്ധപ്പെടാന്‍ സാധിച്ചിട്ടില്ലെന്നും ഡെനിസ് പറഞ്ഞു.
മെച്ചപ്പെട്ട ജീവിത സാഹചര്യങ്ങള്‍ തേടി ഹോണ്ടുറാസില്‍ നിന്ന് അമേരിക്കയിലേക്ക് കടക്കാന്‍ ശ്രമിച്ചപ്പോഴാണ് സാന്ദ്രയെ പൊലീസ് പിടികൂടിയത്. അവരോട് താന്‍ പോകരുതെന്ന് പറഞ്ഞിരുന്നു. എന്നാല്‍ തന്റെ എതിര്‍പ്പ് ഭയന്ന് പറയാതെയാണ് സാന്ദ്ര കുഞ്ഞിനെയും കൊണ്ടുപോയത്. ടൈം മാസികയുടെ കവര്‍ ചിത്രത്തില്‍ തന്റെ മകളെ കണ്ട് കരഞ്ഞുപോയെന്നും അവളോട് ഒന്നു യാത്ര പറയാന്‍ പോലും സാധിച്ചില്ലെന്നും ഡെനീസ് പറഞ്ഞു. യനേലയെ കൂടാതെ മൂന്നു മക്കള്‍ കൂടി ഡെനീസിനും സാന്ദ്രക്കുമുണ്ട്.
അമ്മയെ പൊലീസ് പിടിച്ചുകൊണ്ട് പോകുന്നത് കണ്ട് കരഞ്ഞു നില്‍ക്കുന്ന യനേലയെ ഗെറ്റി ഫോട്ടോഗ്രാഫര്‍ ജോണ്‍ മൂര്‍ പകര്‍ത്തുകയായിരുന്നു. എന്നാല്‍ ടൈം മാസികയുടെ കവര്‍ ചിത്രം കണ്ട് ഫോട്ടോയെടുത്ത മൂര്‍ തന്നെ അമ്പരന്നു പോയി. കരഞ്ഞു കൊണ്ട് നില്‍ക്കുന്ന രണ്ടു വയസുകാരിയെയും മറുഭാഗത്ത് താഴേക്ക് കുനിഞ്ഞ് കുട്ടിയെ നോക്കുന്ന ഭാവത്തില്‍ ട്രംപിനെയുമാണ് ടൈം കവര്‍ ചിത്രമായി നല്‍കിയത്. വെല്‍കം ടു അമേരിക്ക എന്ന ക്യാപ്ഷനിലായിരുന്നു മാസികയുടെ കവര്‍. അമ്മയില്ലാതെ കരഞ്ഞു നില്‍ക്കുന്ന യനേല ലോകത്തെ കരയിച്ചു. തുടര്‍ന്ന് മാതാപിതാക്കളില്‍ നിന്നും കുഞ്ഞുങ്ങളെ വേര്‍തിരിക്കുന്ന അമേരിക്കയുടെ സീറോ ടോളറന്‍സ് നയം ലോകവ്യാപകമായി വിമര്‍ശിക്കപ്പെടുകയും ചെയ്തു. ഇതേത്തുടര്‍ന്ന് നയത്തില്‍ പ്രകടമായ മാറ്റങ്ങള്‍ വരുത്താന്‍ ട്രംപ് ഭരണകൂടം നിര്‍ബന്ധിതമാകുകയായിരുന്നു. കുടുംബാംഗങ്ങളെ വേര്‍പിരിക്കുന്ന നയം ഒഴിവാക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
എന്നാല്‍ വാര്‍ത്തയുടെ സത്യാവസ്ഥ മറ്റൊന്നായിരുന്നു. യനേല അമ്മയുമായി പിരിഞ്ഞിരുന്നില്ല. അമ്മക്കൊപ്പം യനേലയെയും ഷെല്‍ട്ടര്‍ഹോമിലേക്ക് മാറ്റുകയാണുണ്ടായത്. ട്രംപിന്റെ നയമാറ്റത്തിനു വേണ്ടി ചിത്രം ഉപയോഗിക്കുകയായിരുന്നുവെന്നാണ് പരക്കെയുള്ള ആക്ഷേപം. സത്യാവസ്ഥയെന്താണെന്ന് ഫോട്ടോ പകര്‍ത്തുമ്പോള്‍ തനിക്ക് മനസ്സിലായിരുന്നില്ലെന്ന് ജോണ്‍ മൂര്‍ പറഞ്ഞു. കുടിയേറ്റം വ്യാപകമായ യു.എസ് മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ നിന്നാണ് ചിത്രം പകര്‍ത്തിയത്. ഗെറ്റി ഇമേജസിനു വേണ്ടി ക്യാപ്ഷന്‍ സഹിതമാണ് താന്‍ ചിത്രം നല്‍കിയത്. അമ്മയും കുഞ്ഞും വേര്‍പിരിയാന്‍ സാധ്യതയുണ്ടെന്നാണ് താന്‍ ക്യാപ്ഷനായി നല്‍കിയത്. എന്നാല്‍ പിന്നീട് സംഭവിച്ചത് തനിക്കറിയില്ലെന്നും മൂര്‍ പറഞ്ഞു. പുലിറ്റ്‌സര്‍ പുരസ്‌കാര ജേതാവായ മൂര്‍ വര്‍ഷങ്ങളായി യുഎസ്-മെക്‌സിക്കന്‍ അതിര്‍ത്തിയില്‍ കുടിയേറ്റക്കാരുടെ ചിത്രം പകര്‍ത്തി വരികയാണ്.