X

പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ സമയോചിത ഇടപെടല്‍; ഇന്ത്യന്‍ പൗരന്മാരുടെ യാത്രാവിലക്കിന് പരിഹാരം

മലപ്പുറം: സഊദി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ കോവിഡ് മാനദണ്ഡങ്ങള്‍ കാരണം നാടുകടത്തല്‍ കേന്ദ്രങ്ങളില്‍ കുടുങ്ങിയ 600 -ഓളം ഇന്ത്യന്‍ പൗരന്മാരുടെ പ്രശ്നങ്ങള്‍ക്ക് പി.വി അബ്ദുല്‍ വഹാബ് എം.പിയുടെ ഇടപെടലില്‍ പരിഹാരം. പ്രശ്നം പരിഹരിച്ചതായി വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ അറിയിച്ചതായി പി.വി അബ്ദുല്‍ വഹാബ് എം.പി പറഞ്ഞു. ഗള്‍ഫ് രാജ്യങ്ങളില്‍ താമസിക്കുന്ന പൗരന്മാരെ തിരികെ കൊണ്ടുവരാന്‍ സര്‍ക്കാരിന്റെ അടിയന്തര ഇടപെടല്‍ ആവശ്യപ്പെട്ട് എം.പി നേരത്തെ രാജ്യസഭയില്‍ വിഷയം ഉന്നയിച്ചിരുന്നു.വിദേശത്ത് താമസിക്കുന്നവര്‍ ഉള്‍പ്പെടെയുള്ള ഇന്ത്യക്കാരുടെ ക്ഷേമത്തിനാണ് സര്‍ക്കാര്‍ ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കുന്നതെന്ന് വിദേശകാര്യ മന്ത്രി എസ് ജയശങ്കര്‍ വ്യക്തമാക്കി.

തടവുകാര്‍ നെഗറ്റീവ് ആര്‍.ടി.പി.സി.ആര്‍ റിപ്പോര്‍ട്ട് കൈവശം വച്ചാല്‍ എയര്‍-സുവധ പോര്‍ട്ടലില്‍ സര്‍ട്ടിഫിക്കറ്റ് അപ്‌ലോഡ് ചെയ്യുന്നതില്‍ നിന്നുള്ള ഒഴിവാക്കലിന് ആരോഗ്യ മന്ത്രാലയത്തിനും സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിനും ഒരേസമയം അംഗീകാരം നല്‍കിയതായും കേന്ദ്ര മന്ത്രി എം.പിയെ അറിയിച്ചു. എംബസി ആവശ്യപ്രകാരം നാടുകടത്തപ്പെട്ടവരെ സ്ഥിരമായി നാട്ടിലെത്തിക്കുന്നത് സഊദി എയര്‍ലൈന്‍സ് സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. വിഷയത്തിന് അര്‍ഹമായ പ്രാധാന്യം നല്‍കി ഉടനടി പരിഹാരം കണ്ടതിന് വിദേശകാര്യ മന്ത്രാലയത്തോട് അബ്ദുല്‍ വഹാബ് എം.പി നന്ദി അറിയിച്ചു. ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയില്‍ ഒഴിച്ചുകൂടാനാവാത്ത സംഭാവനകള്‍ നല്‍കുന്ന ഗള്‍ഫ് രാജ്യങ്ങളിലെ പ്രവാസികളുടെ ക്ഷേമത്തിനായി താന്‍ തുടര്‍ന്നും ഇടപെടുമെന്ന് അദ്ദേഹം പറഞ്ഞു.

Test User: