X

ആര്‍ക്കറിയാം ആര് ഭരണത്തിലെത്തുമെന്ന്? കാലമെല്ലാം പറയും; ഒടുവില്‍ ട്രംപ് വഴങ്ങുന്നു

വാഷിങ്ടണ്‍: പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ ആദ്യമായി തോല്‍വി അംഗീകരിക്കുന്ന തരത്തിലുള്ള പ്രസ്താവന നടത്തി ഡൊണാള്‍ഡ് ട്രംപ്. ഭാവിയില്‍ എന്തു സംഭവിക്കുമെന്നോ, ഏതു ഭരണകൂടം വരുമെന്നോ അറിയില്ലെന്നും കാലം എല്ലാം പറയുമെന്നും ട്രംപ് പറഞ്ഞു. തോല്‍വി അംഗീകരിക്കാത്ത തരത്തിലുള്ള പ്രതികരണങ്ങള്‍ ഇതുവരെ നടത്തിയ ട്രംപിന്റെ ഭാഗത്തു നിന്ന് ആദ്യമായാണ് ഇത്തരത്തില്‍ ഒരു പ്രസ്താവന.

കോവിഡ് വാക്‌സിനുമായി ബന്ധപ്പെട്ട് വൈറ്റ് ഹൗസിലെ റോസ് ഗാര്‍ഡനില്‍ വിളിച്ചു ചേര്‍ത്ത വാര്‍ത്താ സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു ട്രംപ്.

‘നമ്മള്‍ ഇനിയൊരിക്കലും ലോക്ക്ഡൗണിലേക്ക് പോവില്ല. ഞാനെന്തായാലും പോവില്ല. ഈ ഭരണം അത്തരമൊരു തീരുമാനത്തിലേക്ക് പോകില്ല. ഭാവിയിലെന്താണ് നടക്കാന്‍ പോകുന്നതെന്ന് ആര്‍ക്കറിയാം. ആരാണ് ഭരണത്തിലുണ്ടാവുകയെന്നും. എനിക്ക് തോന്നുന്നു കാലം അതിനെല്ലാം ഉത്തരം നല്‍കും’- എന്നായിരുന്നു ട്രംപിന്റെ വാക്കുകള്‍.

അതിനിടെ, പ്രസിഡണ്ട് തെരഞ്ഞെടുപ്പില്‍ 306 ഇലക്ടോറല്‍ വോട്ടുകള്‍ നേടി ഡെമോക്രാറ്റിക് സ്ഥാനാര്‍ത്ഥി ജോ ബൈഡന്‍ അപ്രമാദിത്വം നിലനിര്‍ത്തി. ഡൊണാള്‍ഡ് ട്രംപിന് 232 ഇലക്ടോറല്‍ വോട്ടുകള്‍ മാത്രമാണ് കിട്ടിയത്. പരമ്പരാഗതമായി റിപ്പബ്ലിക്കന്‍ പാര്‍ട്ടിക്ക് ഒപ്പം നില്‍ക്കുന്ന ജോര്‍ജിയ, അരിസോണ അടക്കമുള്ള പ്രദേശങ്ങള്‍ കീഴടക്കിയാണ് ബൈഡന്‍ വിജയിച്ചത് എന്ന് സിഎന്‍എന്‍, എബിസി വാര്‍ത്താ നെറ്റ്വര്‍ക്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

2016ല്‍ ഹിലരി ക്ലിന്റണെ തോല്‍പ്പിച്ച വേളയില്‍ ട്രംപ് നേടിയതും 306 വോട്ടാണ്. യുഎസ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത് പ്രകാരം നോര്‍ത്ത് കരോലിയില്‍ ട്രംപ് വിജയിച്ചു. ഇതോടെയാണ് യുഎസ് പ്രസിഡണ്ടിന്റെ വോട്ടുകളുടെ എണ്ണം വര്‍ധിച്ചത്. 270 വോട്ടുകളാണ് ഭൂരിപക്ഷത്തിനു വേണ്ടത്.

Test User: